2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കോട്ടയം ഡി.സി.സി സത്യപ്രതിജ്ഞ; ഉമ്മന്‍ചാണ്ടി അസൗകര്യം അറിയിച്ചിരുന്നു: സുധീരന്‍

പത്തനംതിട്ട: കോട്ടയത്ത് പുതിയ ഡി.സി.സി പ്രസിഡന്റ് ചുമുതലയേറ്റ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റാത്തതിലുള്ള അസൗകര്യം ഉമ്മന്‍ചാണ്ടി നേരത്തേ അറിയിച്ചിരുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി. എം. സുധീരന്‍.

പത്തനംതിട്ടയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് എല്ലാ ഡി.സി.സി പ്രസിഡന്റുമാരേയും തിരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് എ. കെ. ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ തുടങ്ങിയവരോടെല്ലാം അഭിപ്രായം ചോദിച്ചിരുന്നു.

കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരിക്കലും ഇത്ര വിശാലമായ ചര്‍ച്ച നടന്നിട്ടില്ല. എല്ലാ വിഭാഗവും സ്വാഗതം ചെയ്ത ആളുകളാണ് ഡി.സി.സി നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ബലപ്പെടുത്തുമെന്നും സുധീരന്‍ പറഞ്ഞു.

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കലാപത്തിലേക്കു നയിക്കുന്നു

പത്തനംതിട്ട: നോട്ടു നിരോധനത്തിലൂടെ കേന്ദ്രവും റേഷനരി കൊടുക്കാതെ സംസ്ഥാനവും ജനങ്ങളെ കലാപത്തിലേക്കു നയിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഡി.സി.സി പ്രസിഡന്റായി ബാബു ജോര്‍ജ് ചുമതല ഏറ്റെടുത്ത ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തലതിരിഞ്ഞ നയങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സാധരണക്കാരന് സ്വന്തം പണം തിരിച്ചെടുക്കാന്‍ കഴിയാത്ത രാജ്യമായി ഇന്ത്യ മാറി. നോട്ടു പിന്‍വലിക്കലിനു മുന്‍പ് നടപടിയെക്കുറിച്ച് അരനിമിഷം ചിന്തിക്കാന്‍ മോദി തയാറായിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. രാജ്യത്തെ വിലക്കയറ്റത്തിലേക്ക് നയിച്ച മോദി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തി. മോദിയുടെ ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയാണ് കേരളത്തിലെ പിണറായി ഭരണം. റേഷനരി വിതരണം കേരളത്തില്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണ്.

പൊതു വിപണിയിലും അരിവില ഉയര്‍ന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിച്ചു. രണ്ടു സര്‍ക്കാരുകളും കൂടി കലാപം ക്ഷണിച്ചു വരുത്തുകയാണ്. കോണ്‍ഗ്രസ് വിരുദ്ധര്‍ പോലും രാജ്യത്ത് കോണ്‍ഗ്രസ് ഭരണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ സാഹചര്യമാണുള്ളതെന്നും സുധീരന്‍ പറഞ്ഞു.

യോഗം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനം ഒഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്, ജില്ലയുടെ ചുമതലയുള്ള നേതാവ് ശരത്ചന്ദ്ര പ്രസാദ്, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രഹാം, ആന്റോ ആന്റണി എം.പി, അടൂര്‍ പ്രകാശ് എം.എല്‍.എ, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷ അന്നപൂര്‍ണാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News