2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കൈക്കൂലി നല്‍കാത്തതിനാല്‍ പട്ടികവര്‍ഗ യുവതിയുടെ ശസ്ത്രക്രിയ നടത്തിയില്ലെന്ന് ആരോപണം

കാസര്‍കോട്: ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ആദിവാസി യുവതിക്കു നടത്തേണ്ട ശസ്ത്രക്രിയ തടഞ്ഞു വച്ചതായി ആരോപണം.  മധൂര്‍ ചേനക്കോട്ടെ ചെനിയുടെ ഭാര്യ സരസ്വതിക്കാണ്(26) കാസര്‍കോട്  ജനറല്‍ ആശുപത്രിയില്‍ വച്ച് ഈയൊരു ദുരിതമുണ്ടായത്.
ഗര്‍ഭാശയ സംബന്ധമായ രോഗം കാരണം  ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ  ഇവര്‍ക്കുവേണ്ട ശസ്ത്രക്രിയ കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താല്‍ നടത്താതെ ഇവരെ ആശുപത്രിയില്‍ നിന്നു തിരിച്ചയച്ചതായാണു പറയുന്നത്.
കഴിഞ്ഞ ദിവസം  രാവിലെ പത്തോടെ സരസ്വതി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റു നടത്തുന്ന നഗരത്തിലെ ക്ലിനിക്കില്‍ ചെന്നു ഡോക്ടറെ കാണുകയുണ്ടായി. പരിശോധന നടത്തിയ ഡോക്ടര്‍  ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരുമെന്നും ഇപ്പോള്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ സരസ്വതിയെ അഡ്മിറ്റ് ചെയ്തു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് തെളിയിക്കുന്ന രേഖകളും  സരസ്വതി ആശുപത്രി ജീവനക്കാരെ കാണിച്ചിരുന്നതായി പറയുന്നു.
കൂടെയുണ്ടായിരുന്ന സരസ്വതിയുടെ സഹോദരി പട്ടികവര്‍ഗ ഓഫിസില്‍ പോയി ചികിത്സാസഹായം ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിനിടെ എത്തിയ ഡോക്ടര്‍ സരസ്വതിയോടു രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പട്ടികവര്‍ഗ ഓഫിസിലേക്കു പോയ സഹോദരി ഉടന്‍ തന്നെ അതെത്തിക്കുമെന്ന് മറുപടി നല്‍കി. എന്നാല്‍ രേഖകള്‍ മാത്രം പോരെന്നും രണ്ട് ഡോക്ടര്‍മാര്‍ക്കായി ആയിരം രൂപ വീതം വേണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടതായാണ് ആരോപണം.
എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നറിയിച്ച സരസ്വതിയെ ഡോക്ടര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയും ഇനി പണവുമായി വന്നാല്‍ മതിയെന്ന് അറിയിക്കുകയുമായിരുന്നുവത്രെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.