2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

കോടതിയിലും സമൂഹത്തിലും ചോദ്യം ചെയ്യുമെന്ന് ഡെമോക്രാറ്റുകള്‍

 

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ്യത്തെ ചില മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നു.

പ്രസിഡന്റിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതത്തിനു കാരണമാകുമെന്ന വിമര്‍ശനവുമായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചിലരും രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും പ്രതികരിക്കാനാണ് വിമര്‍ശകരുടെ തീരുമാനം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ട്രംപിന്റെ സ്വപ്നപദ്ധതിയായ മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിനു ഫണ്ട് കണ്ടെത്തുന്നതിനുള്ള വളഞ്ഞ വഴിയിലൂടെയുള്ള നീക്കമാണിതെന്നാണ് പ്രധാന വിമര്‍ശനം.
അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ പ്രസിഡന്റിനു പ്രത്യേക അധികാരങ്ങള്‍ ഉപയോഗിക്കാമെന്നതും ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. ട്രംപിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് വിമര്‍ശനമുയരുന്നത്.

പ്രസിഡന്റിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരേ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി പാര്‍ട്ടികളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജുഡിഷ്യറി കമ്മിറ്റി വിഷയവുമായി ബന്ധപ്പെട്ട് ട്രംപിന് കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തരാവസ്ഥാ പ്രഖ്യാപനം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്ന അവര്‍, അതിന് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്കു നയിച്ച തീരുമാനങ്ങളുടെയും സാഹചര്യങ്ങളുടെയും രേഖകളും സമര്‍പ്പിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രാജ്യത്ത് അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്.

മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

അതേസമയം, ട്രംപിന്റെ നിലപാടിനെ തള്ളി അമേരിക്കന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പെലോസി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
അടിയന്തരാവസ്ഥയെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നു പറഞ്ഞ അവര്‍, രാജ്യാതിര്‍ത്തിയില്‍ അത്രമാത്രം പ്രശ്‌നങ്ങളില്ലെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അവകാശപ്പെട്ടിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിലും കോടതിയിലും പൊതുജനങ്ങള്‍ക്കിടയിലും ഇക്കാര്യത്തില്‍ പ്രതികരണങ്ങളുണ്ടാകുമെന്ന് അവര്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.
മതില്‍ നിര്‍മാണം സംബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതിരിക്കുകയും ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ അമേരിക്ക കടുത്ത ഭരണസ്തംഭനം നേരിട്ടിരുന്നു.

എട്ടു ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതടക്കം വിവിധ മേഖലകളെ ബാധിച്ച ഭരണസ്തംഭനത്തിന്റെ ക്ഷീണം മാറുന്നതിനു മുന്‍പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.