2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കൊടിയത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസറെ ഉപരോധിച്ചു

മുക്കം: പ്രളയദുരിത ബാധിതരുടെ ലിസ്റ്റില്‍ നിന്ന് നിരവധി പേരെ ഒഴിവാക്കിയതായി ആരോപിച്ച് കൊടിയത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സി.പി.എം പ്രവര്‍ത്തകരും വില്ലേജ് ഓഫിസറെ ഉപരോധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ചന്ദ്രന്‍, സണ്ണി വെള്ളാഞ്ചിറ, പഞ്ചായത്തംഗങ്ങളാ ചേറ്റൂര്‍ മുഹമ്മദ്, ഷിജി പരപ്പില്‍, കബീര്‍ കണിയാത്ത്, കെ.സി നാടിക്കുട്ടി, സാബിറ തറമ്മല്‍ എന്നിവരും ഉപരോധ സമരത്തില്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച ഉപരോധം ഉച്ചക്ക് രണ്ടോടെയാണ് അവസാനിച്ചത്. തഹസില്‍ദാര്‍ എത്തി പ്രശ്‌നത്തിന് പരിഹാരമാകാതെ തങ്ങള്‍ പിരിഞ്ഞു പോകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിലപാടെടുത്തതോടെ കോഴിക്കോട് തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍ സ്ഥലത്തെത്തുകയും സമരക്കാരുമായി ചര്‍ച്ച നടത്തുകയുമായിരുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാമെന്നുമുള്ള ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മുക്കം എസ്.ഐ ടി. ഹമീദിന്റെ നേതൃത്വത്തിലുള്ള പൊലിസും സ്ഥലത്തെത്തിയിരുന്നു. ഓഫിസ് പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയിലായിരുന്നു ഉപരോധം നടത്തിയത്. പഞ്ചായത്തില്‍ നിരവധി പേര്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ നിന്ന് പുറത്തായതായി ഇവര്‍ പറയുന്നു. 400 പേരുടെ ലിസ്റ്റ് പഞ്ചായത്ത് സമര്‍പ്പിച്ചെങ്കിലും 300 ല്‍ താഴെ പേര്‍ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മാത്രമല്ല നിരവധി പേരുകള്‍ രണ്ടു പ്രാവശ്യം വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് വില്ലേജ് ഓഫിസറെ ഉപരോധിക്കാന്‍ തീരുമാനിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉപരോധത്തിന് ഗിരീഷ് കാരകുറ്റി, നാസര്‍ കൊളായി, കരീം കൊടിയത്തൂര്‍, എ.സി മൊയ്തീന്‍, ഇ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.