2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘കൊന്നത് ‘ ബാങ്ക് അല്ല

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ച് ആത്മഹത്യാക്കുറിപ്പ്. സംഭവം നടന്ന മുറിയുടെ ഭിത്തിയിലാണ് മരിച്ച ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും പേരോടുകൂടിയ കുറിപ്പ് കണ്ടെത്തിയത്.

കുറിപ്പിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ രുദ്രന്‍ (52), അമ്മ കൃഷ്ണമ്മ (72), അവരുടെ സഹോദരി ശാന്ത (60), ഭര്‍ത്താവ് കാശിനാഥന്‍ (64) എന്നിവരെ പൊലിസ് അറസ്റ്റുചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഇന്നലെ രാവിലെ പൊലിസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് ഭിത്തിയില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. പുറമേ ചുവരില്‍ എഴുതി വയ്ക്കുകയും ചെയ്തിരുന്നു. തന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മ, ചന്ദ്രന്‍, കാശി, ശാന്ത എന്നിവരാണെന്നാണ് കത്തില്‍ പറയുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ തന്നെ വിഷം നല്‍കി കൊല്ലാന്‍ നോക്കിയെന്നും തന്നെയും മകളെയും കുറിച്ച്് അപവാദം പറയുന്നതായും ആരോപിക്കുന്നുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കാറുണ്ടെന്നും മന്ത്രവാദിയുടെ വാക്ക് കേട്ട് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും കുറിപ്പിലുണ്ട്. കടംവീട്ടാന്‍ വീട് വില്‍ക്കുന്നത് കൃഷ്ണമ്മ തടഞ്ഞെന്നും ജപ്തി നോട്ടിസ് ലഭിച്ചിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും നോട്ടിസ് പുരയിടത്തിലെ ആല്‍ത്തറയില്‍ പൂജിക്കുകയാണ് ചെയ്തതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ബാങ്കിനെതിരായ പരാമര്‍ശങ്ങളൊന്നും കത്തില്‍ എഴുതിയിട്ടില്ല. ആത്മഹത്യക്ക് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്ന് ഭിത്തിയില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു.
ചൊവ്വാഴ്ച്ച സംഭവം നടന്നതിനെ തുടര്‍ന്ന് പ്രദേശവാസികളും പൊലിസും വീട്ടിനുള്ളിലെത്തിയെങ്കിലും ഈ കുറിപ്പ് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് പൊലിസ് വീട് സീല്‍ ചെയ്തതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്ളില്‍ കടക്കാനുമായില്ല. ജനലില്‍ കൂടി ഉള്ളിലേക്കു നോക്കുമ്പോഴുള്ള കാഴ്ചയുടെ എതിര്‍ ഭിത്തിയിലായിരുന്നു കുറിപ്പ്. ഇന്നലെ രാവിലെ കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ നാലു പേരെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പൊലിസ് കസ്റ്റഡിയിലായിരുന്ന ചന്ദ്രനെ മൃതദേഹങ്ങള്‍ കാണിക്കാനെത്തിച്ചിരുന്നു. മാധ്യമങ്ങളോട് ആരോപണങ്ങള്‍ നിഷേധിച്ച ചന്ദ്രന്‍ അമ്മയും ലേഖയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സമ്മതിച്ചു.
കാനറാബാങ്കില്‍ നിന്നുള്ള ജപ്തിഭീഷണി കാരണമാണ് ആത്മഹത്യയെന്നായിരുന്നു ചന്ദ്രനും കൃഷ്ണമ്മയും പറഞ്ഞിരുന്നത്.

 

ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ രൂപം

‘എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ചന്ദ്രന്‍, കാശി, ശാന്ത ഇവരാണ്. ഞാന്‍ വന്ന കാലം മുതല്‍ ഇത് അനുഭവിക്കുന്നതാണ്. എന്നെയും മോളെയും പറ്റി ലോകം മുഴുവന്‍ പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയുമാണ്. എന്നെ സ്ത്രീധനം തരാത്തതിന് കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി. എന്റെ ജീവന്‍ രക്ഷിക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം ചെയ്യിച്ചു. എന്നിട്ട് എന്നെ വീട്ടില്‍ കൊണ്ടു വിട്ടിട്ട് പോയി. എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്. നേരം വെളുത്താല്‍ മുതല്‍ അവസാനം വരെ എന്നെയും മോളെയും കൃഷ്ണമ്മ വഴക്ക് പറയുകയാണ്. നിന്നെയും നിന്റെ മോളെയും ഞാന്‍ കൊല്ലും എന്നാണ് പറയുന്നത്. എന്നും ഇതാണ് ഞാന്‍ അനുഭവിക്കുന്നത്.

കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോഴും അവിടെയും തടസം നില്‍ക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആല്‍ത്തറ ഉണ്ട്, അവര്‍ നോക്കിക്കോളും ഒന്നും പേടിക്കണ്ട, അവര്‍ വസിക്കുന്ന മണ്ണ് അവര്‍ നോക്കിക്കോളും എന്ന് പറഞ്ഞ് അവര്‍ മോനെ വഴി തെറ്റിക്കും. നാട്ടുകാരുടെ കയ്യില്‍ നിന്ന് ചന്ദ്രന്‍ (എന്റെ ഭര്‍ത്താവ്) അറിയാതെ ഞാന്‍ അഞ്ച് പൈസ ആരില്‍ നിന്നും വാങ്ങിയിട്ടില്ല. ഞാന്‍ അയച്ച പൈസ മകന് അറിയാം. ഞാന്‍ ബാങ്കിലും നാട്ടുകാര്‍ക്കും പലിശയും കൊടുത്തു. 22,000 രൂപ ശമ്പളമാണ്. രണ്ട് ലോണുണ്ട്. പലിശക്കാര്‍ എന്നോട് എന്ത് ചെയ്തു എന്ന് ഭര്‍ത്താവിന് അറിയാം. അതിന് ശേഷം ഒന്‍പത് മാസമായി ഭര്‍ത്താവ് വന്നിട്ട്.
ലോണില്‍ ബാങ്കില്‍ നിന്ന് ജപ്തിയായി. പത്രത്തില്‍ ഇട്ടു. ജപ്തി നോട്ടിസ് ഇട്ടു. എന്നിട്ടും ഭര്‍ത്താവ് ബാങ്കില്‍ ചെന്ന് അന്വേഷിച്ചില്ല. ജപ്തി നോട്ടിസ് മന്ത്രവാദക്കളത്തില്‍ ആല്‍ത്തറയില്‍ ഇട്ട് പൂജിക്കുകയാണ് അമ്മയുടെയും മകന്റെയും ജോലി.

ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. അമ്മയുടെ വാക്ക് കേട്ട് എന്നെ തല്ലുകയും ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും. അമ്മയുടെ മുന്നില്‍ ആളാകാന്‍ എന്തും പറയും.
എനിക്കും എന്റെ കൊച്ചിനും ആഹാരം കഴിക്കാന്‍ പോലും അവകാശമില്ല. ഈ വീട്ടില്‍ മന്ത്രവാദം നടത്തിയിട്ടുണ്ട്. ശാന്ത ചന്ദ്രനെകൊണ്ട് പെണ്ണ് കെട്ടിക്കാന്‍ നോക്കുകയാണ്. ശാന്തയ്ക്ക് എന്തിന്റെ സുഖക്കേട് ആണെന്ന് അറിയില്ല. നാട്ടുകാര്‍ അറിയണം. എന്റെയും മകളുടെയും മരണകാരണം ഈ നാലുപേര്‍ ആണ്. ഞങ്ങളെ ജീവിക്കാന്‍ ഇവര്‍ അനുവദിക്കുകയില്ല.”

എന്ന്,
ലേഖ, വൈഷ്ണവി

ദുരൂഹതയൊഴിയാതെ ആത്മഹത്യാക്കുറിപ്പും ഭിത്തിയിലെ എഴുത്തും

തിരുവനന്തപുരം: കേസില്‍ വഴിത്തിരിവായ ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് ദുരൂഹത ഒഴിയുന്നില്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ മുറിയില്‍ സംഭവം നടന്ന ശേഷം നിരവധി നാട്ടുകാര്‍ എത്തിയെങ്കിലും ഭിത്തിയില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നതും ഒട്ടിച്ചിരുന്ന മൂന്ന് പേജും ആരുടെയും ശ്രദ്ധയില്‍പെട്ടില്ലായെന്നത് ദുരൂഹതയുണര്‍ത്തുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.


കുടുംബത്തിന്റെ വസ്തു കച്ചവടത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ ഇടപെട്ടിരുന്നെന്ന് നാട്ടുകാര്‍ സൂചിപ്പിക്കുന്നുണ്ട്. സംഭവ ദിവസം ഉച്ചയ്ക്ക് വസ്തു വാങ്ങാനായി ഒരു കൂട്ടര്‍ അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും പെട്ടെന്ന് അവര്‍ പിന്‍മാറിയിരുന്നു.
റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലുണ്ടായെന്ന ആരോപണമുയര്‍ന്നതോടെ ആത്മഹത്യ വഴിതിരിച്ചുവിടാനുള്ള ശ്രമമുള്ളതായും സംശയമുണ്ട്. ഈ ദുരൂഹത അഴിക്കലാണ് അന്വേഷണസംഘത്തിന്റെ അടുത്ത ലക്ഷ്യം. ഇതിന് കൈയക്ഷര പരിശോധനയും മറ്റും നടത്തേണ്ടി വരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.