2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊറോണ പേടിയില്‍ അഞ്ച് രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ച ഡച്ച് കപ്പലിന് തുണയായി, കനിവാണ് കംബോഡിയ

എം.ഷഹീര്‍ 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
കൊച്ചി: കൊവിഡ് 19 കൊറോണ വൈറസ് ബാധിച്ചവരുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡച്ച് കപ്പലിന് ജപ്പാനുള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ നങ്കൂരമിടാന്‍ അനുമതി നിഷേധിച്ചപ്പോള്‍ തുണയായത് കംബോഡിയ. 
പ്രധാനമന്ത്രിയുള്‍പ്പെടെ എത്തിയാണ് യാത്രക്കാരെ കംബോഡിയ നാട്ടിലേക്കു സ്വീകരിച്ചത്. നെതര്‍ലെന്‍ഡ്‌സ് ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിയുടെ എം.എസ് വെസ്റ്റെര്‍ഡാം എന്ന യാത്രാക്കപ്പലിനാണ് വൈറസ് പേടി മൂലം ദിവസങ്ങളോളം കടലില്‍ അലയേണ്ടി വന്നത്. 
ജീവനക്കാരുള്‍പ്പെടെ 1455 യാത്രക്കാരുമായി ഫെബ്രുവരി ഒന്നിനാണ് കപ്പല്‍ ഹോങ്കോങ് തുറമുഖത്തുനിന്ന് ജപ്പാനിലെ യൊക്കോഹോമ തുറമുഖത്തേക്കു യാത്ര തിരിച്ചത്. ജീവനക്കാരില്‍ മലയാളിയായ കോട്ടയം പുതുപ്പള്ളി സ്വദേശി ബിട്ടാ കുരുവിളയുമുണ്ട്. 
കപ്പലിലെ എക്‌സിക്യൂട്ടീവ് ഷെഫാണ് ബിട്ട. 15ന് യൊക്കോഹോമ തുറമുഖത്തെത്തിയ കപ്പലിന് ജപ്പാന്‍ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. കപ്പല്‍ യാത്ര തുടങ്ങിയത് ചൈനയുടെ ഭാഗമായ ഹോങ്കോങില്‍നിന്നാണെന്നതും യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് അഭ്യൂഹം പരന്നതുമാണ് അനുമതി നിഷേധിക്കാനിടയാക്കിയത്. 
പിന്നീട് ഫിലിപ്പൈന്‍സിലെ മനില, തായ്‌ലാന്‍ഡിലെ ലാന്‍ഷാബാങ് , യു.എസിലെ ക്യുവാം എന്നീ തുറമുഖങ്ങളെയും പ്രവേശനാനുമതിക്കായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
 13ന് രാവിലെ ഏഴിന്  കംബോഡിയയിലെ സിഹിനോക്കവില്ലെ തുറമുഖത്തെത്തി. യാത്രക്കാരില്‍ 20 പേര്‍ക്ക് യാത്രാസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചിരുന്നു. ഇവരെ കംബോഡിയന്‍ അധികൃതര്‍ വിവിധ പരിശോധനകള്‍ നടത്തി കൊറോണ നെഗറ്റീവാണെന്ന് ഉറപ്പു വരുത്തി. തുടര്‍ന്ന് പ്രധാനമന്ത്രി ഹുന്‍ സെന്നും ഉദ്യോഗസ്ഥരുമടക്കം വലിയൊരു സംഘം തന്നെ കപ്പലിലെ യാത്രക്കാരെ സ്വീകരിക്കാന്‍ തുറമുഖത്തെത്തി. 
പ്രമുഖ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ചപ്പോഴും ചെറിയ രാജ്യമായ കംബോഡിയയുടെ മനുഷ്യത്വപരമായ ഇടപെടല്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
 കപ്പലില്‍  യു.എസ്, കാനഡ, നെതര്‍ലന്‍ഡ്‌സ്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണുണ്ടായിരുന്നത്. ഈ രാജ്യങ്ങളിലെ സ്ഥാനപതിമാരുള്‍പ്പെടെ എത്തി തുടര്‍ യാത്രയ്ക്കാവശ്യമായ നടപടികള്‍ക്കു നേതൃത്വം നല്‍കി. 
ഇന്ന് 410 യാത്രക്കാര്‍ വിയറ്റ്‌നാമിലേക്ക് വിമാന മാര്‍ഗം പോകും. വിയറ്റ്‌നാമില്‍നിന്ന് അവരുടെ രാജ്യങ്ങളിലേക്കും മടങ്ങും. ബാക്കിയുള്ള യാത്രക്കാരും പിന്നീട് വിയറ്റ്‌നാം വഴി യാത്ര തിരിക്കും. 
യാത്രാക്കപ്പല്‍ കംബോഡിയന്‍ തുറമുഖത്തുനിന്ന് യാത്ര തിരിച്ച് 29ന് യൊക്കോഹമയിലെത്തും. തങ്ങള്‍ക്ക് യൊക്കൊഹോമ തുറമുഖ അധികൃതര്‍ വീണ്ടും അനുമതി നിഷേധിക്കില്ലെന്നാണ് കരുതുന്നതെന്ന് ബിട്ടാ കുരുവിള സുപ്രഭാതത്തോട് പറഞ്ഞു. 
വെറുമൊരു അഭ്യൂഹത്തിന്റെ പേരില്‍ തങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച വിവിധ രാജ്യങ്ങളുടെ നടപടി ഏറെ വിഷമമുണ്ടാക്കിയെന്ന് ബിട്ടാ പറഞ്ഞു. കംബോഡിയന്‍ അധികൃതര്‍ തങ്ങളോട് കാണിച്ച സന്മനസും നല്‍കിയ സ്വീകരണവും അവരുടെ സാംസ്‌കാരിക ഉയര്‍ച്ചയെയാണ് കാണിക്കുന്നതെന്നും ബിട്ടാ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.