2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കോണ്‍ഗ്രസ് രാഷ്ട്രീയവും മുസ്‌ലിം നിലപാടുകളും

കാല്‍ നൂറ്റാണ്ട് മുമ്പ് ബാബരി ധ്വംസന കാലത്തും ആര്‍.എസ്.എസ് കലാപമഴിച്ചുവിട്ടിട്ടുള്ള പല ഘട്ടങ്ങളിലും കോണ്‍ഗ്രസായിരുന്നു കേന്ദ്ര ഭരണത്തിലിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയിലെ കോടിക്കണക്കിനു മുസ്‌ലിം വോട്ടര്‍മാരെ കോണ്‍ഗ്രസ് വിരോധികളാക്കിയ സമുദായ നേതൃത്വം, സിഖുകാരെ മാതൃകയാക്കിയില്ലെങ്കിലും ഈ അസുര കാലത്തെങ്കിലും വിവേകം വീണ്ടെടുക്കേണ്ടതുണ്ട്. മലബാറും കേരളവും ഭദ്രമാണ്. ഇതൊന്നും ഇവിടെ ബാധകമല്ല എന്ന ധാരണ മുസ്‌ലിം നേതൃപരിസരത്ത് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മാറ്റേണ്ട സമയവും മറ്റൊന്നല്ല.

കെ.പി നൗഷാദ് അലി 9847524901

‘ടീമിനോളം നന്നാവാനേ ക്യാപ്റ്റന് കഴിയൂ’, ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ തന്നെ നിരന്തരം വിമര്‍ശിച്ചവരോട് സഹികെട്ട മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒരിക്കല്‍ പറയുകയുണ്ടായി. വിമര്‍ശകരെ ഒരുവേള സ്തബ്ധരാക്കാനും വിഷയം വഴിതിരിക്കാനും അസ്ഹറിന്റെ പുതുമ നിറഞ്ഞതും ചിന്തോദ്ദീപവുമായ മറുപടിക്ക് കഴിഞ്ഞു.

നായകന്റെ വ്യതിരിക്ത ശീലങ്ങള്‍ക്കും ആശയ ഗാംഭീര്യത്തിനുമനുസരിച്ച് ടീം അടിമുടി വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അനുഭവങ്ങള്‍ കായിക രംഗത്ത് നിരവധിയുണ്ട്. രാഷ്ട്രീയ രംഗത്ത് അപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്ന ഒന്നാണിത്. ലോക രാഷ്ട്രീയം വിശകലനം ചെയ്യുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവും സ്വതന്ത്ര ഇന്ത്യയും ഈ ഗണത്തില്‍ ആദ്യ പരിഗണന അര്‍ഹിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന സങ്കല്‍പം സ്വയമേറ്റെടുത്ത ജനതയാണ് ഭാരതീയര്‍. ജനാധിപത്യത്തിന്റെ സ്രഷ്ടാക്കള്‍ ചമയുന്ന അമേരിക്കയേയും ഇംഗ്ലണ്ടിനേയുമൊക്കെ നോക്കി ആത്മവിശ്വാസത്തോടെ ഈ പദവി നേടാന്‍ രാജ്യം പ്രാപ്തമായത് ജവഹര്‍ലാല്‍ നെഹ്‌റു മുമ്പേ നടന്നു നീങ്ങിയ ചുവടുകളിലൂടെയാണ്. ജനാധിപത്യത്തിന്റെ പാരമ്പര്യ പതക്കങ്ങളോ കവച കുണ്ഠലങ്ങളോ നമുക്കവകാശപ്പെടാനില്ല. സഹസ്രാബ്ധങ്ങള്‍ നീണ്ട രാജവാഴ്ചകളുടേയും അധിനിവേശങ്ങളുടേയും ചരിത്രമാണ് ഇന്ത്യയുടേത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ദേശീയ നേതാക്കള്‍ രൂപപ്പെടുത്തിയ തിരശ്ശീലയിലാണ് ജനാധിപത്യം അനാവൃതമായത്. പിന്നാക്കാവസ്ഥയും പട്ടിണിയും ഊടും പാവും തീര്‍ത്ത ആ തിരശ്ശീലയിലെ കരിമ്പന കുത്തുകളായിരുന്നു വര്‍ഗീയതയും ജാതി ചൂഷണവും. ഈ ദൗര്‍ബല്യങ്ങളൊക്കെ മറികടന്ന് പുരോഗമനാത്മകവും പരിഷ്‌കൃതവുമായ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്ത് നിലവില്‍ വന്നു.
രാജ്യം ആയാസപ്പെട്ട് മുന്നോട്ടുവച്ച ഓരോ ചുവടും പിറകിലേക്ക് തള്ളി മാറ്റുകയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അസൂയാവഹമായ മുന്നേറ്റങ്ങളെ അഭിശപ്തമെന്ന് നിര്‍ലജ്ജം വിളിച്ച് കൂവുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് കളം നിറഞ്ഞാടുന്നു.
സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ സ്ഥാപകരും മാര്‍ഗദര്‍ശികളും പ്രതിഭാധനരും കഠിനാധ്വാനികളുമായിരുന്നു. അനുകൂല രാഷ്ട്രീയ സാഹചര്യവും നേതൃമികവുമുണ്ടായിട്ടും അധികാരമെന്ന പരമമായ ലക്ഷ്യം സംഘപരിവാറിനു മുന്നില്‍ എന്നും വിളപ്പാടകലെ മാറിനിന്നു. സവര്‍ക്കര്‍-ഹെഗ്‌ഡേവാര്‍-ഗോള്‍വര്‍ക്കര്‍ യുഗത്തിലും ശ്യാമപ്രസാദ-ദീന്‍ദയാല്‍ കാലത്തും രാഷ്ട്രീയ നിരാശ മാത്രമായിരുന്നു അവര്‍ക്ക് കൂട്ടിനുണ്ടായിരുന്നത്. രാഷ്ട്രീയമായി നിര്‍ഗുണരും നിസ്‌തേജരുമെന്നിരിക്കെ ഊതിവീര്‍പ്പിച്ച കൃത്രിമ പ്രതിഛായ മുന്‍നിര്‍ത്തി മോദി-അമിത്ഷാ ദ്വയം ഒരുവേള ലക്ഷ്യം നേടുന്ന കാലം വരുമെന്ന് അമിത ശുഭാപ്തിവിശ്വാസികള്‍ പോലും കരുതിയിട്ടുണ്ടാവാനിടയില്ല.
വ്യാജ നിര്‍മിതിയിലൂടെ രൂപപ്പെട്ട ഇന്നത്തെ ഭരണ നേതൃത്വവും ജനാധിപത്യവും തമ്മിലുള്ള ബന്ധം മോരും മുതിരയും കണക്കെ മുഴച്ചു നില്‍ക്കുന്നു. ധ്രുവീകരിക്കപ്പെട്ട രാജ്യത്തിനകത്തെ അപരവല്‍കൃത സമൂഹം എന്ന സങ്കല്‍പത്തിലേക്കാണ് മുസ്‌ലിംകളെ കേന്ദ്ര ഭരണകൂടം നയിക്കുന്നത്. അതിനു മുന്നിലെ രാഷ്ട്രീയ സ്ഥല ജല വിഭ്രമത്തില്‍ നിന്ന് മുസ്‌ലിം നേതൃത്വവും നിലപാടുകളും ഇപ്പോഴെങ്കിലും പൊളിച്ചെഴുതിയിട്ടില്ലെങ്കില്‍ പിന്നെപ്പോഴാണ് എന്ന ചോദ്യമാണ് ഉത്തരം തേടി അലഞ്ഞുകൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം പൊതുബോധം കോണ്‍ഗ്രസിനെ ശക്തമായി പിന്തുണച്ച് പോന്നു. അതിന് പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഒന്നാം സ്വാതന്ത്ര്യസമര ശേഷം ബ്രിട്ടനു നേരെ നടന്ന രൂക്ഷമായ സായുധ യുദ്ധമായിട്ടാണ് മാപ്പിള വിപ്ലവം എണ്ണപ്പെടുന്നത്. കരി നിയമങ്ങളില്‍ മുക്കി മാപ്പിളമാരെ ബ്രിട്ടന്‍ നേരിട്ടപ്പോള്‍ രാജ്യവ്യാപകമായി മാപ്പിള ഡേ ആചരിച്ചാണ് എ.ഐ.സി.സി അതിനെ നേരിട്ടത്. സ്വാതന്ത്ര്യാനന്തരം മതത്തിന്റെ പേരില്‍ രാജ്യം വിഭചിക്കപ്പെട്ടിട്ടും ഇന്ത്യ മതേതര രാഷ്ട്രമായി നിലനിന്നു. ഇതടക്കം നിരവധി ഹൃദയസ്പര്‍ശിയായ രക്ഷാകര്‍തൃ പരിവേഷം മുസ്‌ലിം വിഭാഗത്തിനിടയില്‍ കോണ്‍ഗ്രസ് ആര്‍ജിച്ചിരുന്നു.
എന്നാല്‍ അന്നും മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ പലതും കോണ്‍ഗ്രസുമായി രമ്യതയിലായിരുന്നില്ല. അടിയന്തരാവസ്ഥ ഭിന്നതക്ക് ആഴം കൂട്ടി. ഒരുവേള കോണ്‍ഗ്രസിനേക്കാള്‍ സംഘപരിവാരം പഥ്യമാകുന്ന വിരോധാഭാസങ്ങളും അരങ്ങേറി.
സങ്കീര്‍ണമായ സമസ്യകള്‍ കൂട്ടിനുള്ള പ്രവിശാലമായ ഇന്ത്യയിലെ ന്യൂനപക്ഷം എണ്ണത്തില്‍ ഒട്ടും ചെറുതല്ല. മതത്തെ വെറുപ്പിന്റെ പരിചയാക്കി ചൂഷണം ചെയ്ത് നാള്‍ക്കുനാള്‍ മുന്നോട്ട് കയറിവന്ന ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യാഘാതം പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായ നേതാക്കള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയി.
ആശയത്തിലും പ്രവര്‍ത്തനത്തിലും രാഷ്ട്രത്തിന്റെ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസിന്റെ ന്യൂനതകളില്‍ അഭിരമിക്കാനായിരുന്നു പല ന്യൂനപക്ഷ സ്തംഭങ്ങളുടേയും താല്‍പര്യം. കോണ്‍ഗ്രസ് എന്നത് അപ്രതിരോധ്യമായി അനുഭവപ്പെട്ടപ്പോള്‍ രാജ്യത്ത് രൂപപ്പെട്ട കോണ്‍ഗ്രസ് വിരുദ്ധ മഹാ സഖ്യങ്ങളില്‍ മുസ്‌ലിം ജനതയെ അണിനിരത്താനുള്ള അശ്രാന്ത പരിശ്രമങ്ങള്‍ ഇവരുടെ പക്കല്‍ നിന്നുണ്ടായി. കോണ്‍ഗ്രസിന് കൃത്യമായി തുന്നിച്ചേര്‍ക്കപ്പെട്ട പടച്ചട്ട ചരിത്രത്തിലെവിടെയും കാണാന്‍ കഴിയില്ല. കേഡറിസത്തിന്റെ അഭാവത്തില്‍ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ട ജനാധിപത്യത്തിന്റെ ഈറ്റില്ലമായാണത് വിശേഷിപ്പിക്കപ്പെട്ടത്. തന്മൂലം ശൈലികളും അജണ്ടകളും ഒളിച്ചു കടത്താനും പന്ഥാവിന് അപഭ്രംശം വരുത്താനുമൊക്കെ ഗൂഢശക്തികള്‍ പരിശ്രമിച്ചിട്ടുണ്ടാവാം. തിരിച്ചറിഞ്ഞ മാത്രയില്‍ ശുദ്ധികലശം നടത്തി മുന്നോട്ടു പോയതാണ് ദേശീയ പാര്‍ട്ടിയുടെ ചരിത്രം. ഇത്തരം ശത്രുക്കളുടെ വിഫല ശ്രമങ്ങളെ പര്‍വതീകരിച്ച് സമുദായത്തെ വൈകാരികമായി കോണ്‍ഗ്രസിനെതിരെ തിരിച്ചുവിടാന്‍ അത്യധ്വാനം ചെയ്ത മൗലാനമാരും മുഫ്തിമാരും ക്ഷണികമായ നേട്ടങ്ങളിലഭിരമിച്ചപ്പോള്‍ ഇരിക്കുന്ന കൊമ്പ് ഇഞ്ചോടിഞ്ച് ദ്രവിച്ചത് തിരിച്ചറിഞ്ഞില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഇവര്‍ക്ക് വജ്രായുധമായി. പാരമ്പര്യമായി കോണ്‍ഗ്രസിനെ വരിച്ചുപോന്ന മുസ്‌ലിം ജനസാമാന്യം വ്യാസന്റെ അണ്ഡവിഭജനത്തിന് സമാനമായി വിവിധ പാത്രങ്ങളിലായി മാറി. ഒറ്റയ്ക്ക് ഭരിക്കുക എന്ന സ്വപ്ന സാഫല്യത്തില്‍ ഇന്ന് സംഘപരിവാര്‍ എത്തിനില്‍ക്കുന്നു. ഭസ്മാസുരന്റെ വരസിദ്ധിയില്‍ തങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചോര്‍ത്ത് പരിതപിക്കാനുള്ള ഇടം പോലും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് അപ്രാപ്യമായി വരുന്നു. ഇന്ത്യയിലെ മുസ്‌ലിം നേതൃത്വത്തിന് ക്രിസ്ത്യന്‍, സിഖ് സമൂഹങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. രാജ്യത്തെ ഏറ്റവും വികാസം പ്രാപിച്ച സംഘടിത ന്യൂനപക്ഷമാണ് സിഖ് ജനത. പ്രതിസന്ധികളെ വിവേകപൂര്‍വം മറികടന്ന് അഭിമാനകരമായ അസ്തിത്വം അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. 1984 ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഒരു പങ്കുമില്ലെങ്കിലും പഴി ചുമക്കേണ്ടിവന്നത് കോണ്‍ഗ്രസിനായിരുന്നു. ഒരു മതവിഭാഗത്തെ സായുധ കലാപത്തിലൂടെ എതിരിട്ടതിന്റെ പ്രതിസ്ഥാനത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി അവരോധിക്കപ്പെടുക എന്ന നിര്‍ഭാഗ്യമാണ് അന്നുണ്ടായത്. വിശ്വാസികള്‍ വൈകാരികമായി പകവീട്ടാന്‍ തുനിഞ്ഞാല്‍ അര നൂറ്റാണ്ടെങ്കിലും പതം പറഞ്ഞ് വൈരം നീറി കത്താന്‍ മറ്റൊരു കാരണമന്വേഷിക്കേണ്ടതില്ല. പക്ഷെ സിഖ് ജനത യഥാര്‍ഥ്യ ബോധത്തോടെ പെരുമാറി. 1992-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 87 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 1984-ലെ കലാപം കഴിഞ്ഞ് കൃത്യം 20 വര്‍ഷം പിന്നിട്ടപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സിഖ് സമുദായാംഗം സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രം പൊളിച്ചെഴുതാന്‍ വെമ്പുന്ന ഫാസിസ്റ്റ് രീതികളെ പ്രതിരോധിക്കുകയാണ് ന്യൂനപക്ഷങ്ങളുടെ പ്രാഥമിക ബാധ്യതയെന്ന് സിഖുകാര്‍ തിരിച്ചറിഞ്ഞിരുന്നു. അതിനുതകുന്ന രാഷ്ട്രീയ ബദലിന്റെ കുറ്റങ്ങള്‍ ചികഞ്ഞ് സാങ്കല്‍പിക യുദ്ധത്തിലേര്‍പ്പെടുന്നതിനു പകരം അതിനോട് ചേര്‍ന്നു പോവുകയാണ് വിവേകമെന്ന ചിന്ത സമുദായത്തിനും നാടിനും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് അവര്‍ കാണിച്ചു തന്നു.
കാല്‍ നൂറ്റാണ്ട് മുമ്പ് ബാബരി ധ്വംസന കാലത്തും ആര്‍.എസ്.എസ് കലാപമഴിച്ചുവിട്ടിട്ടുള്ള പല ഘട്ടങ്ങളിലും കോണ്‍ഗ്രസായിരുന്നു കേന്ദ്ര ഭരണത്തിലിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയിലെ കോടിക്കണക്കിനു മുസ്‌ലിം വോട്ടര്‍മാരെ കോണ്‍ഗ്രസ് വിരോധികളാക്കിയ സമുദായ നേതൃത്വം, സിഖുകാരെ മാതൃകയാക്കിയില്ലെങ്കിലും ഈ അസുര കാലത്തെങ്കിലും വിവേകം വീണ്ടെടുക്കേണ്ടതുണ്ട്. മലബാറും കേരളവും ഭദ്രമാണ്. ഇതൊന്നും ഇവിടെ ബാധകമല്ല എന്ന ധാരണ മുസ്‌ലിം നേതൃപരിസരത്ത് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മാറ്റേണ്ട സമയവും മറ്റൊന്നല്ല.
ഏഴാം നൂറ്റാണ്ട് തൊട്ട് നീണ്ട ആറേഴ് ശതകക്കാലം ലോകത്തെ രാഷ്ട്രീയമായും ധൈഷണികമായും നയിച്ചത് മുസ്‌ലിം നേതൃത്വമായിരുന്നു. അന്ധകാരത്തിലാണ്ട യൂറോപ്പിലേക്ക് പുരോഗമന ചിന്തയുടെ പ്രകാശം കടത്തിവിട്ട രാഷ്ട്രീയ വിവേകവും വിശാലതയും ചരിത്രത്താളുകളില്‍ കിടന്ന് ചിതലരിക്കേണ്ടവയല്ല. ഉത്തമ ദൃഷ്ടാന്തങ്ങളിലെത്തിച്ചേരാനുള്ള തെളിഞ്ഞ ചിന്ത ഭാരതീയ മുസ്‌ലിം പരിസരത്തിന് ദൈവം പ്രദാനം ചെയ്യട്ടെ!

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News