2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

കോട്ടപ്പടി ഫ്‌ളൈഓവര്‍; സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു

മലപ്പുറം: കോട്ടപ്പടിയില്‍ നിര്‍മിക്കാനിരിക്കുന്ന ഫ്‌ളൈഓവറിന്റെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കുന്നതിന്റ മുന്നോടിയായി രണ്ടു ദിവസം മുന്‍പാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. പൊതുമരാമത്ത് റോഡ്‌സ് ഡിവിഷന്‍ കോര്‍പറേഷന്‍ കേരളയുടെ മേല്‍നോട്ടത്തില്‍ പദ്ധതിപ്രദേശത്തെ മണ്ണിന്റെ ഘടനാ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
ബംഗളൂരു ആസ്ഥാനമായ ഇ.ഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ഡി.പി.ആര്‍ തയാറാക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഡി.പി.ആര്‍ തയാറാക്കുമെന്നു പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മലപ്പുറം പൊലിസ് സ്റ്റേഷന്‍ മുതല്‍ കിഴക്കേത്തല ചെത്തുപാലംവരെ ഫ്‌ളൈഓവര്‍ നിര്‍മിക്കാനാണ് പദ്ധതി. 2017-18 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന് 50 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതിയും നല്‍കിയിരുന്നു. നിലവില്‍ നാലിടങ്ങളിലാണ് മണ്ണ് പരിശോധന നടത്തുന്നത്. പരിശോധന പൂര്‍ത്തിയാക്കി ഡി.പി.ആര്‍ സമര്‍പ്പിച്ചതിനുശേഷം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ എന്‍.ഒ.സി ലഭിച്ചാലേ മേല്‍പാല നിര്‍മാണം തുടങ്ങാനാകൂ.
ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയ മലപ്പുറം നഗരത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് മേല്‍പാലം. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളും തിരൂര്‍, പരപ്പനങ്ങാടി, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളും കോട്ടപ്പടിയിലൂടെ കടന്നുപോകുന്നതാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നത്. മലപ്പുറം താലൂക്ക് ആശുപത്രി, മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, വിദ്യാഭ്യാസ ഡയരക്ടര്‍ ഓഫിസ് എന്നിവ ഉള്‍പ്പെടുന്ന സി.എച്ച് മുഹമ്മദ് കോയ എജ്യൂക്കേഷനല്‍ കോംപ്ലക്‌സ്, ഗവ. ടി.ടി.ഐ, മത്സ്യ-മാംസ മാര്‍ക്കറ്റ് എന്നിവ സ്ഥിതിചെയ്യുന്നതു കോട്ടപ്പടിയിലായതിനാല്‍ രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.