
ഷാജഹാന് കെ ബാവ
കൊച്ചി: കോടതികളില്‍ കേസുകള്‍ കുമിഞ്ഞു കൂടുന്ന സംസ്ഥാനത്ത് തീര്‍പ്പു കല്പ്പിക്കാനായുള്ളത് ഇനിയും 14.5 ലക്ഷം കേസുകള്‍. ക്രിമിനല്‍, സിവില്‍ കേസുകള്‍ക്കു പുറമെ വാഹനാപകടം ,ഗാര്‍ഹിക പീഡനം, സ്ത്രീധന തര്‍ക്കങ്ങള്‍ എന്നിവയിലാണ് കേസുകള്‍ കുമിഞ്ഞുകൂടുന്നത്. 2001 മുതലുള്ള കേസുകള്‍ ഇനിയും പരിഹരിക്കാനുണ്ട്. പുതുവര്‍ഷത്തിന്റെ ആദ്യപകുതി പിന്നിടുന്നതിനു മുന്‍പേ അരലക്ഷം കേസുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2015 ആഗസ്റ്റില്‍ കേസുകളുടെ എണ്ണം 13.24 ലക്ഷമായിരുന്നെങ്കില്‍ 2016 അവസാനമാകുന്നതോടെ 15 ലക്ഷം കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും അധികം കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ളത്. എറണാകുളമാണ് കേസുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍. ഏകദേശം 2.7 ലക്ഷം ക്രിമിനല്‍ കേസുകളാണ് ജില്ലാ കോടതിയില്‍ കെട്ടിക്കിടക്കുന്നത്. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. 2.6 ലക്ഷം കേസുകള്‍.
വാഹനാപകട കേസുകളാണ് പലപ്പോഴും തീര്‍പ്പുകല്‍പ്പിക്കാതെ നീളുന്നത്. അപകടം നടന്ന് അഞ്ചുവര്‍ഷമെങ്കിലും പിന്നിടുമ്പോള്‍ മാത്രമാണ് ഈ കേസുകള്‍ പരിഗണിക്കുന്നത്. കേസുകള്‍ നീളുന്നതുമൂലം പലപ്പോഴും ഇരകള്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി അനുരഞ്ജനത്തിന് നിര്‍ബന്ധിക്കപ്പെടുകയാണ് പതിവ്. ഇതില്‍ കടുത്ത ചൂഷണമാണ് കമ്പനികള്‍ നടത്തുന്നത്. അപകടത്തില്‍പ്പെട്ട് ചികിത്സ നടത്തി കടക്കെണിയില്‍പ്പെട്ടവര്‍ കടംവീട്ടാന്‍ ഗതിയില്ലാതെ കമ്പനികള്‍ പറയുന്ന സെറ്റില്‍മെന്റ് തുകകള്‍ക്ക് സമ്മതം മൂളി കേസ് ഒതുക്കേണ്ടി വരുന്നു. ഇതില്‍ ചില അഭിഭാഷകര്‍ക്കും പങ്കുണ്ടെന്നാണ് അറിയുന്നത്.
അതേസമയം ബെഞ്ചുകളുടെ അഭാവവും ന്യായാധിപന്മാരുടെ നിയമനം നടക്കാത്തതും കേസുകള്‍ നീളുന്നതിന് കാരണമാകുന്നുണ്ട്. കേസുകളുടെ ആധിക്യത്തിനനുസരിച്ച് നടപടി ക്രമങ്ങള്‍ പാലിക്കുന്നതിന് ജീവനക്കാരുടെ കുറവും അനുഭവപ്പെടുന്നുണ്ട്. നിലവില്‍ നാല്പതോളം ജഡ്ജിമാരാണ് ഹൈക്കോടതിയില്‍ ഉള്ളത്. ഒന്‍പത് ന്യായാധിപന്മാരെക്കൂടി നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
എന്നാല്‍ ചില കേസുകളില്‍ പ്രതികളെ മുഴുവനായി പിടിക്കാന്‍ കഴിയാത്തതും തെളിവുകള്‍ ശേഖരിക്കുന്നതിലുള്ള കാലതാമസവും റിപ്പോര്‍ട്ടുകള്‍ അനന്തമായി നീളുന്നതും കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്. രാജ്യത്ത് ആകമാനം മുന്ന് കോടിയിലധികം കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്.