2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികള്‍ നിരാശപ്പെടേണ്ടിവരും

 

സുനി അല്‍ഹാദി#

കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തിന് ദേശീയ നേതൃത്വം മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ അവശേഷിക്കുന്നത് പത്ത് സീറ്റുകള്‍ മാത്രം. ഇതിന് അവകാശവാദവുമായി എത്തുന്നതാകട്ടെ ഒട്ടേറെ നേതാക്കളും. സ്ഥാനാര്‍ഥി മോഹികളില്‍ മിക്കവരും നിരാശരാകും എന്നുറപ്പ്.
സിറ്റിങ് എം.പിമാര്‍ എല്ലാം മത്സരരംഗത്തുണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കിയെങ്കിലും കെ. പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ല എന്ന നിലപാടിലുമാണ്. 2014ല്‍ 12 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഐക്യജനാധിപത്യമുന്നണി വിജയിച്ചത്. 12 സിറ്റിങ് സീറ്റില്‍ എട്ട് സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്.ഘടക കക്ഷികളായ മുസ്‌ലിംലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും ഓരോ സീറ്റിലും വിജയിച്ചിരുന്നു. സിറ്റിങ് എം.പിമാര്‍ മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട എന്നീ ആറു സീറ്റുകളിലും സ്ഥാനാര്‍ഥികളായി. എം.ഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന വയനാട്ടിലും കെ.പി.സി.സി അധ്യക്ഷനായതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരംരംഗത്തുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചതിനാല്‍ ഒഴിവുവരുന്ന വടകരക്കും ഇനി പിടിവലി കൂടും.

മുസ്‌ലിംലീഗും കേരള കോണ്‍ഗ്രസും ഓരോ സീറ്റുവീതം അധികം ചോദിച്ചിട്ടുണ്ടെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനല്‍കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ സിറ്റിങ് എം.പിമാരുടെ ആറുസീറ്റുകളും ഘടകകക്ഷികളുടെ നാലുസീറ്റുകളും കഴിഞ്ഞ് ബാക്കി പത്ത് സീറ്റുകളായിരിക്കും കോണ്‍ഗ്രസില്‍ വീതംവയ്ക്കാന്‍ ലഭിക്കുക.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മത്സരിക്കില്ലെന്നും ഒരു വീട്ടില്‍ നിന്ന് ഒരാള്‍മാത്രമെ മത്സരരംഗത്ത് ഉണ്ടാകുകയുള്ളൂ എന്നുമൊക്കെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തോടടുക്കുമ്പോള്‍ ഈ മാനദണ്ഡങ്ങളെല്ലാം തകിടംമറിയും എന്ന ആശങ്കയിലാണ് പുതുതായി സീറ്റ് മോഹിച്ച് ചരടുവലി നടത്തുന്ന നേതാക്കള്‍.
ഇതിനോടകം യൂത്ത് കോണ്‍ഗ്രസ് അഞ്ച് സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹിളാകോണ്‍ഗ്രസ് ജയസാധ്യതയുള്ള ഒരു സീറ്റെങ്കിലും ആവശ്യപ്പെടുമ്പോള്‍ ഏതെങ്കിലും ഒരു സീറ്റ് ഇത്തവണ ലഭിക്കണമെന്ന ആവശ്യമാണ് ഐ.എന്‍.ടി.യു.സി മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, വി.എം സുധീരനെപോലുള്ള മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന് പ്രത്യേക താല്‍പര്യം ഉള്ളതിനാല്‍ അവര്‍ക്കും ഈ പത്തില്‍നിന്ന് സീറ്റുകള്‍ കണ്ടെത്തേണ്ടിവരും. അതിനിടെ വയനാട്ടില്‍ എം.ഐ ഷാനവാസിന്റെ മകള്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയായിരുന്നു. പലരും കടുത്തഭാഷയിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

യുവാക്കള്‍ക്കും വനിതകള്‍ക്കുമൊക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാതിനിധ്യം ലഭിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വിശ്വസിച്ചിരിക്കുന്നവരുടെ അവസ്ഥ മുന്‍കാലങ്ങളിലേതുപോലെ ആകുമെന്ന് പോഷക സംഘടനാ നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്. ഉറപ്പില്ലാത്ത സീറ്റുകള്‍ നല്‍കി ബലിയാടാക്കാന്‍ സമ്മതിക്കില്ല എന്ന നിലപാടിലാണ് ഇക്കുറി മഹിളാ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെല്ലാം. എന്തായാലും 18ന് നടക്കുന്ന സീറ്റ്ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സീറ്റിനായി ചരടുവലി നടത്തുന്നവരെല്ലാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.