2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് വാക്‌സിന്‍ രണ്ടെണ്ണം അന്തിമഘട്ട പരീക്ഷണത്തില്‍; 30,000 ആളുകളില്‍ പരീക്ഷിച്ചു

 

ന്യൂയോര്‍ക്ക്: ലോകമാകെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ മല്‍സരാടിസ്ഥാനത്തില്‍ നടക്കുന്നതിനിടെ യു.എസില്‍ രണ്ട് വാക്‌സിനുകള്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലെത്തി. ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ബയോടെക്‌നോളജി കമ്പനിയായ മോഡേണയാണ് യു.എസിലെ വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്നിലെത്തിയ ഒരു സ്ഥാപനം. 30,000 വോളണ്ടിയര്‍മാരിലാണ് പരീക്ഷണം വിജയകരമായി നടന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ അതികായനായ ഫിസറാണ് കൊവിഡ് വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം വിജയകരമായി നടത്തിയ മറ്റൊരു കമ്പനി. ലോകമാകെ 120 സ്ഥലങ്ങളിലെ 30,000 പേരിലാണ് കമ്പനി വാക്‌സിന്‍ പരീക്ഷിച്ചത്. മൂന്നാം ഘട്ടത്തിലാണ് കൂടുതല്‍ പേരില്‍ മരുന്ന് പരീക്ഷിക്കുന്നത്.
നേരത്തെ ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. ആസ്ട്രാസെനെകെയുമായി ചേര്‍ന്നു നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ പരീക്ഷിച്ചവരില്‍ രോഗപ്രതിരോധശേഷിയും ആന്റിബോഡിയും വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു.
മോഡേണയുടെ വാക്‌സിന്‍ ഈവര്‍ഷം നവംബറിലോ ഡിസംബറിലോ വിപണിയിലെത്തുമെന്നാണ് കരുതുന്നതെന്ന് യു.എസിലെ അലര്‍ജി-പകര്‍ച്ചവ്യാധി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. വാക്‌സിന്‍ പരീക്ഷണത്തെ ചരിത്രസംഭവമെന്ന് വിശേഷിപ്പിച്ച അദ്ദേഹം യു.എസ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ധൃതി കാണിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. അതേസമയം ഒക്ടോബറോടെ തങ്ങളുടെ വാക്‌സിന് വിതരണാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിസര്‍ അറിയിച്ചു. മോഡേണ വാക്‌സിന്‍ 60 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി പറഞ്ഞ അദ്ദേഹം സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി. വാക്‌സിന്‍ കുത്തിവച്ച പലരിലും കൊവിഡ് നെഗറ്റീവായതായാണ് റിപ്പോര്‍ട്ട്. രണ്ടു വാക്‌സിനും ഈരണ്ട് ഡോസ് വീതമാണുണ്ടാവുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.