2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കൊച്ചിയിലെ കറുത്ത ജൂതരുടെ പള്ളി തകര്‍ന്നു

 

 

മട്ടാഞ്ചേരി: കൊച്ചിയിലെ കറുത്ത ജൂതരുടെ പള്ളി ( സിനഗോഗ്) തകര്‍ന്നുവീണു. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് മൂന്നര നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നുവീണത്.
പള്ളിയുടെ മുന്‍ഭാഗത്തെ പകുതിയോളം വരുന്ന ഭാഗമാണ് നിലംപൊത്തിയത്. കൊച്ചിയില്‍ രണ്ടു വിഭാഗം ജൂതന്‍മാരാണ് ഉണ്ടായിരുന്നത്. വെളുത്ത ജൂതരും കറുത്ത ജൂതരും.
മട്ടാഞ്ചേരി ജൂതടൗണിലെ സിനഗോഗില്‍ കറുത്ത ജൂതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കറുത്ത ജൂതര്‍ ചേര്‍ന്ന് മരക്കടവില്‍ നിര്‍മിച്ചതായിരുന്നു ഈ പള്ളി.
1948 ല്‍ ഇസ്‌റാഈല്‍ രൂപീകരണത്തോടെ കൊച്ചിയിലെ ജൂതന്‍ന്മാരില്‍ ഭൂരിഭാഗവും വാഗ്ദത്ത ഭൂമി തേടി ഇസ്‌റാഈലിലേക്ക് പോയി.
കറുത്ത ജൂതന്‍ന്മാര്‍ പൂര്‍ണമായും പോയതോടെ ജൂതപള്ളിയില്‍ പ്രാര്‍ഥന നിലച്ചു അടഞ്ഞുകിടന്നു. ഇതിനിടയില്‍ പള്ളിയിലെ അല്‍ത്താരയും, അലങ്കാരങ്ങളും ആരോ കടത്തി കൊണ്ടുപോയി.
പിന്നീട് കുറെക്കാലം പള്ളി കയര്‍ ഗോഡൗണായി മാറി. ഇതിനിടെ ചിലര്‍ പള്ളിയുടെ ഉടമസ്ഥാവകാശം നേടിയെടുക്കാനുള്ള ശ്രമങ്ങളും നടത്തി. മൂന്നു വര്‍ഷം മുന്‍പ് പള്ളി കെട്ടിടം മറിച്ചുവില്‍ക്കാനുള്ള ശ്രമം വഴക്കില്‍ കലാശിച്ചു.
ഇത് പള്ളി തകര്‍ക്കുവാനുള്ള നീക്കത്തിനിടയാക്കി. പള്ളിയുടെ മുന്‍ഭാഗത്തെ വാതിലുകള്‍ അടക്കമുള്ള ഭാഗം തകര്‍ത്തതോടെ നാട്ടുകാര്‍ ഓടിയെത്തി പൊളിക്കാനെത്തിയവരെ ഓടിച്ചിടുകയാണുണ്ടായത്.
പള്ളി പിന്നീട് പൊലിസ് സംരക്ഷണത്തിലായി. ജീര്‍ണത പേറിയ പള്ളി ചൊവ്വാഴ്ച തകര്‍ന്നു വീഴുകയായിരുന്നു.
പള്ളി പഴമ നിലനിര്‍ത്തി പുതുക്കി പണിത് കൊച്ചിയുടെ ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന് കൊച്ചിയുടെ ചരിത്രകാരന്‍ എം.എം സലീം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.