2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കോഴിക്കോട്ട് ജ്വല്ലറിയില്‍ അഗ്നിബാധ

കോഴിക്കോട്: നഗര മധ്യത്തിലെ ജ്വല്ലറിയില്‍ തീപ്പിടിത്തം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കോഴിക്കോട് പാവമണി റോഡിലെ ലുലു ഗോള്‍ഡ് ജ്വല്ലറിയിലാണ് ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് തീപ്പിടിച്ചത്. നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി.
നാലു നിലകളുള്ള ജ്വല്ലറിയുടെ നാലാം നിലയിലെ കാന്റീനില്‍ നിന്നാണു തീപ്പൊരി ചിതറിയാണ് അഗ്നിബാധയുണ്ടായത്. തീ പടരുന്നതു കണ്ടയുടന്‍ ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കെട്ടിടം മുഴുവന്‍ പുകയില്‍ മുങ്ങുകയായിരുന്നു. തീ അണഞ്ഞെന്നു കരുതി ജീവനക്കാര്‍ മാറി നിന്നെങ്കിലും പുക ഉയരാന്‍ തുടങ്ങിയതോടെ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടോടെ ബീച്ചില്‍ നിന്നു ഒരു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം സംഭവ സ്ഥലത്തെത്തിയെങ്കിലും പുക നിറഞ്ഞതിനാല്‍ കെട്ടിടത്തിനകത്തേക്ക് കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബീച്ചില്‍ നിന്ന് രണ്ടു യൂനിറ്റുകള്‍ കൂടി സ്ഥലത്തെത്തി.
സംഭവ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരെയും സ്വര്‍ണം വാങ്ങാനെത്തിയവരെയും പുറത്തെത്തിച്ച ഫയര്‍ ഫോഴ്‌സ് സംഘം തീ അണയ്ക്കാനായി മുകളിലെ നിലയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പുക നിറഞ്ഞതിനാല്‍ കയറാന്‍ സാധിച്ചില്ല.
തുടര്‍ന്നു കെട്ടിടത്തിന്റെ പുറകിലുള്ള എമര്‍ജന്‍സി എക്‌സിറ്റ് വഴി പുക ഉയര്‍ന്ന മൂന്നാം നിലയിലേക്ക് വെള്ളം ചീറ്റിയെങ്കിലും തീയുടെ ഉത്ഭവം കണ്ടെത്താനായില്ല. പിന്നീട് ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും മലപ്പുറത്തു നിന്നും 14ഓളം യൂനിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.