2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കോള്‍പാടത്ത് കുടുംബത്തിലെ രണ്ടുപേര്‍ മുങ്ങി മരിച്ചു

 

അന്തിക്കാട്(തൃശൂര്‍): മനക്കൊടി ചേറ്റുപുഴ പാടത്ത് മീന്‍ പിടിക്കുന്നത് കാണാന്‍ പോയ സംഘം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി.
മനക്കൊടി കിഴക്കുംപുറം കണ്ണനായ്ക്കല്‍ ജോര്‍ജിന്റെ മകന്‍ സുരേഷ്(50), സഹോദരന്‍ വിന്‍സെന്റിന്റെ മകള്‍ ആന്‍ റോസ്(22) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട സുരേഷിന്റെ സഹോദരന്‍ രാജു, ഭാര്യ സിന്ധു, മരിച്ച ആന്‍ റോസിന്റെ സഹോദരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എബിന്‍ വില്‍സന്‍ എന്നിവരെയാണ് നാട്ടുകാര്‍ രക്ഷിച്ചത്.

ചേറ്റുപുഴ കോള്‍പടവിലെ മോട്ടോര്‍ ഷെഡിനു സമീപം തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. അവധിയായതിനാല്‍ പാടത്ത് വെള്ളം നിറഞ്ഞതും മീന്‍ പിടിക്കുന്നതും കാണാനാണ് ഇവര്‍ കുടുംബസമേതം വന്നത്. ബണ്ടിലൂടെ നടക്കുന്നതിനിടെ എബിന്‍ കാല്‍തെന്നി വെള്ളത്തില്‍ വീണു.
ഇതു കണ്ട സുരേഷ് രക്ഷിക്കാന്‍ ചാടി. മറ്റുള്ളവര്‍ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയും വെള്ളത്തില്‍ വീണു. നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷിച്ചത്.
ഏറെ ദൂരം ഒഴുകിപ്പോയ സുരേഷിനെ പിടിച്ച് കരയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എല്ലാവരെയും രക്ഷിച്ചെന്ന ആശ്വാസത്തില്‍ നാട്ടുകാര്‍ തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോഴാണ് ആന്റോസും വെള്ളത്തില്‍ വീണതായി മനസിലായത്. നാട്ടുകാരും അഗ്‌നിശമനസേനയും നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനിയറിങ് കോളജില്‍ ബി.ടെക് വിദ്യാര്‍ഥിനിയാണ് ആന്റോസ്. പിതാവ് വില്‍സന്‍ (കുന്നത്തങ്ങാടി കുക്കു സ്റ്റോഴ്‌സ്). പരേതയായ ജെസിയാണ് മാതാവ്. സ്റ്റെഫി റോബിന്‍ സഹോദരിയാണ്. മരിച്ച സുരേഷ് ഇലക്ട്രീഷ്യനാണ്. ഭാര്യ: ജെസി. മക്കള്‍: ഫെമി, മേഘ്‌ന മരുമകന്‍: ബിനോയ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.