2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കേസ് അന്വേഷണത്തിന് ‘സഡന്‍ ബ്രേക്ക് ‘

കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് (24), കൃപേഷ് (19) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണത്തിന് സഡന്‍ബ്രേക്ക്. കൊലപാതകക്കേസില്‍ അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എം. പീതാംബരന്‍ നല്‍കുന്ന മൊഴികള്‍ അംഗീകരിച്ച് കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലിസ് നീക്കം.
മൊഴി അംഗീകരിച്ച് പ്രാദേശിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പീതാംബരനും പ്രാദേശിക സി.പി.എം പ്രവര്‍ത്തകരും കൊല നടത്തിയെന്ന നിഗമനത്തിലെത്തി അന്വേഷണം മന്ദഗതിയിലാക്കാനാണ് പൊലിസിന്റെ നീക്കം. എന്നാല്‍ ഇത്തരമൊരു നീക്കം സി.പി.എം നേതൃത്വത്തിന്റെ ഇടപെടല്‍ കാരണമാണെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
പെരിയ കല്ല്യോട്ട് നടന്ന കണ്ണൂര്‍ മോഡല്‍ കൊലപാതകവും, ക്വട്ടേഷന്‍ സാധ്യതകളും അന്വേഷണസംഘം പരിശോധിക്കണമെന്നും അങ്ങനെ പരിശോധിക്കുന്നില്ലെങ്കില്‍ സി.ബി.ഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
പീതാംബരന്റെ മൊഴി അടിസ്ഥാനമാക്കി അന്വേഷണം പൊലിസ് മന്ദഗതിയിലാക്കുകയാണെന്ന ആരോപണവും ഇതിനോടകം സജീവമാണ്. നേരത്തെ കൊലയില്‍ പങ്കെടുത്തവര്‍ കര്‍ണാടകത്തിലേക്ക് കടന്നതായും അവരെ പിടികൂടാന്‍ കര്‍ണാടക പൊലിസിന്റെ സഹായം തേടിയെന്നും പൊലിസ് പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സാധ്യതകളോ, കണ്ണൂരിലെ പ്രൊഫഷണല്‍ സംഘങ്ങളെ കുറിച്ചോ ഇപ്പോള്‍ പൊലിസ് അന്വേഷിക്കുന്നില്ലെന്നതാണ് വസ്തുത.
അതേസമയം യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും കേസന്വേഷണത്തില്‍ ഇടപെടില്ലെന്നും സി.പി.എം നേതൃത്വം പറയുമ്പോഴും ജില്ലാ നേതാക്കള്‍ കേസന്വേഷണത്തില്‍ ഇടപെടുന്നുവെന്നതാണ് യാഥാര്‍ഥ്യം.
സി.പി.എം പാര്‍ട്ടി ഗ്രാമമായ ഉദുമ നിയോജക മണ്ഡലത്തിലെ വെളുത്തോളിയില്‍വച്ചാണ് സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് കരുതി പൊലിസ് പിടികൂടിയ സി.പി.എം പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും വെളുത്തോളിയില്‍ വെച്ചാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള സി.പി.എം പ്രവര്‍ത്തകന്‍ സജിയെ വെളുത്തോളിയില്‍വച്ച് പിടികൂടിയപ്പോള്‍ ഇയാള്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയെയെും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെയും വിളിക്കണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ടതായും അവരെത്തി ഇയാളെ കണ്ടതായും കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ ആരോപിക്കുന്നു.
വെളുത്തോളിയില്‍ കണ്ടെത്തിയ വാഹനം 12 മണിക്കൂര്‍ കഴിഞ്ഞാണ് അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും, വൈകിയതില്‍ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഗൂഢാലോചനയും പ്രൊഫഷണല്‍ സംഘങ്ങളുടെ ക്വട്ടേഷന്‍ സാധ്യതയും അന്വേഷണത്തിന് വിധേയമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.