2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കൈക്കൂലി നല്‍കിയില്ല ; ബില്ല് മാറി നല്‍കാതെ ഉദ്യോഗസ്ഥര്‍

കുമളി: കൈക്കൂലി നല്‍കാന്‍ തയ്യാറാവാതിരുന്ന കരാറുകാരുടെ ബില്ലുകള്‍ മാറ്റി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് അന്വേഷണം നടത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്ലുകള്‍ പാസാക്കി നല്‍കാനാണ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ തയ്യാറാവാതിരുന്നത്. കടുവാ സങ്കേതത്തിലെ വിവിധ റേഞ്ചുകളില്‍ നടത്തിയ മരാമത്ത് പണികളുടെ തുകകളാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. റേഞ്ച് ഓഫിസര്‍മാരും സെക്ഷന്‍ ഫോറസ്റ്ററും ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ട് ബോധ്യപ്പെട്ടതിനു ശേഷമാണ് കരാറുകാര്‍ എം ബുക്ക് തയ്യാറാക്കി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെത്തിച്ചത്. എം ബുക്ക് കാണാനില്ലെന്നും മറ്റുമുള്ള തടസ്സവാദങ്ങള്‍ പറഞ്ഞാണ് ബില്ലുകള്‍ വൈകിപ്പിച്ചത്.
യഥാ സമയം നടപടി സ്വീകരിക്കാതിരുന്നതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ വിനിയോഗിക്കേണ്ട തുകയാണ് ലാപ്‌സായത്. എന്നാല്‍ ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫയലുകള്‍ മനപ്പൂര്‍വം വൈകിപ്പിക്കുകുകയായിരുന്നുവെന്നാണ് കരാറുകാര്‍ പറയുന്നത്. ബന്ധപ്പെട്ട ജീവനക്കാര്‍ യഥാസമയം കരാറുകാരുടെ ബില്ലുകള്‍ ഇ സബ്മിറ്റ് ചെയ്യാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ മുന്‍കൂറായി കൈക്കൂലി നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ബില്ലുകള്‍ തടഞ്ഞുവച്ചതെന്നാണ് കരാറുകാരുടെ പരാതി. ഇതില്‍ ഒരു കരാറുകാരന്‍ തന്റെ മകളുടെ വിവാഹം ആണെന്ന് അറിയിച്ചിട്ടു പോലും ബില്ലുകള്‍ പാസാക്കി നല്‍കാന്‍ ഈ ഓഫിസിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തിലും കരാറുകാര്‍ പലതവണ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചെങ്കിലും വേണ്ടത്ര നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇതേ തുടര്‍ന്ന് കരാറുകാര്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിച്ചു. ഇതോടെ സംഭവം സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ മന്ത്രി കെ രാജു നിര്‍ദേശിക്കുകയായിരുന്നു. മന്ത്രി നേരിട്ട് ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചാണ് അടിയന്തര പ്രാധാന്യം നല്‍കി കരാറുകാരുടെ ബില്ലുകള്‍ പാസാക്കി നല്‍കാന്‍ നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം മുണ്ടക്കയം ഫ്‌ളൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം തേക്കടിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ എത്തി അന്വേഷണം നടത്തിയിരുന്നു. ഇതോടെ കരാറുകാര്‍ക്ക് നല്‍കാനുള്ള പണം നടപ്പുസാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍നിന്നും എഴുതി നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറായത്.
ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം ലക്ഷക്കണക്കിന് രൂപയാണ് ലാപ്‌സായത്. മുന്‍ കാലങ്ങളില്‍ കാര്യങ്ങള്‍ നേരിട്ട് കണ്ടു ബോധ്യപ്പെട്ടതിനു ശേഷം റെക്കോര്‍ഡുകള്‍ പരിശോധിച്ച് ഉടന്‍തന്നെ ബില്ലുകള്‍ മാറ്റിനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമായിരുന്നെന്നും കരാറുകാര്‍ പറയുന്നു. എന്നാലിപ്പോള്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് കേന്ദ്രീകരിച്ച് അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നുമാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.