2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കൊല്ലം ബൈപാസ്: സി.പി.എമ്മിനെതിരേ ആഞ്ഞടിച്ച് പ്രേമചന്ദ്രന്‍

കൊല്ലം: ബൈപാസ് ഉദ്ഘാടനം അനന്തമായി നീട്ടികൊണ്ടുപോകാന്‍ സി.പി.എമ്മിലെ ഒരു വിഭാഗം നടത്തിയ ആസൂത്രിത നീക്കം പൊളിഞ്ഞതിലുള്ള നഷ്ടബോധമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊല്ലം നഗരം ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുമ്പോള്‍ എന്തിനുവേണ്ടിയാണ് ഉദ്ഘാടനം ഫെബ്രുവരിയിലേക്ക് നീട്ടി നിശ്ചയിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
പ്രവൃത്തി പൂര്‍ത്തിയായ ഘട്ടത്തില്‍തന്നെ ഏറ്റവും അടുത്ത തിയതിയില്‍ ബൈപാസ് ഉദ്ഘാടനം ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുക്കേണ്ടതായിരുന്നു. എന്നാല്‍ ജില്ലയില്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി ബൈപാസ് ഉദ്ഘാടനം അടുത്ത കാലത്തെങ്ങും നടത്താതിരിക്കാനുളള ശ്രമമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബൈപാസിന്റെ മൂന്നും നാലും ഘട്ടത്തിന്റെ നിര്‍മാണം ആരംഭിക്കാനുളള നിര്‍ണായക തീരുമാനം കൈകൊണ്ട് പ്രവര്‍ത്തി ആരംഭിച്ചത് യു.പി.എ-യു.ഡി.എഫ് കാലഘട്ടത്തിലാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്, മുന്‍ എം.പി പീതാംബരകുറുപ്പ് എന്നിവര്‍ കാര്യക്ഷമതയോടെ നിര്‍മാണത്തിനുള്ള ഭരണനടപടികള്‍ പൂര്‍ത്തീകരിച്ചു. തന്റെ കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.
മേവറം മുതല്‍ അയത്തില്‍ വരെയുള്ള ഒന്നാം ഘട്ടം എസ്. കൃഷ്ണകുമാര്‍ എം.പി ആയിരുന്നപ്പോഴും അയത്തില്‍ മുതല്‍ കല്ലുംതാഴം വരെയുള്ള രണ്ടാംഘട്ടം താന്‍ 1996-1999 കാലഘട്ടത്തില്‍ എം.പി ആയിരുന്നപ്പോഴും നിര്‍മാണം നടത്തി.  കല്ലുംതാഴം മുതല്‍ കാവനാട് വരെയുള്ള ഇപ്പോള്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയ മൂന്നും നാലും ഘട്ടത്തിന് 2014 ജനുവരി 17ന് അംഗീകാരം ലഭിച്ചെങ്കിലും പ്രവൃത്തി ആരംഭിച്ചിരുന്നില്ല. എസ്റ്റിമേറ്റ് തുക വര്‍ധിച്ചതിനാല്‍ വര്‍ധിച്ച തുകയ്ക്ക് സാമ്പത്തികവും സാങ്കേതികവുമായ അനുമതിയും ഭരണപരമായ അംഗീകാരവും ആവശ്യമായിരുന്നു. ഭരണ സാങ്കേതിക സാമ്പത്തിക അനുമതി നിരന്തരമായ പരിശ്രമത്തിലൂടെയാണ് നേടിയെടുത്തത്. 2015 ജനുവരി 23ന് കേന്ദ്രസര്‍ക്കാരില്‍നിന്നു വര്‍ധിച്ച തുകയുടെ അനുമതി ലഭ്യമാക്കി. ജനുവരി 24ന് തന്നെ കരാര്‍ ഉറപ്പിച്ചു. 2015 മെയ് 27ന് പ്രവൃത്തി ആരംഭിച്ച് നവംബര്‍ 26ന് ല്‍ പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. യു.ഡി.എഫ് കാലത്ത് നിര്‍മാണത്തിന്റെ 30 ശതമാനം പൂര്‍ത്തീകരിച്ചിരുന്നു. നിര്‍മാണത്തിന്റെ ഏറ്റവും ദുര്‍ഘടമായ പൈലിങ് പോലെയുള്ള ജോലികളാണ് പൂര്‍ത്തിയാക്കിയത്. കരാര്‍ കാലാവധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാവുന്നതായ ജോലികള്‍ മാത്രമാണ് അവശേഷിച്ചത്. ബൈപാസ് നിര്‍മാണം വേഗത്തിലാക്കിയെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ കരാര്‍ കാലാവധി ഒരു വര്‍ഷം ദീര്‍ഘിപ്പിക്കുകയാണുണ്ടായത്. ഇടതു സര്‍ക്കാര്‍ നിര്‍മാണത്തിനാവശ്യമായ പാറയും മെറ്റലും കൊണ്ടുവരാന്‍ അനുവദിച്ചില്ല. 2018 ഓഗസ്റ്റ് 22 വരെ നിര്‍മാണ കാലാവധി ദീര്‍ഘിപ്പിച്ചിട്ടും പ്രവൃത്തി തീര്‍ത്തില്ല.
ഈ അവസരത്തിലാണ് എം.പി എന്ന നിലയില്‍ ദേശീയപാത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദര്‍ശിച്ച് യോഗം ചേര്‍ന്നു. ഈ യോഗത്തിലെ തീരുമാനമാണ് കരാര്‍ നീട്ടി ബൈപാസ് നിര്‍മാണം അനന്തമായി ദീര്‍ഘിപ്പിക്കാനുള്ള നീക്കം തടഞ്ഞത്. ഉദ്ഘാടനം അനന്തമായി നീട്ടാനുള്ള നീക്കം നടക്കുന്നുവെന്ന് മനസിലാക്കി യു.ഡി.എഫ് ബൈപാസിന്റെ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ഏറ്റവും അടുത്ത തിയതിയില്‍ ബൈപാസ് ജനങ്ങള്‍ക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന് എം.പി എന്ന നിലയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. ജനുവരിയില്‍ തന്നെ ബൈപാസ് കമ്മിഷന്‍ ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. തുടര്‍ന്ന് കേന്ദ്ര ദേശീയപാത മന്ത്രാലയം ജനുവരിയില്‍ ബൈപാസ് ഉദ്ഘാടനത്തിനുള്ള സൗകര്യം ആരാഞ്ഞ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജനുവരിയില്‍ത്തന്നെ ഗതാഗതത്തിനായി ബൈപാസ് തുറന്നു കൊടുക്കുമെന്ന് വാര്‍ത്തകള്‍ വന്ന് മൂന്നാം ദിവസം ഫെബ്രുവരി രണ്ടിന്റെ പ്രഖ്യാപനം സംസ്ഥാന മരാമത്ത് വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിന്റെ നിജസ്ഥിതി അറിയാന്‍ കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയപ്പോഴാണ് മന്ത്രാലയമോ കേന്ദ്രമന്ത്രിയോ അറിയാതെയാണ് കേന്ദ്ര പദ്ധതിയായ ദേശീയപാത ബൈപാസിന്റെ ഉദ്ഘാടന തിയതി ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രാലയം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ തീരുമാനിക്കുകയും ആദ്യം വിവരം സംസ്ഥാന സര്‍ക്കാരിനെയും തുടര്‍ന്ന് സ്ഥലം എം.പി എന്ന നിലയില്‍ എന്നെയും അറിയിച്ചത്. ബൈപാസ് ഉദ്ഘാടനം നടക്കാതെയിരിക്കണമെന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നിക്ഷിപ്ത താല്പര്യം നടക്കാതെ പോയതിനാണ് മാനസികനില തെറ്റിയ വിധം സി.പി.എം ആരോപണം ഉന്നയിക്കുന്നത്. വികസനത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിസന്ധി സൃഷ്ടിക്കുകയും അതിനെയൊക്കെ അതിജീവിച്ച് വികസനം യാഥാര്‍ഥ്യമാക്കുമ്പോള്‍ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയ നിലപാടാണ് സി.പി.എമ്മിലെ ഒരു വിഭാഗം കൈക്കൊള്ളുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഹീനമായ അപവാദപ്രചരണവുമായി പൊടുന്നനെ സി.പി.എം ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.