2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോടികളുടെ തട്ടിപ്പ്: പൊലിസ് നടപടികളടക്കം ദുരൂഹതയില്‍

ആലുവ : കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ മറവില്‍ ആലുവയില്‍ നടത്തിയ കോടികളുടെ തട്ടിപ്പില്‍, പൊലിസ് അടക്കം സ്വീകരിച്ച നടപടികളില്‍ ഏറെ ദുരൂഹത. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന തിരുകൊച്ചി കാര്‍ഷിക ഉല്‍പാദക സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ മറവിലാണു കോടികളുടെ തട്ടിപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് സംഘം പ്രസിഡന്റും, കോണ്‍ഗ്രസ്സ് നേതാവുമായ തൃശൂര്‍ ചേലക്കര പാഞ്ഞാല്‍ അക്കരക്കൂട് വീട്ടില്‍ എ.എ സുനില്‍ (40) ആണ് പിടിയിലായിട്ടുള്ളത്. 2015 ജൂണില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുകയും, മുന്‍ സഹകരണ വകുപ്പ് മന്ത്രി അടക്കമുള്ളവരുടെ ആശീര്‍വാദത്തിലും പ്രവര്‍ത്തിച്ചിരുന്ന സഹകരണ സംഘത്തിന്റെ മറവില്‍ നിരവധി ഉപബിസിനസ്സുകള്‍ക്ക് പദ്ധതിയിട്ടായിരുന്നു തട്ടിപ്പുകള്‍ നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി സ്ത്രീകളില്‍ നിന്നാണ് ജോലി നല്‍കാമെന്നും, ഷെയര്‍ നല്‍കാമെന്നും അറിയിച്ച് ലക്ഷങ്ങള്‍ സമാഹരിച്ചിരുന്നത്.
സംഘത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം മോഹിച്ച് ലക്ഷങ്ങള്‍ നല്‍കി വഞ്ചിതനായ ചെന്നൈ സ്വദേശി സുരേഷ് മേനോന്‍ നല്‍കിയ പരാതിയിലാണ് സുനില്‍കുമാര്‍ അറസ്റ്റിലായത്.
എന്നാല്‍ ഇയാളുടെ അറസ്റ്റടക്കമുള്ള മുഴുവന്‍ നടപടികളും ഏറെ ദുരൂഹത നിറഞ്ഞതായിരുന്നുവെന്നാണ് സൂചനകള്‍. അഞ്ചു ദിവസം മുന്‍പേ ആലുവ ഡിവൈ.എസ്.പി കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ രാത്രിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
നാലു ദിവസം കസ്റ്റഡിയില്‍ വച്ച ഇയാളെക്കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് പൊലിസ് ഭാഷ്യം. പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ച ശേഷം തന്നെ പൊലീസ് തട്ടിപ്പിനിരയായവരുടെ പരാതിപോലും രേഖാമൂലം എഴുതി വാങ്ങാന്‍ തയ്യാറാകാഞ്ഞത്, പ്രശ്‌നം രമ്യമായി ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്.പി തന്നെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രതി റിമാന്‍ഡില്‍
 ആലുവ തിരുകൊച്ചി അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ പ്രൊസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സൊസൈറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം വാങ്ങിയെന്ന പരാതിയില്‍ അറസ്റ്റിലായ സൊസൈറ്റി പ്രസിഡന്റ് ചേലക്കര പാഞ്ഞാല്‍ അക്കരോട്ട് വീട്ടില്‍ സുനിലി (40)നെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു.
നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ആറ് കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. ബാങ്കിന്റെ വൈസ് പ്രസിഡന്റ് മദ്രാസില്‍ ബിസിനസുകാരനായ സുരേഷ് മേനോന്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സഹകരണ ചട്ടങ്ങള്‍ ലംഘിച്ചാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം നടന്നിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
സാമ്പത്തീക അച്ചടക്കം പാലിക്കാതെ വഴിവിട്ട് പ്രവര്‍ത്തിച്ചതാണ് കാരണം.
കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായുള്ള ബന്ധമാണ് ആരോപണങ്ങളില്‍ നിന്നും നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഒരു കെ.പി.സി.സി ഭാരവാഹിയുമായിട്ട് അടുത്ത ബന്ധം പ്രതിക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ വലിയൊരു തുക ഈ കെ.പി.സി.സി ഭാരവാഹി കൈപ്പറ്റിയതായാണ് വിവരം.
സാമ്പത്തീക തിരിമറി നേരത്തെ വ്യക്തമായിരുന്നുവെലും രാഷ്ട്രീയ നേതൃത്വവുമായുള്ള പ്രതിയുടെ ബന്ധമാണ് ബോര്‍ഡ് അംഗങ്ങള്‍ പരാതിയുമായി രംഗത്തുവരാന്‍ മടിച്ചത്. സംസ്ഥാന ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് പരാതി നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.