2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കൊച്ചി നാവിക ആസ്ഥാനത്തെ പീഡനം എസ്.ഐ.ടി അന്വേഷിക്കും

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: കൊച്ചി നാവികസേനാ ആസ്ഥാനത്തെ ലൈംഗികപീഡനം സംബന്ധിച്ച വിവാദം പ്രത്യേക സംഘം (എസ്.ഐ.ടി) രൂപീകരിച്ച് അന്വേഷിക്കണമെന്ന് സുപ്രിംകോടതി. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയും നാവിക ആസ്ഥാനത്ത് ലഫ്റ്റനന്റ് ഉദ്യോഗസ്ഥനുമായ രവികിരണ്‍ കബ്ദുവിനെതിരേ ഭാര്യ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

കേസില്‍ ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ കഴിഞ്ഞയാഴ്ചയാണ് വാദംപൂര്‍ത്തിയായത്. വിധിപറയാന്‍ ഇന്നലത്തേക്കു മാറ്റുകയായിരുന്നു.
സംഭവം സി.ബി.ഐ അന്വേഷിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍, കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെയും കേസ് ഡല്‍ഹിയിലേക്കു മാറ്റുന്നതിനെയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. കേരളാ പൊലിസിന്റെ അന്വേഷണം തൃപ്തികരമാണെന്നും ഹരജിക്കാരിയുടെ വാദത്തെ സാധൂകരിക്കുന്ന യാതൊരു സാഹചര്യവും നിലവിലില്ലെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ രമേശ് ബാബു കോടതിയില്‍ പറഞ്ഞു. ഹരജിക്കാരിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദംകേട്ട ശേഷം സംഭവം പ്രത്യേക സംഘം അന്വേഷിക്കട്ടെയെന്ന് ഉത്തരവിട്ട കോടതി, അതിനായി അന്വേഷണ സംഘം രൂപീകരിക്കാന്‍ കേരളാ ഡി.ജി.പിക്കു നിര്‍ദേശം നല്‍കുകയുംചെയ്തു. ഡി.ഐ.ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാവണം സംഘത്തിനു നേതൃത്വം നല്‍കേണ്ടത്. മൂന്നുമാസത്തിനുള്ളില്‍ സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

2013 ഏപ്രിലിലാണ് യുവതി ദക്ഷിണമേഖലാ നാവിക ആസ്ഥാനത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരാതിനല്‍കിയത്. നാവിക ആസ്ഥാനത്തെ മേലുദ്യോഗസ്ഥരോടൊപ്പം കിടപ്പറ പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് കേസ്. സംഭവം വാര്‍ത്തയായതോടെ അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് താമസംമാറിയ യുവതി ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പഠിക്കുകയാണ്. ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരിയും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന യുവതിയുടെ മറ്റൊരു പരാതിയില്‍ രവികിരണ്‍ അടക്കം പത്തുപേര്‍ക്കെതിരേ കേരളാ പൊലിസ് നേരത്തേ കേസെടുത്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.