2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൈവിട്ടു…

 

തോല്‍വി നാല് റണ്‍സിന്

ഹാമില്‍ട്ടന്‍: ആവേശം അവസാന ഓവറിലെത്തിച്ച അവസാന ടി20 പോരാട്ടത്തില്‍ ഇന്ത്യയെ നാല് റണ്‍സിന് അട്ടിമറിച്ച് ന്യൂസിലന്‍ഡ്. ഫൈനലിന് തുല്യമായ മൂന്നാമത്തെ ടി20 മത്സരത്തില്‍ ഇന്ത്യന്‍ മല്ലന്മാരെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡ് ഇതോടെ ഏകദിന പരമ്പരയിലേറ്റ തോല്‍വിക്ക് പകരം വീട്ടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കിയാണ് കിവികള്‍ കുട്ടി ക്രിക്കറ്റില്‍ തങ്ങളുടെ കരുത്ത് തെളിയിച്ചത്.


ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനെത്തിയ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 11 റണ്‍സെടുത്തു. കൈയെത്തും ദൂരത്താണ് നിര്‍ണായക മത്സരം ഇന്ത്യ കൈവിട്ടത്. അപരാജിതമായ ഏഴാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക് – ക്രുണാല്‍ പാണ്ഡ്യ സഖ്യം 28 പന്തില്‍ 63 റണ്‍സെടുത്തെങ്കിലും ജയം മാത്രം അകന്നുനിന്നു. കാര്‍ത്തിക് 33 റണ്‍സുമായും ക്രുണാല്‍ 26 റണ്‍സുമായും പുറത്താവാതെ നിന്നു. 43 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

തകര്‍ത്തടിച്ച് ന്യൂസിലന്‍ഡ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ഓപ്പണര്‍മാര്‍ സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ടിം സൈഫേര്‍ട്ടും (43) കോളിന്‍ മണ്‍റോയും ഓപ്പണിങ് വിക്കറ്റില്‍ 80 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടത്തുയര്‍ത്തി. ഏഴാം ഓവറിന്റെ നാലാം പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിങില്‍ സൈഫേര്‍ട്ട് മടങ്ങിയെങ്കിലും വില്യംസനെ കൂട്ടുപിടിച്ച് മണ്‍റോ വീണ്ടും ഇന്ത്യക്ക് തലവേദനയുയര്‍ത്തി. ന്യൂസിലന്‍ഡ് സ്‌കോര്‍ 135ല്‍ നില്‍ക്കേ 13ാം ഓവറില്‍ കുല്‍ദീപ് യാദവാണ് മണ്‍റോയെ മടക്കിയത്. 40 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും നേടിയ മണ്‍റോ 72 റണ്‍സെടുത്താണ് മടങ്ങിയത്. അര്‍ധ സെഞ്ചുറി നേടിയ മണ്‍റോ തന്നെയാണ് കളിയിലെ കേമന്‍.

പിന്നീടെത്തിയവരും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലന്‍ഡ് സ്‌കോര്‍ 200 കടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (27), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (30), ഡാരില്‍ മിച്ചല്‍ (19*), റോസ് ടെയ്‌ലര്‍ (14*) എന്നിവരും റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി. മറ്റു രണ്ട് വിക്കറ്റുകള്‍ ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറും പങ്കിട്ടു. ക്രുണാല്‍ പാണ്ഡ്യയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. നാല് ഓവറില്‍ 54 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

ബാറ്റിങ്ങില്‍ ഇന്ത്യന്‍ വെടിക്കെട്ട്

ബൗളിങ്ങിലെ പരാജയം ബാറ്റിങ്ങില്‍ മറികടക്കാനെത്തിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ശിഖര്‍ ധവാനെ (6) നഷ്ടമായി. സാന്റ്‌നറാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് തുടക്കത്തിലേ മങ്ങലേല്‍പ്പിച്ചത്. പിന്നീടെത്തിയ വിജയ് ശങ്കര്‍ കൂറ്റനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വച്ചു. പക്ഷേ ഇന്ത്യന്‍ സ്‌കോര്‍ 80ല്‍ നില്‍ക്കെ വിജയ് ശങ്കറിനെ ഗ്രാന്‍ഡ് ഹോമിന്റെ കൈകളിലെത്തിച്ച് സാന്റ്‌നര്‍ ന്യൂസിലന്‍ഡിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. 28 പന്ത് നേരിട്ട ശങ്കര്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സെടുത്താണ് പുറത്തായത്.

നാലാമതായി ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ന്യൂസിലന്‍ഡ് ഒന്നുവിറച്ചു. 12 പന്ത് നേരിട്ട ഋഷഭ് ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 28 റണ്‍സെടുത്ത് മടങ്ങി. ഒരു ഭാഗത്ത് മിന്നലടികള്‍ നടക്കുമ്പോഴും മറുഭാഗത്ത് ക്യാപ്റ്റന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പതിയെ നീങ്ങിയ രോഹിതിനെ ഡാരില്‍ മിച്ചല്‍ സൈഫേര്‍ട്ടിന്റെ കൈകളിലെത്തിച്ചു. 32 പന്തില്‍ 38 റണ്‍സാണ് ക്യാപ്റ്റന്റെ സംഭാവന.
ഹര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരുന്നു അടുത്തത്. 11 പന്തുകളില്‍ നിന്ന് 21 റണ്‍സ് നേടി പാണ്ഡ്യയും രണ്ട് റണ്‍ുമായി ധോണിയും മടങ്ങിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടിരുന്നു. പക്ഷേ ശേഷം ഒത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തിക് – ക്രുണാല്‍ പാണ്ഡ്യ സഖ്യം ഇന്ത്യക്ക് പുതു പ്രതീക്ഷകള്‍ സമ്മാനിച്ചെങ്കിലും ജയം മാത്രം അകലെയായി. ന്യൂസിലന്‍ഡിനായി മിച്ചെല്‍ സാന്റ്‌നറും ഡാരില്‍ മിച്ചെലും രണ്ടു വിക്കറ്റ് വീതമെടുത്തു.

 

തോല്‍വി രണ്ട് റണ്‍സിന്

ഹാമില്‍റ്റന്‍: പുരുഷന്മാര്‍ക്ക് പിറകേ വനിതകളും ന്യൂസിലന്‍ഡിന് മുന്‍പില്‍ കീഴടങ്ങി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഒരിക്കല്‍ കൂടി ഇന്ത്യ പരാജയം സമ്മതിച്ചത്. ഇതോടെ ഇന്ത്യക്കെതിരായ ടി20 പരമ്പര 3-0ത്തിന് ആതിഥേയര്‍ തൂത്തുവാരി.
മൂന്നാം ടി20യില്‍ രണ്ട് റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 161 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ നാല് വിക്കറ്റിന് 159 റണ്‍സെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 16 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ നാല് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സ് നേടിയ ഇന്ത്യക്ക് പിന്നീട് വേണ്ടത് രണ്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സായിരുന്നു. പക്ഷേ, അവസാന രണ്ട് പന്തില്‍ മിതാലി രാജിനും ദീപ്തി ശര്‍മയ്ക്കും ഓരോ റണ്‍സ് വീതമെ നേടാനായുള്ളു. 62 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 86 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. നേരത്തെ, 52 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 72 റണ്‍സെടുത്ത സോഫി ഡെവിനെയാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറ നല്‍കിയത്. അര്‍ധസെഞ്ചുറിക്കൊപ്പം നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി സോഫി കളിയിലെ താരമാവുകയും ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.