2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊതുകിനും വേണം വിശുദ്ധപദവി

അഷറഫ് ചേരാപുരം 9846344741

കൊതുകമ്മേ കൊതുകമ്മേ കടിച്ചു കൊല്ല്… നിന്റെ കൊതി തീരും വരേയെന്നെ കടിച്ചു കൊല്ല്
കടമ്മനിട്ടകവിത പാടി കാലും ചൊറിഞ്ഞിരിക്കുകയാണു മലയാളി.

കൊതുകാണിപ്പോ ള്‍താരം. നല്ല കിലാകണ്ഠന്‍ കൊതുകുകളുടെ കടിയേറ്റു ജ്വരംപിടിച്ചു വിറയ്ക്കുകയാണു ശുചിത്വബോധമേറെയുള്ള മലയാളി.

സംസ്‌കാരം, വൃത്തി, പൗരബോധം, ആരോഗ്യം, സാക്ഷരത എന്നുവേണ്ട സകലഗുണ സമ്പന്നരും തൃകാലജ്ഞാനികളും രാഷ്ട്രീയാവബോധവുമുള്ള ഒറിജിനല്‍ മലയാളി പനിച്ചു വിറയ്ക്കുകയാണ്. ആശുപത്രികളില്‍ കിടക്കാനിടമില്ല. തറയിലും വഴിയിലും ഗ്ലൂക്കോസ് കന്നാസും തൂക്കിപ്പിടിച്ചു പനിച്ചു ചടച്ചുകിടക്കുന്നവരുടെ ദയനീയരംഗങ്ങള്‍ രായ്ക്കുരാമാനം നമ്മുടെ ദൃശ്യശ്രാവ്യോപാധികളിലൂടെ പുറത്തു വന്നുകൊണ്ടേയിരിക്കുന്നു.
ഒന്നും രണ്ടുമല്ല ഇരുനൂറിലേറെ വിലപ്പെട്ട ജീവനുകളെയാണു കൊതുകുപട യമലോകത്തേക്കയച്ചത്. കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്താന്‍ മൂളിപ്പാട്ടുമായി വന്നു കടിച്ചു ചോരകുടിച്ചു രോഗം പരത്തി കൊതുകുകള്‍ വിളയാടുകയാണ്.

ഡെങ്കി, ചിക്കന്‍, ജപ്പാന്‍, മഞ്ഞ തുടങ്ങി രുചികരവും വര്‍ണമനോഹരവുമായ നിരവധി പേരുകളില്‍ ജ്വരം മലയാളത്തില്‍ സുലഭം. അനോഫിലസുകളും ക്യൂലക്‌സുകളും ഈഡിസുകളുമടക്കം കൊതുകു സാമ്രാജ്യത്തിലെ ഭടന്മാര്‍ അത്യാധുനിക ആക്രമണപ്രത്യാക്രമണ വ്യുല്‍പ്പത്തി നേടി സജീവം. മുവ്വായിരത്തോളം ജാതികള്‍ ആഗോളതലത്തിലുണ്ടെങ്കിലും ഈ മൂന്നെണ്ണംതന്നെ മതി കേരളസാമ്രാജ്യത്തെ വിറപ്പിച്ചു നിര്‍ത്താന്‍.

പണ്ടേയ്ക്കു പണ്ടേ മനുഷ്യരാശിയും കൊതുകുകളും ശത്രുക്കളാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. അടിച്ചുകൊന്നാലും വീശിക്കൊന്നാലും പുകച്ചുകൊന്നാലുമെല്ലാം ലവലേശം വീര്യംവിടാതെ കോമളമേനിയില്‍ സാകൂതം സൂചി കുത്തിയിറക്കുന്നതില്‍ ഒരിക്കലും പിന്നോട്ടടിക്കാറില്ല ഈ മഹാപാവങ്ങള്‍.

പണ്ടൊക്കെ ചണ്ടിയും തുണിയുമൊക്കെ പുകച്ചും കൈവീശിയുമൊക്കെയാണു മാനവര്‍ കൊതുകുസംഹാരം നടത്തിയത്. കാലം മാറിയതോടെ ആധുനിക സാങ്കേതികവിദ്യയെത്തി. തിരികളും ബിസ്‌ക്കറ്റുകളും കടന്നു കൊതുകിനെ കിലോമീറ്ററുകള്‍ക്കപ്പുറത്തു തടഞ്ഞുനിര്‍ത്തുമെന്ന് അവകാശപ്പെടുന്ന യന്ത്രങ്ങള്‍വരെ രംഗത്തെത്തി.
നാടോടുമ്പോള്‍ നെടുകെ ഓടണമെന്നു മനുഷ്യരേക്കാള്‍ നന്നായി പഠിച്ചതുപോലെ തങ്ങളുടെ ശൈലിയും നൈപുണ്യവും കാലത്തിനനുസരിച്ചു മാറ്റാന്‍ തയാറായി കൊതുകുകളും രംഗത്തെത്തി. കൂടുതല്‍ കരുത്ത്, കൂടുതല്‍ വേഗം എന്ന പോളിസി സ്വീകരിച്ചു പണ്ട് ദിനംപ്രതി നാലുപേരെ കടിച്ചിരുന്ന കൊതുക് പരാക്രമത്തിന്റെ തോതു കൂട്ടി. പരമാവധി കടിയുടെ എണ്ണം ഇരട്ടിയാക്കിയെന്നു മാത്രമല്ല ആക്രമണതീക്ഷ്ണതയ്ക്കും വ്യത്യാസമുണ്ടായി.

തങ്ങളെ മുച്ചൂടുമങ്ങു സംഹരിച്ചുകളയാമെന്നു കരുതി മനുഷ്യന്‍ കമ്പോളത്തിലിറക്കിയ മരുന്നിനെയും മന്ത്രത്തിനെയുമെല്ലാം മറികടക്കാനുള്ള ശക്തിയാര്‍ജിച്ചാണു പുതിയ കൊതുകു ഭടന്മാര്‍ പുനര്‍ജനിച്ചത്.
നിരന്തരശല്യക്കാരെ മനുഷ്യര്‍ കൊതുകിനോടുപമിക്കാറുണ്ട്. പക്ഷേ, നിരന്തരമായ പരിശ്രമമാണു തങ്ങളുടെ വിജയമെന്ന് അവര്‍ക്കറിയില്ലെന്നാണു കൊതുകുകളുടെ ഭാഷ്യം. കാരണം, കൊല്ലാകൊല്ലം തങ്ങളുടെ കര്‍മമേഖലയില്‍ ജാഗ്രതയോടെ നിലകൊള്ളുന്ന തങ്ങളുടെ വര്‍ഗത്തെ അടച്ചാക്ഷേപിക്കാന്‍ എന്തവകാശമാണിവര്‍ക്കുള്ളത്.
പരസ്പരം കൊന്നും കൊടുത്തും തിന്നും രമിച്ചും ഭൂവിലാകെ അസ്ഥിരതയും അസമാധാനവും വിതയ്ക്കുന്ന നിങ്ങളെങ്ങനെ ഞങ്ങളെ പഴിപറയുമെന്ന്. വെട്ടിയും കുത്തിയും സഹജീവിയുടെ രക്തം മണ്ണിലൊഴുക്കി രസിക്കുമ്പോള്‍ ഒരിറ്റു ചോരകൊണ്ടു ഞങ്ങള്‍ പൈദാഹമകറ്റുന്നതാണോ മഹാപാപം. പിന്നെ, രോഗങ്ങളെല്ലാം സ്വയംകൃതാ……നാര്‍ഥമെന്നു മാനവര്‍ ഉള്ളാലെ സമ്മതിക്കേണ്ടിവരുമെന്ന സൂചനയും പാവങ്ങള്‍ നല്‍കി. പിറക്കാനും പൊറുക്കാനും പെരുകാനും പറക്കാനുമെല്ലാം ഇടംനല്‍കിയവര്‍ ജീവിക്കാനനുവദിക്കാത്തതും കുറ്റം പറയുന്നതും ന്യായമല്ലെന്നാണു കൊതുകു മതം.

ഉത്തരാധുനികനും സര്‍വോപരി സല്‍ഗുണസമ്പന്നരും ധിഷണാശാലികളും അഖിലലോകങ്ങളുമടക്കിവാഴുന്നവരുമെന്ന് അഹങ്കരിക്കുന്ന ഈ മനുഷ്യവര്‍ഗം ഒന്നരമില്ലീമീറ്ററു മാത്രമുള്ള ഈഡിസ് ഈജിപ്തിയുടെ മൂളിപ്പാട്ടുകേട്ടു പേടിക്കയോ.. അയ്യയ്യേ നാണക്കേട്.

പശുവിനും പോത്തിനും പട്ടിക്കുമെല്ലാം വിശുദ്ധപദവി കിട്ടുന്ന കാലത്ത് ഈ പ്രാണിവര്‍ഗത്തിനും പ്രമാണിത്തമുണ്ടാവാതിരിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.