2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

കൊല്ലത്ത് കാറപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു

കൊല്ലം: ദേശീയപാതയില്‍ പാരിപ്പള്ളി ശ്രീരാമപുരത്ത് നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം കരിക്കോട് ചാത്തനാംകുളം അംബേദ്കര്‍ കോളനി സ്വദേശികളായ എസ്.കെ ഭവനില്‍ രാജു- ശശികല ദമ്പതികളുടെ മക്കളായ ശരത്‌ലാല്‍ (22), കിരണ്‍ലാല്‍ (20) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ കുഴിക്കരതൊടി വിനുഭവനില്‍ വിഷ്ണുരാജ് (23), ചാത്തിനാംകുളം വയലില്‍പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (22), ചാത്തിനാംകുളം കിണറുവിളവീട്ടില്‍ വിശാഖ് (21), കേരളപുരം ശ്രീരാജ്ഭവനില്‍ ശ്രീരാജ് (22) എന്നിവര്‍ക്കാണ് പരുക്ക്.
ഇന്നലെ പുലര്‍ച്ചെ 3.50 ഓടെയാണ് അപകടം. സുഹൃത്തിനെ യാത്രയാക്കിയശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൊല്ലത്തേക്ക് മടങ്ങുംവഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ വന്ന കാര്‍ ശ്രീരാമപുരത്ത് പാതയുടെ എതിര്‍ദിശയിലെ മണ്‍കൂനയിലിടിച്ച് മറിഞ്ഞശേഷം സമീപത്തെ മരത്തിലിടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചപ്പോഴേക്കും കിരണ്‍ലാല്‍ മരിച്ചു. തിരുവനന്തപുരത്തുവച്ച് ശരത്ത്‌ലാലും മരിച്ചു. പരുക്കേറ്റ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാളെ അനന്തപുരി ആശുപത്രിയിലേക്കും മാറ്റി. കിരണ്‍ലാല്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരനും ശരത്‌ലാല്‍ എന്‍ജിനീയറിങ് ബിരുദധാരിയുമാണ്. പാരിപ്പള്ളി പൊലിസ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.