2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്; ജില്ലയില്‍ വ്യാപക സംഘര്‍ഷം

തൊടുപുഴ – അടിമാലി: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപക സംഘര്‍ഷം. തൊടുപുഴയില്‍ എസ്.എഫ്.ഐ – കാംപസ് ഫണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. അല്‍ അസ്ഹര്‍ കോളജ് കാംപസില്‍ തുടങ്ങിയ സംഘര്‍ഷം ടൗണിലേക്ക് വ്യാപിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കുമ്പംകല്ല് സ്വദേശി അനസിന്റേയും സഹോദരന്‍ നവാസിന്റെയും ഇടുക്കി റോഡില്‍ ജോസ്‌ക്കോ ജൂവലറിക്ക് സമീപത്തെ തട്ടുകട ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ അനസിന്റെ മകള്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥിയായിരുന്നു. നവാസിന്റെ സഹോദരിയുടെ മകനും മര്‍ദ്ദനമേറ്റു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് കുമ്പംകല്ലില്‍ ഡി.വൈ.എഫ്.ഐ – എസ്.ഡി.പി.ഐ സംഘര്‍ഷം രാത്രി വൈകിയുടെ തുടര്‍ന്നു. വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കുമ്പംകല്ലിലെ പോപ്പുലര്‍ ജില്ലാകമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു.
അടിമാലിയില്‍ കെ.എസ്.യു – എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ പൊലിസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അടിമാലി കരികുളം പുത്തന്‍പുരയില്‍ കെ.എസ്.മൊയ്തു (47) വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അടിമാലി കാര്‍മ്മല്‍ഗിരി കോളജ് കെ.എസ്.യുവും ബസേലിയോസ് കോളജ് എസ്.എഫ്.ഐയും വിജയിച്ചു. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തുകയും സെന്‍ട്രല്‍ ജംഗ്ഷനില്‍ യോഗത്തിന് ശേഷം സംഘമായി കല്ലാര്‍കുട്ടി റോഡിലൂടെ പോകവെ കെ.എസ്.യു പ്രവര്‍ത്തകര്‍ വിജയം അഘോഷിച്ച് പ്രകടനവുമായി എത്തി. ഇതോടെ ചേരിതിരിഞ്ഞ് കൂവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
പൊലിസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടായില്ല. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്‍ഭാഗത്തെ റോഡിലൂടെ പോകുന്നതിനിടെ ചില്ല് കുപ്പികൊണ്ട് ഒരുവിഭാഗം എറിഞ്ഞത് സംഘര്‍ഷത്തിന് കാരണമായി .പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും സംഘടിച്ച് എത്തിയതോടെ വന്‍ സംഘര്‍ഷം ഉടലെടുത്തു. ഇതിനിടെ കോണ്‍ഗ്രസ് ഓഫീസ് എറിഞ്ഞു തകര്‍ത്തു. കല്ലേറിലും കുപ്പിയേറിലും സിപിഎം ഏരിയാ സെക്രട്ടറി ടി.കെ ഷാജിയുടെ കാലിനും പരിക്കുണ്ട്. സംഭവത്തില്‍ ഇരു വിഭാഗത്തിലും വരുന്ന 50 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
15 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ നിന്നും രാത്രി വൈകി കസ്റ്റഡിയിലെടുത്തു. അടിമാലി സി.ഐ പി.കെ സാബു, എസ്.ഐ അബ്ദുള്‍ സത്താര്‍ എന്നിവരുടെ നേത്യത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു.
മൂലമറ്റത്തുണ്ടായ സംഘര്‍ഷത്തില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരടക്കം കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കാഞ്ഞാര്‍ പൊലിസ് കേസെടുത്തു. ബൈക്കിലെത്തിയ സംഘം മൂലമറ്റം ടൗണിലെ ഐഎന്‍ടിയുസി ഓഫീസില്‍ കയറി അക്രമം നടത്തുകയായിരുന്നു. അറുപതോളം പേര്‍ സംഘത്തിലുണ്ടായിരുന്നു. മൂലമറ്റം സെന്റ് ജോസഫ് കോളജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസമാണ് അക്രമത്തില്‍ കലാശിച്ചത്. ബൈക്കിലെത്തിയ സംഘം ഓഫീസിന്റെ ജനലുകളും, വാതിലുകളും, കസേര, മേശ, ടിവി ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അടിച്ച് തകര്‍ത്തു. ടൗണില്‍ ഒരു മണിക്കൂറോളം ഭീകരാന്തരീഷം സൃഷ്ടിച്ചു. അക്രമത്തില്‍ ഐഎന്‍ടിയുസി യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ബിബിന്‍ ഈട്ടിക്കല്‍, മൂന്നുങ്കവയല്‍ സ്വദേശി സേവിസന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കാഞ്ഞാര്‍ സി.ഐ. മാത്യു ജോര്‍ജ്ജിന്റെയും എസ്.ഐ. സിനോഭിന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ അക്രമികള്‍ കടന്നുകളഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.