2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയിലേക്ക് കൂടുതല്‍ പുതിയ പേരുകള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇനിയും അന്തിമരൂപമായില്ല. 15ന് പട്ടിക പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും ഇപ്പോഴും പുതിയ പേരുകള്‍ പട്ടികയില്‍ ഉള്‍പെടുകയാണ്.

പുതിയ സാഹചര്യത്തില്‍ കാസര്‍കോട് മണ്ഡലത്തില്‍ പി.സി വിഷ്ണുനാഥിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. വടകരയില്‍ പി. ജയരാജന്‍ മത്സരിക്കാനെത്തുകയും മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ തയാറാകാതിരിക്കുകയു ചെയ്യുന്ന സാഹചര്യത്തില്‍ ശക്തനായ മറ്റൊരു സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുകയാണ്. ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയ്ക്ക് പിന്തുണ നല്‍കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്. അല്ലെങ്കില്‍ ടി. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവുമുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് നേതാക്കളില്‍ ഭൂരിഭാഗവും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. പത്തനംതിട്ടയിലെ എം.പിയായിരുന്ന ആന്റോ ആന്റണിയെ സ്വന്തം മണ്ഡലമായ ഇടുക്കിയിലേക്ക് മാറ്റിയേക്കും. ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആന്റോ ആന്റണി പത്തനംതിട്ടയില്‍തന്നെ മത്സരിക്കും. പാലക്കാട് മണ്ഡലത്തില്‍ വി.കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളാണ് പറയുന്നത്. ഇവിടെ ഇതുവരെ ഒരു പേരിലേക്കെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനായി ആലത്തൂരില്‍ രമ്യാ ഹരിദാസിനെ പരിഗണിക്കുന്നുണ്ട്. എ.ഐ.സി.സിയുടെ മീഡിയാ കോ- ഓഡിനേറ്റര്‍ കൂടിയായ രമ്യാ ഹരിദാസിന് ആലത്തൂരില്‍ മത്സരിക്കാന്‍ നറുക്കു വീഴുമെന്നാണ് കരുതുന്നത്.

ആലപ്പുഴയില്‍നിന്ന് കെ.സി വേണുഗോപാല്‍ പോകുമെന്ന് ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തില്‍ നേരത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കാനായി തയാറെടുത്തിരുന്ന അടൂര്‍ പ്രകാശ് ഇവിടേക്കു മാറിയേക്കും.

കെ.സി വേണുഗോപാല്‍ കൂടുതല്‍ സുരക്ഷിതമായ മണ്ഡലം തേടി കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടിലേക്കാണ് പോകുന്നത്. ഇത് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ചാലക്കുടിയില്‍ ബെന്നി ബഹന്നാനും തൃശൂരില്‍ ടി.എന്‍ പ്രതാപനും മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ ധാരണ.
ആറ്റിങ്ങലില്‍ ഷാനിമോള്‍ ഉസ്മാനെ നിര്‍ത്താനാണ് നീക്കം. പക്ഷേ അവിടെ ചാവേറാകാനില്ലെന്ന നിലപാട് ഷാനിമോള്‍ ഉസ്മാനുണ്ട്. അങ്ങനെയെങ്കില്‍ മത്സരിക്കുന്നില്ലെന്ന അഭിപ്രായവും അവര്‍ പ്രകടിപ്പിച്ചതായി അറിയുന്നു. തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും സീറ്റ് ഉറപ്പാക്കിക്കഴിഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.