
കൊടുവള്ളി: ദേശീയപാതയുടെ ഇരുഭാഗങ്ങളെ ബന്ധിപ്പിച്ച് കൊടുവള്ളിയില്‍ നിര്‍മിക്കുന്ന മേല്‍പാല നിര്‍മാണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
കാരാട്ട് റസാക്ക് എം.എല്‍.എയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആര്.ബി.ഡി.സി, പൊതുമരാമത്ത്, റവന്യൂ, ദേശീയപാത എന്നീ വകുപ്പുകള്‍, കൊടുവള്ളി നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു. നേരത്തെ തയ്യാറാക്കിയ അലൈന്മെന്റില് കൊടുവള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനും യത്തീംഖാന പള്ളിയുടെ മിനാരവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവ ഒഴിവാക്കിയാല്‍ മാത്രമേ ഈ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് വകുപ്പ് മന്ത്രിമാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍ ശീറാം സാംബശിവറാവു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ആന്റണി തങ്കച്ചന്, റവന്യൂ ഇന്‍സ്പെക്ടര്‍ സാനി എബ്രഹാം, ആര്.ബി.ഡി.സി പ്രൊജക്ട് കോഡിനേറ്റര്‍ വത്സരാജ്, തഹസില്‍ദാര്‍ (എല്‍.എ) നിര്‍മല്‍ റീത്ത ഗോമസ്, വാല്യൂവേഷന്‍ അസിസ്റ്റന്റ് രാധാകൃഷ്ണന്, ദേശീയപാത വിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, അസി. എന്‍ജിനീയര്‍ ഉബൈദ, പൊതുമരാമത്ത് (റോഡ് വിഭാഗം) അസി. എന്‍ജിനീയര്‍ ജെല്ജിത്ത്, നഗരസഭ ജൂനിയര്‍ സൂപ്രണ്ടണ്ട് കൃഷ്ണമൂര്‍ത്തി തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേനേ 55.58കോടി ചെലവഴിച്ചാണ് മേല്‍പാലം നിര്‍മിക്കുന്നത്.