2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കൈപ്പത്തി ചിഹ്നം ഉപയോഗിക്കരുത്

 

ബംഗളൂരു: തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കൈപ്പത്തി ചിഹ്നം ഉപയോഗിക്കുന്നതിന് കൈനോട്ടക്കാര്‍ക്ക് വിലക്ക്. കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് ഈ നിര്‍ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി. ഇതിന് വിലക്കു വന്നതോടെ കൈനോട്ടക്കാര്‍ ഞെട്ടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൈനോട്ടക്കാരുടെ വീടുകളിലും അവരുടെ ഓഫിസുകളിലും സന്ദര്‍ശനം നടത്തി കൈപ്പത്തി ചിഹ്നം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറച്ചുവയ്ക്കാന്‍ നിര്‍ദേശം നല്‍കി. മൈസൂരിനടുത്ത മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി കൈനോട്ടക്കാരുടെ വീടുകളിലും ഓഫിസുകളിലുമുള്ള കൈചിഹ്നം മറച്ചിരിക്കുകയാണ്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഇത്തരമൊരു നീക്കം തങ്ങളുടെ തൊഴിലിനെയാണ് ബാധിക്കുകയെന്ന് ബംഗളൂരു സ്വദേശിയായ കൈനോട്ടക്കാരനായ സത്യനാരായണ ഭട്ട് പറഞ്ഞു. തങ്ങളുടെ ജോലിയുടെ ഭാഗമായുള്ളതാണ് കൈപ്പത്തി. അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നമാണെന്ന് പറഞ്ഞ് തങ്ങളുടെ ജോലിയെ തടസപ്പെടുത്തുന്നത് ശരിയല്ല. കൈപ്പത്തി ചിഹ്നത്തെ തടയുമ്പോള്‍ കുളത്തിലും തടാകത്തിലുമുള്ള താമര വിരിയരുതെന്ന് പറയാന്‍ കഴിയുമോ? ചില പാര്‍ട്ടികളുടെ ചിഹ്നമാണ് സൂര്യോദയം, ഇതും തടയുമോയെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കൈപ്പത്തി ചിഹ്നം മറയ്ക്കാന്‍ തങ്ങള്‍ തയാറാണ്. എന്നാല്‍ താമര, നെല്‍ക്കതിര്‍, ട്രാക്ടര്‍, സൈക്കിള്‍, ടോര്‍ച്ച്, ഫാന്‍, ആന, ഹാന്‍ഡ് പമ്പ്, രണ്ടില, ശംഖ്, സൂര്യോദയം തുടങ്ങിയവ എന്തു ചെയ്യും? തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഡി.എം.കെയുടെ ചിഹ്നമായ സൂര്യോദയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടയുമോയെന്നും കൈനോട്ടക്കാര്‍ ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അനാവശ്യമായ വിവാദത്തിനാണ് ഇടയാക്കുകയെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ധര്‍മസേന പറഞ്ഞു. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കുന്ന ചില നടപടികള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.