2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കോണ്‍ഗ്രസുകാരനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നില്‍ യു.ഡി.എഫിന്റെ വോട്ടു ഭിന്നിപ്പിക്കാന്‍: ഷിബു

കൊല്ലം: കോണ്‍ഗ്രസുകാരനായ ബാര്‍ ഉടമയെ സി.എം.പി. സ്ഥാനാര്‍ഥിയാക്കി യു.ഡി.എഫിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണു ചവറയില്‍ സി.പി.എം. ശ്രമിക്കുന്നതെന്നു ചവറ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷിബു ബേബിജോണ്‍ പറഞ്ഞു. കൊല്ലം പ്രസ് ക്ലബില്‍ ‘ജനസഭ’ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പിതാവിന് ആരോഗ്യമുള്ളപ്പോള്‍ ആര്‍.എസ്.പിയിലും കെ. കരുണാകരന് ആരോഗ്യമുള്ളപ്പോള്‍ കോണ്‍ഗ്രസിലും നിന്നയാളാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ചവറയിലെ കുടിവെള്ളപ്രശ്‌നം രണ്ടോ മൂന്നോ വാര്‍ഡുകളില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇപ്പോഴവിടെ ടാങ്കറില്‍ വെള്ളം എത്തിക്കുന്നുണ്ടെന്നും കുടിവെള്ളപ്രശ്‌നം താരതമ്യേന കുറവുള്ള പ്രദേശമാണു ചവറയെന്നും അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ജില്ലയില്‍ യു.ഡി.എഫ്. കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ താന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.എം.പിയുടെ പേരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ കുറച്ചു പണവും ബന്ധുക്കളുടെ കുറെ വോട്ടുകളും കിട്ടുമെന്നു കരുതിയാണു സി.പി.എം. ചവറയില്‍ പരീക്ഷണത്തിനിറങ്ങിയതെന്നും മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ ബി.ജെ.പിയുമായി എല്‍.ഡി.എഫ്. കൂട്ടുകെട്ടിലാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. ബി.ജെ.പിയും ബി.ഡി.ജെ.എസും ജില്ലയില്‍ പ്രത്യേകിച്ച് ചവറയില്‍ യാതൊരു മുന്നേറ്റവും നടത്തില്ല. ജിഷ കൊലപാതക കേസ് രാഷ്ട്രീയവല്‍ക്കരിക്കുന്നതു ശരിയല്ലെന്നും കിളിരൂര്‍ കേസിലെ വി.ഐ.പിമാരെക്കുറിച്ചു വെളിപ്പെടുത്താത്ത വി.എസ്. അച്യുതാനന്ദന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എതിര്‍പക്ഷത്തുള്ളവരെക്കുറിച്ചു വ്യക്തിഹത്യ നടത്തുന്നതു തന്റെ ശൈലിയല്ലെന്നും ജനകീയ വിഷയങ്ങളില്‍ അവരോടൊപ്പം നിന്നു പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനാണ് താനെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. വിജയപിള്ള പറഞ്ഞു. ബാര്‍ സംബന്ധിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണു പാര്‍ട്ടി വിട്ടതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആശയപരമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണു പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ പാര്‍ട്ടികള്‍ പണം വാങ്ങിയാണ് സീറ്റ് നല്‍കിയെതെന്ന ആക്ഷേപം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. അതാരും വിശ്വസിക്കുകയുമില്ല. കോണ്‍ഗ്രസില്‍നിന്നും രാജിവച്ചശേഷം ഒരുവര്‍ഷമായി യാതൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാതെ നിന്ന താന്‍ ഇടതുപക്ഷ അണികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണു സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിച്ചത്. വ്യക്തിപരമായി ആക്ഷേപിച്ചാണ് ഇപ്പോള്‍ എതിര്‍പക്ഷം തനിക്കെതിരെ പ്രചാരണം നടത്തുന്നത്.

എന്നാല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ യു.ഡി.എഫിന് കഴിയുന്നില്ല. ചവറയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. പെന്‍ഷന്‍ ലഭിക്കാത്തവരുടെയും രോദനമാണ് മണ്ഡലത്തിലുടനീളം കേള്‍ക്കുന്നതെന്നും താന്‍ വിജയിച്ചാല്‍ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ കുടിവെള്ള പ്രോജക്ട് പ്രത്യേകം നടപ്പാക്കുമെന്നും വിജയന്‍പിള്ള പറഞ്ഞു. ചവറ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ പരാജയപ്പെട്ടതായി എന്‍.ഡി.എ. സ്ഥാനാര്‍ഥി എം. സുനില്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ ഇരുക്കൂട്ടരും പരസ്പരം ഏറ്റുമുട്ടിയതു ഇതിന്റെ ഉദാഹരമാണ്. കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലും പരാജയപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാര്‍ഥി തൊഴില്‍ മന്ത്രിയായിരുന്നിട്ടു കൂടി ചവറയിലെ ഒരാള്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ല. സി.പി.എമ്മിന് സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിയാത്ത മണ്ഡലമാണു ചവറ. ഇവിടെ എന്‍.ഡി.എ. മുന്നണിക്കു പ്രത്യേകിച്ച് ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍, ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.