2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ക്രിമിനലുകളെ നിരീക്ഷിക്കാന്‍ സോഫ്റ്റുവെയറുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

കരൂപ്പടന്ന: വള്ളിവട്ടം യുണിവേഴ്‌സല്‍ എന്‍ജിനീയറിങ് കോളജിലെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗം വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ‘ലാറസ്’ സോഫ്റ്റ്‌വെയര്‍ സൈബര്‍, വീഡിയോ അനലിറ്റിക് രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഫീച്ചറുകളുടെ വലിയൊരു സമുച്ചയമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സ്, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ എന്നീ ഫീച്ചറുകളുടെ സഹായത്തോടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ കാമറയുടെ സഹായത്തോടെ നിരീക്ഷിച്ച് അതില്‍ സംശയാസ്പദമായ സവിശേഷതകളുള്ള വ്യക്തികളെ പ്രത്യേകം നിരീക്ഷിച്ചു വിശകലനം ചെയ്തു പൊലിസിലേക്കോ ബന്ധപ്പെട്ട അധികാരികളിലേക്കോ ഓഡിയോ, വീഡിയോ അലെര്‍ട്ട് മെസ്സേജ് വഴി കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പരീക്ഷണങ്ങളില്‍ ചൈല്‍ഡ് മിസ്സിങ്, സ്ത്രീസുരക്ഷാ, എ.ടി.എം റോബറി, അതീവ സുരക്ഷാ മേഖലകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, വ്യവസായ ശാലകള്‍, ഹോം സെക്യൂരിറ്റി വിഭാഗങ്ങളില്‍ വളരെ കുറഞ്ഞ ചെലവില്‍ ഫലപ്രദമായി സുരക്ഷയൊരുക്കുവാന്‍ സാധിക്കും. പൊലിസിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന ഈ സോഫ്റ്റ്‌വെയര്‍ പൊലിസ് മേധാവികളെ പരിചയപ്പെടുത്തിയിട്ടുണ്ട്. കുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. തീര്‍ത്തും മനുഷ്യരഹിതമായ പ്രവര്‍ത്തനവും അണ്‍ലിമിറ്റഡ് സ്റ്റോറേജ് കപ്പാസിറ്റിയുമാണ് ലാറസിനെ ശ്രദ്ധേയമാക്കുന്നത്. കോളജ് സ്വയംസംരംഭകത്വ സെല്ലിന്റെ സഹകരണത്തോടെ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗമായി കമ്പനിയായി രജിസ്റ്റര്‍ ചെയ്യാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. ഇത്തരത്തിലുള്ള അഞ്ചു കമ്പനികളാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗമായി കോളജ് തുടക്കം കുറിച്ചിട്ടുള്ളത്. കോഴിക്കോട് എന്‍.ഐ.ടിയില്‍ വെച്ച് നടന്ന ‘ഇന്റ്റര്‍ഫേസ് 2018’ല്‍ ബെസ്റ്റ് അപ്പ് കമിങ് സ്റ്റാര്‍ട്ടപ്പ് ആയി ലാറസ് തെരഞ്ഞെടുത്തു. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജില്‍ വെച്ച് നടന്ന ‘ഐഡിയ പിച്ചിങ്’ മത്സരത്തില്‍ ലാറസ് മികച്ച പ്രൊജക്ടിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. കംപ്യൂട്ടര്‍ വിഭാഗം മേധാവി ഡോ. വിന്‍സ് പോളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ മുഹമ്മദ് സാക്കിര്‍, മനുകൃഷ്ണ, മുഹമ്മദ് ഫയാസ്, പവിന്‍ കൃഷ്ണ എന്നീ വിദ്യാര്‍ഥികള്‍ നടത്തിയ ഗവേഷണത്തിലാണ് ലാറസ് രൂപം കൊണ്ടത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.