2018 April 14 Saturday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

‘കൈപ്പത്തി’ മനുഷ്യാവയവം; കോണ്‍ഗ്രസിന്റെ ചിഹ്നം ചോദ്യം ചെയ്ത് ഹരജി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മാറ്റണമെന്നാവശ്യപ്പെടുന്ന ബി.ജെ.പി നേതാവിന്റെ ഹരജിയില്‍ വാദം കേള്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. കൈപ്പത്തി മനുഷ്യരുടെ അവയവം ആണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെതന്നെ അത് കോണ്‍ഗ്രസിന് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയാണ് കമ്മിഷന്‍ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനര്‍ ചന്ദ്രഭൂഷണ്‍ കുമാര്‍ മുന്‍പാകെ ബുധനാഴ്ച കേസില്‍ വാദംകേള്‍ക്കും.
മനുഷ്യന്റെ അവയവങ്ങളില്‍ വേര്‍പ്പെടുത്താനാകാത്തതും എപ്പോഴും പ്രകടവുമായ അവയവമാണ് കൈ. ഇത് തെരഞ്ഞെടുപ്പ് ചിഹ്നമായി കോണ്‍ഗ്രസ് സ്വീകരിച്ചതുവഴി കൈപ്പത്തി പ്രദര്‍ശിപ്പിച്ച് അവര്‍ക്കു പ്രചാരണം നടത്താന്‍ കഴിയും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നിയമം ലംഘിക്കാതെ തന്നെ കൈപ്പത്തി പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിയും. വോട്ടെടുപ്പു ദിവസവും പോളിങ് ബൂത്തിനുള്ളിലും അവര്‍ അവരുടെ ചിഹ്നം ഉപയോഗിച്ച് പ്രചാരണം നടത്താറുണ്ടെന്നും ഹരജിക്കാരന്‍ ആരോപിച്ചു. കമ്മിഷന്റെ പട്ടികയില്‍ വേറെയും 75 ചിഹ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഇപ്പോഴത്തേത് റദ്ദാക്കി പുതിയ ചിഹ്നം കോണ്‍ഗ്രസിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.