2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: വനിതാ കിരീടം മാര്‍ത്തോമ്മ കോളജിന്

മൂവാറ്റുപുഴ: മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വനിതാ വിഭാഗം കിരീടം മാര്‍ത്തോമ്മ കോളജ് തിരുവല്ലയ്ക്ക്. ലീഗിലെ അവസാന മത്സരത്തില്‍ അപരാജിതരായി മുന്നേറിയ ക്വാര്‍ട്‌സ് വിമന്‍സ് എഫ്.സി കോഴിക്കോടിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മാര്‍ത്തോമ്മ കോളജ് പരാജയപ്പെടുത്തിയത്. മാര്‍ത്തോമ്മയ്ക്കു വേണ്ടി പി.കെ സുചിത്ര ഇരട്ട ഗോളുകള്‍ നേടി. ശേഷിച്ച ഗോള്‍ സുബിത സ്വന്തമാക്കി. റോബിന്‍ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചു ആറ് പോയിന്റോടെ ഒപ്പത്തിനൊപ്പം നിന്നിരുന്ന തിരുവല്ലയും കോഴിക്കോടും തമ്മിലുള്ള മത്സരം വാശിയേറിയതാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഏകപക്ഷീയമായിരുന്നു മത്സരം.

രണ്ടാം മിനുട്ടില്‍ സുബിത പൂവട്ടയാണ് മാര്‍ത്തോമ്മയുടെ അക്കൗണ്ട് തുറന്നത്. ഒന്‍പതാം മിനുട്ടില്‍ പി.കെ സുചിത്ര ടീമിന്റെ രണ്ടാം ഗോളും തന്റെ ആദ്യ ഗോളും സ്വന്തമാക്കി. രണ്ടു ഗോള്‍ വഴങ്ങിയിട്ടും തിരിച്ചടിക്കാന്‍ കോഴിക്കോട് ശ്രമിച്ചില്ല. രണ്ടാം പകുതിയിലും മാര്‍ത്തോമ്മയുടെ ആധിപത്യത്തിനു മുന്നില്‍ കോഴിക്കോട് അടിയറവ് പറഞ്ഞു.

80ാം മിനുട്ടില്‍ പി.കെ സുചിത്രയിലൂടെ മൂന്നാം ഗോള്‍ കൂടി നേടിയതോടെ കോഴിക്കോട് പരാജയം സമ്മതിക്കുകയായിരുന്നു. ഇന്നു നടക്കുന്ന പുരുഷ വിഭാഗം ഗ്രൂപ്പ് ബി മത്സരത്തില്‍ എസ്.ബി.ടി തിരുവനന്തപുരം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ നേരിടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.