2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

കോണ്‍ഗ്രസും യു.ഡി.എഫും തകരാതിരിക്കണമെങ്കില്‍


അകത്തു വിഴുപ്പലക്കിയിട്ടു പുറത്തുവന്നു വെളുക്കെ ചിരിച്ചു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതുകൊണ്ടൊന്നും കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പതനത്തില്‍നിന്നു കരകയറുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇതുതന്നെയാണു മറ്റൊരു രൂപത്തില്‍ എ.കെ ആന്റണി കഴിഞ്ഞദിവസം കോണ്‍ഗ്രസിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ഇരുത്തിക്കൊണ്ടു പറഞ്ഞത്.
കണ്ടിട്ടും കൊണ്ടിട്ടും കോണ്‍ഗ്രസ് പാഠംപഠിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നതു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയിട്ടും നിയമസഭാതെരഞ്ഞെടുപ്പിലെങ്കിലും കരകയറാന്‍ കഴിഞ്ഞില്ലെന്ന് ഉദ്ദേശിച്ചുതന്നെയാണ്. നിയമസഭാതെരഞ്ഞെടുപ്പു കഴിഞ്ഞു മാസങ്ങളായിട്ടും കോണ്‍ഗ്രസിലെ ‘ഉള്‍പ്പാര്‍ട്ടി ജനാധിപത്യം’ ആളിക്കത്തി നിലനില്‍ക്കുകയാണ്.
കോണ്‍ഗ്രസിന്റെ ആവിര്‍ഭാവം മുതല്‍ ഗ്രൂപ്പിസമുണ്ട്. അതുപക്ഷേ, വ്യക്തിതാല്‍പ്പര്യത്തിനും പാര്‍ട്ടി പ്രവര്‍ത്തനം നടത്താതെ സ്ഥാനമാനങ്ങള്‍ നേടാനുമായിരുന്നില്ല. ആശയങ്ങള്‍ തമ്മിലുള്ളതായിരുന്നു. സ്വാതന്ത്ര്യസമരക്കാലത്തുതന്നെ കോണ്‍ഗ്രസിനുള്ളില്‍ മിതവാദികളും സോഷ്യലിസ്റ്റ് ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന വിഭാഗവും തമ്മില്‍ ആശയസംഘട്ടനങ്ങള്‍ നടന്നിരുന്നു. അതു തേജോവധങ്ങള്‍ക്ക് അവര്‍ ഉപാധിയാക്കിയില്ല.
കേരളത്തിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കേളപ്പന്‍, സി.കെ ഗോവിന്ദന്‍നായര്‍ എന്നിവരൊക്കെ ഗ്രൂപ്പിസത്തിന്റെ വാക്താക്കള്‍തന്നെയായിരുന്നു. അതൊരു ആശയസമരത്തിന്റെ ഭാഗമായിരുന്നതിനാല്‍ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനു തെരഞ്ഞെടുപ്പുകളെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളെ വിഘടിപ്പിച്ചില്ല.
അടുത്തകാലംവരെ എ.കെ ആന്റണി നേതൃത്വംനല്‍കിയ എ ഗ്രൂപ്പും കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും കോണ്‍ഗ്രസിലുണ്ടായിരുന്നു. എന്നാല്‍, പരസ്പരബഹുമാനം ഇരുനേതാക്കളും വച്ചുപുലര്‍ത്തി. തെരഞ്ഞെടുപ്പുകളിലും സംഘടനാപ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പിന്റെ അതിപ്രസരം കടന്നുവരാതിരിക്കാന്‍ ഇരുനേതാക്കളും ശ്രദ്ധിച്ചു. എ.കെ ആന്റണി ഗ്രൂപ്പുപ്രവര്‍ത്തനം മതിയാക്കിയതോടെയാണ് ഇന്നത്തെ പരുവത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം കോണ്‍ഗ്രസിനെ നശിപ്പിക്കുംവിധം വളര്‍ന്നത്.
ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി മാറുന്നതുപോലെയാണ് ഇടക്കിടെ ഗ്രൂപ്പുകള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഇതില്‍നിന്നുതന്നെ ഇവരെ ആശയപരമായിട്ടല്ല; ഗ്രൂപ്പിന്റെ വക്താക്കളാക്കുന്നതെന്നതു വ്യക്തമാണ്. കെ. സുധാകരനെന്ന ഐ ഗ്രൂപ്പ് നേതാവ് പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നു അദ്ദേഹം നിലവിലെ ഗ്രൂപ്പുവിട്ടിട്ടില്ലെന്ന്. അഴിമതിയാരോപണങ്ങളില്‍പ്പെട്ടവര്‍ക്കു സീറ്റില്ലെങ്കില്‍ തനിക്കും വേണ്ടെന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ കൃതജ്ഞതാഭാരം കൊണ്ട് അടൂര്‍പ്രകാശ് ഗ്രൂപ്പു മാറുന്നു. എന്തുമാത്രം അപഹാസ്യമാണിതൊക്കെ.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസം വ്യക്തിതാല്‍പര്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് എങ്ങനെയാണു തകരാതിരിക്കുക. ഗ്രൂപ്പില്‍നിന്നു മോചിതനായി സ്വതന്ത്രമായ കാഴ്ചപ്പാടോടെ പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കടുത്ത തീരുമാനങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മുന്നോട്ടുവരുമ്പോള്‍ ഗ്രൂപ്പ് വൈരം മറന്ന് എല്ലാ ഗ്രൂപ്പുകളും ഒറ്റക്കെട്ടായി പൊതുശത്രുവെന്നനിലയില്‍ സുധീരനെതിരേ തിരിയുമ്പോള്‍ത്തന്നെ വ്യക്തമല്ലേ ഇവരെയൊക്കെ ഗ്രൂപ്പിസത്തില്‍ നിലനിര്‍ത്തുന്ന ചേതോവികാരങ്ങള്‍ എന്തൊക്കെയാണെന്ന്.
ഗ്രൂപ്പിസം മൂര്‍ച്ഛിക്കുമ്പോള്‍ ഘടകക്ഷികളോടുള്ള സമീപനത്തിലും മാറ്റംവരുമെന്നു കേരള കോണ്‍ഗ്രസിന്റെ മുന്നണിവിടലില്‍നിന്നു വ്യക്തമാകുന്നു. എല്ലാ ഘടകക്ഷികളെയും സമഭാവേന കാണാനുള്ള ത്രാണി ഇന്നത്തെ കോണ്‍ഗ്രസിനില്ലാതെ പോയതിന്റെ കാരണം ഗ്രൂപ്പിസതാല്‍പ്പര്യസംരക്ഷണംതന്നെയാണ്.
കെ കരുണാകരന്‍ നേതൃത്വംനല്‍കി ഉണ്ടാക്കിയതാണ് യു.ഡി.എഫ് സംവിധാനം. അദ്ദേഹം ഒരു പ്രബലഗ്രൂപ്പിന്റെ നേതാവായിരുന്നിട്ടു പോലും ഘടകക്ഷികളോടുള്ള അദ്ദേഹത്തിന്റെ സമീപനം എന്തുമാത്രം കരുതലോടെയും തന്മയത്വത്തോടെയുമായിരുന്നു. ഘടകകക്ഷികളുടെ എണ്ണവും വണ്ണവും നോക്കാതെ എല്ലാവരോടും തുല്യഭാവേന പെരുമാറാന്‍ അദ്ദേഹം അതീവശ്രദ്ധ പുലര്‍ത്തി. സി.എം സുന്ദരമെന്ന പി.എസ്.പി നേതാവിന്റെ അംഗബലം അദ്ദേഹംതന്നെയായിരുന്നു. എന്നിട്ടും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിനും കേരള കോണ്‍ഗ്രസിനും നല്‍കിയ അതേപരിഗണന കരുണാകരന്‍ സുന്ദരംസ്വാമിക്കും നല്‍കി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു കോണ്‍ഗ്രസിനു കൈകഴുകാനാവുമോ. കരുണാകരനും ഇന്നത്തെ നേതൃത്വവും തമ്മിലുള്ള വ്യത്യാസമാണത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരേ കോണ്‍ഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുവന്നപ്പോള്‍ അവരെ പുറത്തുകളയാനുള്ള ആര്‍ജവമായിരുന്നു കോണ്‍ഗ്രസ് കാണിക്കേണ്ടിയിരുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഗണ്യമായി കുറഞ്ഞതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു കോണ്‍ഗ്രസിനു കൈകഴുകാനാവുമോ.
ഇതിനൊക്കെ പുറമെയാണു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മൃദുഹിന്ദുത്വനയം കോണ്‍ഗ്രസ് പുറത്തെടുത്തത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ദീപസ്തംഭമായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്നാണ് ഇത്തരമൊരു നീക്കമുണ്ടായത്. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തോടു ചേര്‍ന്നുനില്‍ക്കാന്‍ വോട്ടര്‍മാര്‍ തീരുമാനിച്ചതില്‍ എന്തത്ഭുതം. കേരളീയര്‍ മതാന്ധരല്ലെന്നും മതേതരത്വത്തില്‍തന്നെയാണ് അവരിന്നുള്ളതെന്നും നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചതുകൊണ്ട് അതില്ലാതാവുകയില്ലെന്നും രാജഗോപാലനു വോട്ടുമറിച്ചവര്‍ ആലോചിക്കണം.
ഇതൊന്നും മുന്നണിരാഷ്ട്രീയത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല. ഗ്രൂപ്പുവിട്ടു സ്വതന്ത്രനിലപാടു സ്വീകരിക്കുന്നവരെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതും കൂടി എ.കെ ആന്‍ണിനല്‍കേണ്ടതായിരുന്നു. അത്തരത്തിലുള്ള ഇരയാണ് ടി.എന്‍ പ്രതാപനെന്ന കോണ്‍ഗ്രസ് നേതാവ്. രാഹുല്‍ഗാന്ധിക്കു സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി പ്രതാപന്‍ കത്തെഴുതിയെന്ന വ്യാജവാര്‍ത്ത പുറത്തുവിട്ടത് മറ്റാരുമല്ല. കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. ആരുപോയാലും യു.ഡി.എഫ് നിലനില്‍ക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് അമിത ആത്മവിശ്വാസം കൊണ്ടാണ്.
ആരെയും പുറംതള്ളാനല്ല, എല്ലാവരെയും ഒത്തൊരുമിച്ചുകൊണ്ടുപോകാനാണു ശ്രമിക്കേണ്ടത്. എ.കെ ആന്റണി നല്‍കിയ ആഹ്വാനവും കെ. കരുണാകരന്റെ മാതൃകയും അതാണ്. കോണ്‍ഗ്രസും യു.ഡി.എഫും നിലനില്‍ക്കണമെന്നാണ് മതേതര ജനാധിപത്യവിശ്വാസികള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ മാളത്തില്‍ തലപൊക്കിയിരിക്കുന്ന ഫാസിസ്റ്റ് വിഷസര്‍പ്പം നാളെ ഫണം ഉയര്‍ത്തുമെന്നതിനു സംശയമില്ല. അങ്ങനെവന്നാല്‍ അതിന്റെ പാപഭാരത്തില്‍ നിന്ന് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനുമാവില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.