2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കൈവിട്ട് ലോ അക്കാദമി സമരം

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ 29ാം ദിനത്തില്‍ പേരൂര്‍ക്കട യുദ്ധക്കളമായി. സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. മണക്കാട് സ്വദേശി അബ്ദുല്‍ ജബ്ബാര്‍(64) ആണ് മരിച്ചത്. സമരപ്പന്തലിനു സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ അബ്ദുല്‍ ജബ്ബാര്‍ സംഘര്‍ഷത്തില്‍ അകപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
ഇന്നലെ രാവിലെ മുതല്‍ ലോ അക്കാദമി പരിസരം യുദ്ധക്കളമായിരുന്നു. ഇതിനിടെ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവയ്ക്കുക, ലക്ഷ്മിനായരുടെ പാസ്‌പോര്‍ട്ട് കണ്ടകെട്ടുക, പട്ടികജാതി ആക്ഷേപത്തിന് പൊലിസ് അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ബി.വി.പി പ്രവര്‍ത്തകന്‍ ഷിജിത്ത് ആത്മഹത്യ ഭീഷണിയുമായി പേരൂര്‍ക്കട ടൗണിലെ വലിയ മരത്തിനു മുകളില്‍ കയറി. വൈകിട്ടോടെ സ്ഥലത്തെത്തിയ സബ് കലക്ടര്‍ വിദ്യാ എസ്.അയ്യര്‍ അനുനയ ശ്രമം നടത്തിയെങ്കിലും വിദ്യാര്‍ഥി ഇറങ്ങാന്‍ തയാറായില്ല. ആറരയോടെ നാല് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരത്തിനു മുകളില്‍ കയറി വിദ്യാര്‍ഥിയെ താഴെയിറക്കുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥികള്‍ പൊലിസിനു നേരെ കല്ലെറിഞ്ഞു. ഇതിനിടെ രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലിസ് വെള്ളം ചീറ്റി വിദ്യാര്‍ഥികളെ ഓടിച്ചു. തുടര്‍ന്നും പൊലിസിനു നേരെ കല്ലേറുണ്ടായി. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
എ.ബി.വി.പി 48 മണിക്കൂര്‍ വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കോടിയേരിയും പന്ന്യനും ചര്‍ച്ച നടത്തി

തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു.
എ.കെ.ജി സെന്ററിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പങ്കെടുത്തു.
പ്രശ്‌നം കൈവിട്ടു പോകുകയാണെന്നും പരിഹരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും പന്ന്യന്‍ കോടിയേരിയോട് ആവശ്യപ്പെട്ടു.

സമരം കൈവിട്ടുപോകരുത്: കാനം

കണ്ണൂര്‍: ലോ അക്കാദമി സമരം കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാവാരുതെന്നും സമരം പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രി മുന്‍കൈയെടുക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷത്തിനു രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കാംപസിനു പുറത്തേക്കു സമരം വ്യാപിപ്പിക്കുന്നതിനോടു സി.പി.ഐക്കു യോജിപ്പില്ല.
അത്തരമൊരു സമരത്തില്‍ സി.പി.ഐ ഉണ്ടാവില്ല. എല്ലാ കാര്യത്തിലും മുഖ്യമന്ത്രിക്ക് ഇടപെടാന്‍ കഴിയില്ല. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സമരമാര്‍ഗങ്ങളില്‍ മാറ്റം വരുത്തുന്ന പ്രവണത ഏറിവരികയാണെന്നും ലോ അക്കാദമി പരിസരത്തെ മരത്തില്‍കയറി വിദ്യാര്‍ഥി ആത്മഹത്യാഭീഷണി മുഴക്കിയതിനെ പരാമര്‍ശിച്ച് കാനം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.