2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

കോടതിമുറികളിലെ തത്സമയ സംപ്രേഷണം


കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതു സംബന്ധിച്ചു വിശദമായ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനും ഇതിനോട് അനുകൂലമായ നിലപാടാണുള്ളത്.

ജുഡീഷ്യറിയില്‍, പ്രത്യേകിച്ചു സുപ്രിംകോടതിയില്‍, അടുത്തകാലത്തായി ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പൊതുസമൂഹത്തിനു നീതിപീഠത്തിലുള്ള വിശ്വാസത്തില്‍ ഇളക്കം തട്ടിച്ചിട്ടുണ്ട്. എന്തൊക്കെയാണു കോടതിയില്‍ നടക്കുന്നതെന്ന ഉദ്വേഗം വ്യാപകമായി. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ, ഭരണഘടനയുടെ സംരക്ഷണസ്ഥാപനമായ സുപ്രിംകോടതിയില്‍ അഹിതമായതെന്തൊക്കെയോ സംഭവിക്കുന്നുവെന്ന ഉല്‍ക്കണ്ഠയാണിതിനു കാരണം. ഭരണഘടനയുടെയും ജനാധിപത്യ ഭരണക്രമത്തിന്റെയും കാവലാളെന്നു പൊതുസമൂഹം ദൃഢമായി വിശ്വസിക്കുന്ന സ്ഥാപനം അപചയം നേരിടുകയാണോയെന്ന വേപഥു മതേതര ജനാധിപത്യവിശ്വാസികളില്‍ ഉണ്ടാവുക സ്വാഭാവികം.
ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇത്തരം സംഭവങ്ങള്‍ സുപ്രിംകോടതിയില്‍ അരങ്ങേറുന്നതെന്നു വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടായിരുന്നു താനും. കൊളിജിയം ശുപാര്‍ശ ചെയ്യുന്ന ജഡ്ജിമാരുടെ പട്ടിക ബി.ജെ.പി സര്‍ക്കാര്‍ തുടരെത്തുടരെ തള്ളികൊണ്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണ്.
ബി.ജെ.പി സര്‍ക്കാര്‍ എന്താഗ്രഹിക്കുന്നോ സുപ്രിംകോടതി അതു നിര്‍വഹിക്കുന്നുവെന്ന ധാരണ വരെ പൊതുസമൂഹത്തിലുണ്ടായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ചില നടപടികളില്‍ പ്രതിഷേധിച്ചു നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി ബഹിഷ്‌ക്കരിച്ചു പത്രസമ്മേളനം നടത്തി പ്രതികരിച്ചു. അടുത്തതവണ ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെടുന്ന ജസ്റ്റിസ് ഗൊഗോയ് വരെ പത്രസമ്മേളനത്തില്‍ പങ്കെടുക്കുക വഴി അനിഷ്ടകരങ്ങളായ എന്തൊക്കെയോ കോടതിയില്‍ നടക്കുന്നുവെന്ന സന്ദേശമാണു പൊതുസമൂഹത്തിനുണ്ടായത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ അഴിമതിയും സ്വജനപക്ഷപാതവും ആരോപിക്കപ്പെട്ടു. അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവിനു കത്തു നല്‍കി. വെങ്കയ്യ നായിഡു കത്തു തള്ളിയപ്പോള്‍ ഇതേ ആവശ്യമുന്നയിച്ച് എം.പിമാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിനെതിരേ പൊരുതിയ, കഴിഞ്ഞ മാസം വിരമിച്ച ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍കൗള്‍ എന്നിവരുടെ ബെഞ്ചിലായിരുന്നു ആ ഹരജി എത്തേണ്ടിയിരുന്നത്.
എന്നാല്‍, ചീഫ് ജസ്റ്റിസ് ഇടപെട്ട് ആ ഹരജി ജൂനിയറായ ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് അതിലേയ്ക്കു മാറ്റി. ചീഫ് ജസ്റ്റിസിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നു കാണിച്ചു പ്രശസ്ത അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ ഹരജി നല്‍കി. ചീഫ് ജസ്റ്റിസിനെതിരേയുള്ള പരാതി അദ്ദേഹം തന്നെ ഇടപെട്ടു മറ്റു ബെഞ്ചിലേയ്ക്കു മാറ്റുന്നതു നിയമവിരുദ്ധവും കീഴ്‌വഴക്കമില്ലാത്തതുമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. ചീഫ് ജസ്റ്റിസ് ജഡ്ജിമാരില്‍ ഒന്നാമന്‍ മാത്രമാണെന്നും അദ്ദേഹത്തിനു പ്രത്യേകാധികാരങ്ങളില്ലെന്നും വാദിക്കപ്പെട്ടു. എന്നാല്‍, ഈ വാദമെല്ലാം സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് തന്നെയാണു തലവനെന്നും കേസുകള്‍ അദ്ദേഹത്തിന്റെ വിവേചനാധികാരമുപയോഗിച്ചു വീതിച്ചു നല്‍കാമെന്നമായിരുന്നു വിധി.
വെങ്കയ്യ നായിഡുവിന്റെ നടപടിയും സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എം.പിമാരുടെ കത്തു തള്ളാനുള്ള അധികാരം അദ്ദേഹത്തിനില്ലെന്നും അന്വേഷണ സമിതി രൂപീകരിച്ചു വിഷയം കൈമാറുകയായിരുന്നു വേണ്ടിയിരുന്നതെന്നും പൊതുതാല്‍പ്പര്യഹരജിയില്‍ വാദമുണ്ടായി. സുപ്രിം കോടതി തീരുമാനങ്ങളെ, പ്രത്യേകിച്ചു കൊളീജിയം ശുപാര്‍ശകളെ അവഗണിക്കുന്നുവെന്നാരോപിച്ചു സര്‍ക്കാരിനെതിരേയും കോടതിയെ സമീപിച്ചു.
ഇത്തരം സംഭവങ്ങളുടെ ഘോഷയാത്രയായിരുന്നു കഴിഞ്ഞ നാളുകളില്‍ സുപ്രിംകോടതിയില്‍ അരങ്ങേറിയത്. ജൂഡീഷ്യറിയില്‍ പൊതുസമൂഹത്തിനുള്ള വിശ്വാസം തകര്‍ക്കാന്‍ മാത്രമേ ദൗര്‍ഭാഗ്യകരവും ദുഃഖകരവുമായ ഇത്തരം സംഭവങ്ങള്‍ ഉതകിയുള്ളൂ. ജുഡീഷ്യറിയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകള്‍ സുപ്രിംകോടതിയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കു കാര്യമായ ക്ഷതമേല്‍പ്പിച്ചിട്ടുണ്ട്. ഈയൊരു സന്ദര്‍ഭത്തില്‍ കോടതി നടപടികള്‍ പൊതുസമൂഹത്തിനു കാണത്തക്കവിധം സംപ്രേഷണം ചെയ്യാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. അതു നമ്മുടെ ജനാധിപത്യ ഭരണ സംവിധാനത്തെയും ഭരണഘടനയെയും ശക്തിപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.