2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ഫിഫ പരിശീലന മൈതാനത്ത് കുണ്ടും കുഴിയും

മട്ടാഞ്ചേരി: കോടികള്‍ ചിലവഴിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പ് കളിക്കാരുടെ പരിശീലനത്തിനായി നവീകരിച്ച ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനം കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയില്‍. അപകട ഭീതി കണക്കിലെടുത്ത് സ്‌കൂള്‍ ഗെയിംസ് മത്സരം മാറ്റി. മൈതാനം വേലികെട്ടി തിരിച്ച് പുല്ലുകള്‍ വെച്ചുപിടിപ്പിച്ചു മനോഹരമാക്കിയെങ്കിലും തുടര്‍ സംരക്ഷണ നടപടികള്‍ റവന്യു അധികൃതര്‍ കൈ കൊള്ളുകയോ പുതു തലമുറക്ക് കായികപരിശീലനത്തിന് തുറന്നുകൊടുക്കുകയോ ഉണ്ടായില്ല. ഇതിനിടെയാണ് കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് മൈതാനത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് പടുകൂറ്റന്‍ പപ്പാഞ്ഞിയെ കത്തിക്കുവാന്‍ വേദിയൊരുക്കിയത്. സാധാരണയായി പപ്പാഞ്ഞിയെ കടപ്പുറത്താണ് കത്തിക്കാറെങ്കിലും കടല്‍തീരത്തിന്റെ വിസ്തീര്‍ണ്ണം കുറഞ്ഞത് കണക്കിലെടുത്താണ് മൈതാനത്തേക്ക് മാറ്റിയത്. 

സംഭവത്തില്‍ കായിക പ്രേമികള്‍ പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. കൊച്ചിയുടെ ജനകീയ ഉത്സവമായ കാര്‍ണിവലിന്റെ പ്രധാന പരിപാടിയായ പപ്പയെ കത്തിക്കുന്നത് കാണുവാന്‍ പതിനായിരങ്ങളാണ് സര്‍വ്വസാധാരണയായി എത്താറ് .ഇക്കുറിയും പതിനായിരങ്ങള്‍ പപ്പയെ കത്തിക്കുന്നത് കാണുവാന്‍ മൈതാനത്തെത്തി. ഹരം പകരാന്‍ സംഘാടകര്‍ പാശ്ചാത്യ സംഗീതം കൂടി ഒരുക്കിയതോടെ കാണികള്‍ നൃത്തം വെച്ചു. ഇതോടെ മൈതാനം നശിച്ചു. വെച്ചുപിടിപ്പിച്ച പുല്ലുകള്‍ നൃത്തത്തില്‍ ചവിട്ടി അരയപ്പെട്ടു. ഷൂസുകള്‍ ഉപയോഗിച്ചുള്ള ചുവടുവെപ്പില്‍ മൈതാനത്ത് കുഴികള്‍ രൂപപ്പെട്ടുവെങ്കിലും ഇത് ശരിയാക്കുന്നതിന് നടപടികള്‍ ഉണ്ടായില്ല. ഈ കുഴികള്‍ ക്രമേണ വലുതായി. മൈതാനത്ത് മട്ടാഞ്ചേരി ഉപജില്ല സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരം ഇന്ന് നടത്താനിരിക്കെയാണ് കുഴികള്‍ അപകടകരമാം വിധം മൈതാനത്ത് നിറഞ്ഞു നില്‍ക്കുന്നത് സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ പരിശീലനത്തിനെത്തിയിരുന്ന കുട്ടികള്‍ കളിക്കുന്നതിനിടെ കുഴിയില്‍ ചാടി കണ്ണങ്കാല് ഒടിഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മത്സരം തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലേക്ക് മാറ്റിയതെന്ന് സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ഉപജില്ല സെക്രട്ടറി സാബു കുമാര്‍ പറഞ്ഞു. കോടികള്‍ ചിലവഴിച്ച മൈതാനമാണ് കളിക്കാന്‍ പ്രാപ്തമല്ലാതെ നശിയുന്നത്. മൈതാനം കളി ഉപയുക്തമാക്കണമെന്ന് കായിക പരിശീലകന്‍ എം.എം.സലീം ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.