2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കോഴി ഉത്പാദന കുത്തക കമ്പനികള്‍ കേരളത്തിലേക്ക്; ഫാമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

സിപി സുബൈര്‍

മലപ്പുറം: ജി.എസ്.ടിയുടെ വരവോടെ രാജ്യത്തെ വമ്പന്‍ ഇറച്ചിക്കോഴി ഉത്പാദക കമ്പനികള്‍ കേരളത്തില്‍ ചുവടുറപ്പിക്കുന്നു. മുട്ട വിരിയിക്കുന്നതുമുതല്‍ ഉപഭോക്താവിന് കോഴി ലഭ്യമാകുന്ന റീട്ടെയില്‍ ഷോപ്പ് വരെയുള്ള കമ്പനികളാണ് കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.
എല്ലാ മേഖലയിലും മേല്‍ക്കോയ്മ നേടി സംസ്ഥാനത്തെ കോഴിവിലയും വില്‍പനയും വരുതിയിലാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി കോഴിക്കുഞ്ഞുങ്ങളുടെയും വിരിയിക്കുന്ന മുട്ടയുടെയും വില കുത്തനെ കൂട്ടി.
നിലവില്‍ രാജ്യത്തെ 80 ശതമാനം കോഴിക്കുഞ്ഞുങ്ങളും മുട്ടയും വിതരണം ചെയ്യുന്നത് പൂനെ ആസ്ഥാനമായ വെങ്കിടേശ്വര ഹാച്ചറി( വി.എച്ച്.എല്‍)യാണ്. ഇവര്‍ തമിഴ്‌നാട് ബ്രോയിലര്‍ കോഡിനേഷന്‍ കമ്മിറ്റി വഴിയാണ് കുഞ്ഞുങ്ങളെ നല്‍കുന്നത്. നിലവില്‍ കോഴിവില നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കും ഇവര്‍ക്കാണ്. സംസ്ഥാനത്തെ വില പിടിച്ചുനിര്‍ത്തുന്നതില്‍ കേരളത്തിലെ കര്‍ഷകര്‍ ചെലുത്തുന്ന സ്വാധീനമാണ് ഇനി ഇല്ലാതാകാന്‍ പോകുന്നത്.
ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് ഇന്നലെ 49 മുതല്‍ 51 രൂപ വരെയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 35 രൂപയായിരുന്നു. ഒറ്റയടിക്കാണ് 16 രൂപയുടെ വര്‍ധനവ്. ഇതിനുമുമ്പ് ഏറ്റവും ഉയര്‍ന്ന വില 41 രൂപയായിരുന്നു. ഇതോടെ കോഴിക്കുഞ്ഞിറക്കാതെ ഫാമുകളെല്ലാം ഒഴിഞ്ഞ അവസ്ഥയാണ്. ഒരു ദിവസം പ്രായമായ കുഞ്ഞിനെ 49 രൂപയ്ക്ക് വാങ്ങി 40 ദിവസം വളര്‍ത്തി വില്‍പ്പനയ്ക്ക് പാകമാകുമ്പോള്‍ ഉത്പാദനച്ചെലവായ 76 രൂപ പോലും കര്‍ഷകര്‍ക്ക് ലഭിക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഫാമില്‍ നിന്ന് കിലോയ്ക്ക് 60 രൂപയില്‍ താഴെയാണ് വില്‍പന നടന്നത്. ഉത്പാദനച്ചെലവ് കണക്കാക്കി വില്‍പന നടത്തിയാല്‍ അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടില്‍നിന്ന് കോഴികളെത്തും. കോഴിമുട്ട വാങ്ങി വിരിയിച്ചെടുത്തിരുന്ന കര്‍ഷകരും ഇപ്പോള്‍ വെട്ടിലാണ്.
നേരത്തെ വിരിയിക്കാനുള്ള ഒരു മുട്ടയ്ക്ക് എട്ടുരൂപയായിരുന്നു വില. എന്നാലിത് 28 രൂപയായാണ് വര്‍ധിപ്പിച്ചത്. മുട്ട വാങ്ങി വിരിയിച്ചെടുത്താല്‍ 80 ശതമാനം മാത്രമാണ് വിരിഞ്ഞിറങ്ങുക. ഇതോടെ കുഞ്ഞുങ്ങളെ വാങ്ങുന്ന വിലയ്‌ക്കെടുത്ത് വിരിയിക്കുന്ന ചെലവുമെത്തും. എറണാകുളത്തെ പെരുമ്പാവൂര്‍, മണ്ണാര്‍കാട്, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കുത്തക കമ്പനികളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത്. കേരളത്തില്‍ ആകെ മൂന്ന് ലക്ഷം കോഴി ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്.
87 രൂപയ്ക്ക് കോഴി നല്‍കണമെന്ന തീരുമാനം നടപ്പാക്കിയപ്പോള്‍ ചെറിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്ന നാല്‍പത് ശതമാനത്തോളം ഫാമുകളും പൂട്ടി. പുതിയ തീരുമാനത്തോടെ ബാക്കി ഫാമുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കോഴിക്കുഞ്ഞിനും കോഴിത്തീറ്റയ്ക്കും സബ്‌സിഡി നല്‍കുകയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹാച്ചറികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയോ ചെയ്താല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.