2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കൊല്ലത്ത് എല്‍.ജി.എസ് ലിസ്റ്റ് അവസാനിച്ചിട്ട് രണ്ടരമാസം; അഡൈ്വസ് അയക്കാതെ പി.എസ്.സി

കൊട്ടിയം: ലാസ്റ്റ് ഗ്രേഡിന്റെ കൊല്ലം ജില്ലാതല പഴയ റാങ്ക് ലിസ്റ്റ് അവസാനിച്ച് രണ്ടരമാസം പിന്നിട്ടിട്ടും അതില്‍ നിന്നുള്ള അവസാനഘട്ട അഡൈ്വസും നിയമനവും അകാരണമായി വൈകുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. പുതിയ ലിസ്റ്റ് വന്നിട്ട് രണ്ടരമാസമാകാറായിട്ടും ഒരാളെ പോലും നിയമിക്കാനാകാത്തത് കഴിഞ്ഞ ജൂണ്‍ 30ന് നിലവില്‍ വന്ന ലാസ്റ്റ് ഗ്രേഡ് ലിസ്റ്റുകാരുടെ സാധ്യതയെയും പൂര്‍ണമായി ഇല്ലാതാക്കുന്നതായി പരാതിയുണ്ട്.
കൊല്ലം ജില്ലയിലെ എല്‍.ജി.എസ് 2015-2018 കാലഘട്ടത്തിലെ അവസാന ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത് കഴിഞ്ഞ ജൂണ്‍ 29 നാണ്. ജൂണ്‍ 30 ന് പുതിയ ലിസ്റ്റ് നിലവില്‍വരുകയും ചെയ്തു.
ആ ലിസ്റ്റിലേക്ക് നീക്കിവയ്ക്കപ്പെട്ട 15 ഒഴിവുകളാണ് പി.എസ്.സിയുടെ നിരുത്തരവാദിത്വപരമായ അഡൈ്വസ് അയക്കല്‍ മൂലം വൈകുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. ഇതില്‍ ഒന്‍പത് എണ്ണം ജില്ലാതല ഒഴിവുകളും ആറ് എണ്ണം സംസ്ഥാനതല ഒഴിവുകളുമാണ്. ഇതിന്റെ നിയമന റൊട്ടേഷനിലെ സാങ്കേതികത്വം പറഞ്ഞാണ് ജില്ലാ ഓഫിസ് ഇതുവരെ അഡൈ്വസ് വൈകിപ്പിച്ചുകൊണ്ടിരുന്നത്.
എന്നാല്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് ജില്ലാ ഓഫിസുകള്‍ പലതും ദുരിതാശ്വാസഫണ്ട് പിരിവിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധയൂന്നിയതാണ് ഇതിന് മറ്റൊരു കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ നിയമനം നിര്‍ത്തിവയ്ക്കാനോ ഇനി അഡൈ്വസ് അയയ്ക്കരുതെന്നോ മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.