2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കോവളത്ത് യുവാവിനെ കടലില്‍ വീണ് കാണാതായി

കോവളം: തീരത്ത് ഫുട്‌ബോള്‍ കളികഴിഞ്ഞ് കാല്‍ കഴുകുന്നതിനിടെ ശക്തമായ തിരയടിയില്‍പ്പെട്ട് കടലില്‍ വീണ യുവാവിനെ കാണാതായി.
വിഴിഞ്ഞം ഹാര്‍ബര്‍ വലിയവിള മുസ്‌ലിം കോളനിയില്‍ സഫാനി മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്‍-നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ അജ്മല്‍ ഖാന്‍ (19) നെ ആണ് കാണാതായത്. വിഴിഞ്ഞം ഇന്‍സ്പക്ഷന്‍ ബംഗ്ലാവിനു സമീപത്തെ വലിയ മണല്‍ ബീച്ചില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
രാവിലെ ആറു മണിയോടെ സുഹൃത്തുക്കളുമൊത്ത് വലിയ മണല്‍ ബീച്ചിലെ ഫുട്‌ബോള്‍ കളിച്ച ശേഷം കാലു കഴുകുന്നതിനിടെ കൂറ്റന്‍ തിരയില്‍പ്പെട്ട് കടലിലകപ്പെടുകയായിരുന്നു. ഉടന്‍ കൂടെ ഉണ്ടായിരുന്ന ജലീല്‍, അബ്ദുളള, ഷംനാദ് എന്നിവര്‍ കടലിലേയ്ക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കരയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സമീപത്തെ സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാര്‍ഡ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു തീരദേശ പൊലിസിന്റെ പട്രോള്‍ ബോട്ടുകള്‍, മത്സ്യത്തൊഴിലാളികളിലെ മുങ്ങല്‍ വിദഗ്ധര്‍എന്നിവരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിഴിഞ്ഞം സി.ഐ കെ.ആര്‍.ബിജു, കോവളം എസ്.ഐ.അജയകുമാര്‍, തീരദേശ പൊലിസ് എസ്.ഐ.സുരേഷ്‌കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ നിസാ ബീഗം എന്നിവരുടെ മേല്‍നോട്ടതില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. തുറമുഖ വകുപ്പിന്റെ കൊല്ലത്തെ ഡൈവര്‍ വിംഗിന്റെയും തീരദേശ സേനയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഴിഞ്ഞം കോസ്റ്റല്‍ പൊലിസിന്റെ രണ്ട് പട്രോള്‍ ബോട്ടുകളും മത്സ്യതൊഴിലാളികളും കോവളത്തെ മുങ്ങല്‍ തൊഴിലാളികളും തിരച്ചില്‍ നടത്തിവരികയാണെന്നും സി.ഐ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.