2018 July 02 Monday
വിജയിക്കണമെന്ന് നിശ്ചയിക്കുകയാണ് പരാജയപ്പെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗം
ഷെറിഡെന്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുഴുവന്‍ സീറ്റുകള്‍ക്കും സ്ഥിരാനുമതി

തിരുവനന്തപുരം: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ 250 എം.ബി.ബി.എസ് സീറ്റുകള്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാനുമതി. മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കുറവുള്ള അധ്യാപകരെ നിയമിക്കുകയും എം.സി.ഐ നിര്‍ദേശിച്ചപ്രകാരമുള്ള മറ്റ് സൗകര്യങ്ങള്‍ കോളജില്‍ ഒരുക്കുകയും ചെയ്തിരുന്നു.
250 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ക്ലാസ് മുറികള്‍, മികച്ച ലൈബ്രറി സൗകര്യം, ഹോസ്റ്റല്‍, പരീക്ഷ നടത്താനുള്ള സൗകര്യം, അധ്യാപക-വിദ്യാര്‍ഥി അനുപാതം എന്നിവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് എം.സി.ഐ 250 സീറ്റുകള്‍ക്കും സ്ഥിരാനുമതി നല്‍കിയത്. നേരത്തെയുണ്ടായിരുന്ന 200 സീറ്റില്‍നിന്ന് 250 സീറ്റായി എം.സി.ഐ വര്‍ധിപ്പിച്ചിരുന്നെങ്കിലും സ്ഥിരാനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ഓരോ വര്‍ഷവും എം.സി.ഐ സംഘം പരിശോധന നടത്തിയാണ് ആ വര്‍ഷത്തെ അംഗീകാരം നല്‍കിയിരുന്നത്.
കേരളത്തിലെ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. അധിക സീറ്റിന് അംഗീകാരം ലഭിക്കുമോയെന്ന രക്ഷാകര്‍ത്താക്കളുടേയും വിദ്യാര്‍ഥികളുടേയും ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.
കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലുമായി മൊത്തത്തില്‍ 1300 സീറ്റുകളാണുള്ളത്. കോട്ടയം മെഡിക്കല്‍ കോളജിലെ നിലവിലെ 100 സീറ്റിന് പുറമേ 50 സീറ്റിന് കൂടി ഈ വര്‍ഷം എം.സി.ഐയുടെ സ്ഥിരാനുമതി ലഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.