2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

കൊള്ളലാഭക്കച്ചവടം തടയാന്‍ കടുത്ത നടപടി വേണം


 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 31 വരെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കില്‍ ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇതു വിഷുവിന്റെ തലേന്നാണ് അവസാനിക്കുക.

ജനതാ കര്‍ഫ്യൂവുമായി സഹകരിച്ച ജനത രാജ്യം അടച്ചിടുന്നതുമായും സഹകരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. വീട്ടിനു പുറത്തു ലക്ഷ്മണരേഖ വരച്ചു വീട്ടിനകത്ത് എല്ലാവരും കഴിഞ്ഞുകൂടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വൈറസിന്റെ സംക്രമണചക്രം പൊട്ടിക്കാന്‍ 21 ദിവസം വേണമെന്ന വിദഗ്ദ്ധാഭിപ്രായത്തെ തുടര്‍ന്നാണ് 21 ദിവസത്തേക്കു രാജ്യം അടച്ചിട്ടിരിക്കുന്നത്. സാമൂഹികമായ അകലം പാലിക്കുകയല്ലാതെ വൈറസിനെ തടയാന്‍ വേറെ വഴിയൊന്നുമില്ലെന്നും മറ്റു രാജ്യങ്ങളുടെ അനുഭവം അതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. രോഗം പൊട്ടിപ്പുറപ്പെട്ട ചൈന അതിവേഗം സാധാരണ നിലയിലേക്കു വന്നുകൊണ്ടിരിക്കുന്നത് ഇതിനാലാണ്.

എല്ലാ വിഭവങ്ങളുമുണ്ടായിട്ടും ഇറ്റലിക്കു കൊവിഡ്- 19നു മുന്നില്‍ നിസ്സഹായമായി നില്‍ക്കേണ്ടിവന്നത് രോഗവ്യാപനത്തെ അവര്‍ ഗൗരവമായി കാണാത്തതിനാലാണ്. സാമൂഹികമായ അകലം പാലിക്കുന്നതില്‍ ഇറ്റലി വരുത്തിയ വീഴ്ചയാണ് ലോകത്തിനു പാഠമായത്. രോഗികള്‍ പെരുകിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ ആ രാജ്യം പലരെയും മരണത്തിനു വിട്ടുകൊണ്ടിരിക്കുന്നു. പ്രായമായവരെയും ചികിത്സിച്ചാല്‍ ഭേദമാവില്ലെന്നു കരുതുന്നവരെയുമാണ് ഇറ്റലി മരണത്തിനു വിടുന്നത്. ഇറ്റലി ഒരു പാഠമായതുകൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ജനസംഖ്യയില്‍ ചൈനയോടൊപ്പം നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് കൊവിഡ്- 19ന്റെ സമൂഹവ്യാപനമുണ്ടായാല്‍ അനന്തരഫലം വിവരണാതീതമായിരിക്കും. രോഗികള്‍ ക്രമാതീതമായി പെരുകിയാല്‍ ഓരോ രോഗിക്കും വെവ്വേറെ വെന്റിലേറ്റര്‍ സൗകര്യമൊരുക്കാനുള്ള ശേഷി ഇന്നത്തെ അവസ്ഥയില്‍ നമ്മുടെ രാജ്യത്തിനില്ല. ഇത്തരമൊരു സ്ഥിതിയില്‍ കര്‍ഫ്യൂവിനു തുല്യമായ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നത് അനിവാര്യമാണ്. ഇത്തരമൊരു ഘട്ടത്തില്‍ സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കുക എന്നതു തന്നെയായിരിക്കണം പൗരസമൂഹത്തിന്റെ കടമ. ഇതിനു വിഘാതമായി പ്രവര്‍ത്തിക്കുന്നവരെ സാമൂഹ്യദ്രോഹികളായി കണക്കാക്കി അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയാണ് വേണ്ടത്.

ജനം വീടടച്ച് അകത്തിരിക്കുമ്പോള്‍ അവരുടെ ദൈനംദിന ചെലവുകളെക്കുറിച്ചും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഭൂരിഭാഗം ജനങ്ങളും തൊഴിലാളികളാണ്. അവരില്‍ തന്നെ ഭൂരിഭാഗം ദിവസക്കൂലിക്കാരും. അന്നന്നേക്കു കഴിഞ്ഞുകൂടുന്നതിനപ്പുറം നാളേക്കു മിച്ചംവയ്ക്കാന്‍ പലര്‍ക്കും കഴിയില്ല. ഇവര്‍ക്കൊക്കെ ഭക്ഷണം ലഭ്യമാക്കേണ്ടതുണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ കൃത്യമായ ഒരു സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ല.

കൊവിഡിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടകങ്ങളില്‍ കഴിഞ്ഞുകൂടുന്നവര്‍ പട്ടിണി മരണങ്ങള്‍ക്ക് ഇരകളാവാതിരിക്കാന്‍ സര്‍ക്കാര്‍ സത്വരശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. എ.പി.എല്‍, ബി.പി.എല്‍ പരിഗണന കൂടാതെ രണ്ടു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം.
ലോകമഹായുദ്ധത്തിനു സമാനമാണ് ഇന്നത്തെ അവസ്ഥയെന്നും ഓര്‍ക്കണം. രാജ്യങ്ങള്‍ തമ്മില്‍ ക്രയവിക്രയം നടക്കാത്തതിനാല്‍ പരിമിതമായ വിഭവങ്ങളായിരിക്കും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലുണ്ടാവുക. ഒന്നര വര്‍ഷത്തേക്കുള്ള നിത്യോപയോഗ വസ്തുക്കള്‍ രാജ്യത്തുണ്ടെന്നത് ആശ്വാസകരം തന്നെ. എന്നാല്‍ യുദ്ധകാലത്തുണ്ടാകാറുള്ളതു പോലെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും കൊറോണക്കാലത്തും തലപൊക്കിയിട്ടുണ്ട്. അവസരം മുതലാക്കി പലരും അമിത വിലയ്ക്കാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുകയായിരിക്കും ഇതിന്റെ അനന്തരഫലം.

ചെറിയ ഉള്ളിക്കു കിലോയ്ക്ക് 150 രൂപ വരെ കഴിഞ്ഞ ദിവസം ചില കച്ചവടക്കാര്‍ ഈടാക്കി. അരിക്കും മുളകിനും വില കൂട്ടിക്കൊണ്ടിരിക്കുന്നു. നഗരപ്രദേശങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളുണ്ടാകുമ്പോള്‍ ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും അതുണ്ടാകാത്തതിനാല്‍ തീവിലയാണ് സാധനങ്ങള്‍ക്ക് ഈടാക്കുന്നത്. വൈകീട്ട് അഞ്ചു മണിക്ക് കച്ചവടം തീര്‍ക്കേണ്ടതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊള്ളലാഭമെടുക്കുകയാണ് പല കച്ചവടക്കാരും.

കൊവിഡ് വ്യാപനത്തിനെതിരേ പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ജാഗ്രത കൊള്ളലാഭമെടുക്കുന്ന, പൂഴ്ത്തിവയ്പ്പു നടത്തുന്ന കച്ചവടക്കാര്‍ക്കെതിരേയും സര്‍ക്കാര്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു. സാധനദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയാണ് പല കച്ചവടക്കാരും അമിതലാഭമെടുക്കുന്നത്. എന്നാല്‍ ചരക്കുലോറികള്‍ക്ക് സംസ്ഥാന അതിര്‍ത്തികളില്‍ തടസ്സമില്ലെന്നു സര്‍ക്കാര്‍ പറയുന്നു. കൊവിഡിനെ മറയാക്കി കൊള്ളലാഭമെടുക്കുന്ന കച്ചവടക്കാര്‍ കഴുകന്‍ കണ്ണുകളോടെയാണ് ഇന്നത്തെ അവസ്ഥയെ മുതലാക്കുന്നത്. ഇതൊരിക്കലും അനുവദിച്ചുകൂടാ. കൊവിഡ് വ്യാപനത്തിനെതിരേ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്ന കടുത്ത നടപടികള്‍ കൊള്ളലാഭമെടുക്കുന്ന കച്ചവടക്കാര്‍ക്കെതിരേയും എടുക്കണം. അതിനായി സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടണം. വീട്ടിനുള്ളില്‍ കഴിയുന്ന സാധാരണക്കാര്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി പട്ടിണികിടക്കുന്ന അവസ്ഥയുണ്ടാകരുത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.