2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേള്‍ക്കാന്‍ ജനസാഗരം: മോദിയുടെ കരിനിയമങ്ങള്‍ പൊളിച്ചെഴുതും; രാഹുല്‍ ഗാന്ധി

പാലക്കാട് : വരുന്ന പൊതു തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മോദി കൊണ്ടു വന്ന കരിനിയമങ്ങള്‍ മുഴുവന്‍ പൊളിച്ചെഴുതുമെന്ന് രാഹുല്‍ഗാന്ധി. ബഹുസ്വരതയുടെ ശ്ബദം ഉയര്‍ന്നു കേള്‍ക്കുന്ന രാജ്യമായി ഇന്ത്യയെ വീണ്ടും മാറ്റുമെന്നും ചാലിശ്ശേരിയില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞടുപ്പ് പ്രചരണത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ചിത്രം വ്യക്തമാകും രണ്ട് തരം ഇന്ത്യയെ സ്യഷ്ടിക്കാന്‍ പ്രയത്‌നിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ബാലറ്റിലൂടെ ശക്തമായ മറുപടി നല്‍കും. പാവപ്പെട്ടവരുടെ പോക്കറ്റില്‍ നിന്നും കൊളളയടിച്ച് അദാനി, അംബാനി, വിജയ്മല്യമാര്‍ക്ക് മോദി നല്‍കിയ പണം തിരിച്ചു പിടിച്ച് ജനങ്ങള്‍ക്ക് നല്‍കി ഇന്ത്യയുടെ പുനര്‍നിര്‍മാണം നടത്തും. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ഏറ്റവും പാവപ്പെട്ട 20 ശതമാനം വരുന്ന ജനങ്ങളെ തെരഞ്ഞെടുത്ത് അവരുടെ അക്കൗണ്ടുകളിലേക്ക് 72000 രൂപ വീതം നിക്ഷേപിക്കും. സ്്ത്രീകളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് ഇത് നിക്ഷേപിക്കുക. പ്രധാനമന്ത്രിയുടെ ദൗത്യം എന്തെന്ന് അറിയാത്ത ആളാണ് മോദി. അദ്ദേഹം രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിച്ചു. ഇന്ത്യയുടെ ഭാവിയെ കുറിച്ച് സംസാരിക്കാന്‍ മോദിക്കോ ആര്‍.എസ്.എസിനോ അര്‍ഹത ഇല്ലെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലെ ഭാവി ജനങ്ങള്‍ തീരുമാനിക്കും. പരിവാര്‍ സംഘടനകളുടെ ധാര്‍ഷ്ട്യം സങ്കല്‍പ്പത്തിനും അതീതമാണ്. പാവങ്ങളായ സാധാരണക്കാരായ ജനങ്ങളുടെ പണം കൊള്ളയടിച്ച് അംബാനിമാരുടേയും മോദിമാരുടേയും കോര്‍പ്പറേറ്റ് ഇന്ത്യയാണ് മോദി സ്യഷ്ടിച്ചത്. അനില്‍ അംബാനിക്ക് 45000 കോടിയും മെഹല്‍ ചോക്‌സി 35000 കോടി, വിജയ്മല്യക്ക് 1000 കോടി എന്നിങ്ങനെയാണ് മോദി വായ്പ നല്‍കിയത്. മോദിയുടെ കണ്ണില്‍ ഇവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കര്‍ഷകരും മത്സ്യ തൊഴിലാളികളും സാധാരണക്കാരും ഇന്ത്യന്‍ പൗരന്‍മാരാണെന്ന് മോദി കരുതുന്നില്ല. പാവപ്പെട്ട കര്‍ഷകന്‍ 20,000 രൂപ വായ്പയെടുത്തതിന്റെ പേരില്‍ ജയിലിലേക്ക് പോകുമ്പോള്‍ ശതകോടികള്‍ വായ്പയെടുത്ത അംബാനിമാരും അദാനിമാരും സുരക്ഷിതമായി രാജ്യത്ത് വിഹരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷവും സാധാരണക്കാരെ കൊള്ളയടിച്ച പണമാണ് മോദി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയത്. രാജ്യത്തെ 15 കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കായി 32, 500 ലക്ഷം കോടി രൂപയാണ് ലാഭം ഉണ്ടാക്കി കൊടുത്തത്. അതേ സമയം എത്ര കര്‍ഷകരുടെ വായ്പ എഴുതി തള്ളിയെന്നും വിദ്യാഭ്യാസ വായ്പ എഴുതി തള്ളിയെന്നും മോദി വ്യക്തമാക്കണം. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും കിട്ടാത്തതിനു കാരണം അംബാനി എന്ന പേര് അവര്‍ക്കില്ലാത്തതുകൊണ്ടാണ്. മോദി പറയുന്നത് ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതി ജനങ്ങളെ അവഹേളിക്കാന്‍ കൊണ്ടു വന്നതാണ് എന്നാണ്. കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ പറ്റുന്ന പദ്ധതിയെയാണ് മോദി അവഹേളിച്ചത്.
പുല്‍വാമ ആക്രമണ ദിവസം തന്നെയാണ് രാജ്യത്തെ പ്രധാന 6 വിമാനതാവളങ്ങള്‍ അദാനിക്ക് കൈമാറിയത്. ഓരോ പൗരന്റെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദിക്ക് അതിനെ പറ്റി മിണ്ടാട്ടമില്ല.  രാജ്യത്തെ വികസനത്തെ കുറിച്ച് മോദിക്ക് ഒന്നും പറയാന്‍ കഴിയാത്തത് പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ്. രാഷ്ട്ര സുരക്ഷയെ കുറിച്ചാണ് മോദി ഇപ്പോള്‍ സംസാരിക്കുന്നത്. കോടിക്കണക്കിന് യുവാക്കളാണ് തൊഴിലില്ലായ്മ മൂലം പ്രയാസം അനുഭവിക്കുന്നത്. പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നു. ഇത് ഒരു രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായിട്ടും മോദി പറയുന്നത് മറ്റു കാര്യങ്ങളാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലോടിഞ്ഞു. നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. തെറ്റായ ജി.എസ്.ടി മൂലം വ്യാപാര മേഖലയും തകര്‍ന്നടിഞ്ഞു. ഇത്രയും രൂക്ഷമായ പ്രശ്‌നങ്ങള്‍ അവഗണിച്ചു കൊണ്ട് മോദി മാന്‍ കി ബാത്തിലൂടെ തന്റെ സ്വപ്നങ്ങള്‍ പങ്കുവെക്കുകയാണ്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇത് പരിഗണിക്കുന്നതു പോലും ഇല്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന് അറിയാനുള്ളത് കര്‍ഷകരുടെ മനസില്‍ എന്താണെന്നും യുവാക്കളുടെ ആശങ്കകള്‍ എന്തൊക്കെയാണുമെന്നാണ്. എന്നാല്‍ ഇതൊന്നും അറിയാന്‍ മോദിക്ക് താല്‍പ്പര്യമില്ല. രാജ്യത്തെക്കാള്‍ വലുതാണ് താനെന്നാണ് മോദി കരുതുന്നത്. യുപിഎ സര്‍ക്കാര്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയ പാലക്കാട് കോച്ച് ഫാക്ടറി ബി.ജെ.പി ഇല്ലാതാക്കി. യു.പി.എഅധികാരത്തില്‍ വന്നാല്‍ അത് യാഥാര്‍ഥ്യമാക്കും. 72000 കോടി രൂപയാണ് യു.പി.എ സര്‍ക്കാര്‍ കര്‍ഷക വായ്പ എഴുതി തള്ളാന്‍ ചെലവഴിച്ചത് .എന്നാല്‍ മോദിയില്‍ നിന്നും അവര്‍ക്ക് കിട്ടിയത് അവഹേളനം മാത്രമാണ്.
രാജ്യത്തെ സംരക്ഷിച്ചത് കര്‍ഷകരാണെങ്കില്‍ അവരെ വിസ്മരിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും രാഹുല്‍ പറഞ്ഞു. കാര്‍ഷിക രംഗത്തെ സമഗ്ര വളര്‍ച്ച ഉറപ്പു വരുത്തുന്നതിനായി വര്‍ഷാവര്‍ഷം പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക മേഖലയില്‍ സാങ്കേതിക മേഖലകള്‍ ഉപയോഗപ്പെടുത്തും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. എഐസിസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുകുള്‍ വാസ്‌നിക്, പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍, അബ്ദുസമദ് സമദാനി, കെ സി വേണുഗോപാല്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഇ ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, സി പി മുഹമ്മദ് സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.