2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

കേരള പുനര്‍നിര്‍മാണത്തിന് കേന്ദ്രം വലിയ സഹായം നല്‍കണം: മന്ത്രി

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരില്‍നിന്ന് വലിയ സഹായം ലഭിച്ചാലേ പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ എന്ന് മന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയശേഷം പകര്‍ച്ചവ്യാധികള്‍ കാരണം കൂട്ടമരണം ഉണ്ടാകുന്നത് തടയാന്‍ നമുക്ക് കഴിഞ്ഞു. ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒരാള്‍പോലും ഡെങ്കിപ്പനി വന്ന് മരിക്കില്ലെന്ന് ഉറപ്പാക്കാന്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി വ്യക്തികളും തദ്ദേശസ്ഥാപനങ്ങളും മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
പെരളശ്ശേരി മൂന്നുപെരിയ താജ് ഓജിറ്റോറിയത്തിലായിരുന്നു ആദ്യ പരിപാടി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കൗമുദി ടീച്ചറുടെ സഹോദരന്‍ പ്രഭാകരന്‍ നമ്പ്യാരില്‍ നിന്ന് മന്ത്രി ആദ്യ സംഭാവന ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വി.എം സജീവന്‍, കെ.പി ബാലഗോപാല്‍, കെ. ഗിരീശന്‍ സംസാരിച്ചു.
വിദ്യാര്‍ഥി നേതാവായിരുന്ന കെ.വി സുധീഷിന്റെ സഹോദരീ ഭര്‍ത്താവ് രാജന്റെ ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മന്ത്രി ശൈലജ മൂന്നുപെരിയയിലെ രാജന്റെ വീട്ടിലെത്തിയാണ് തുക സ്വീകരിച്ചത്.
ചക്കരക്കല്‍ ഗോകുലം കല്ല്യാണ മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ കെ.വി സുമേഷ് അധ്യക്ഷനായി. ടി.വി ലക്ഷ്മി, എം.സി മോഹനന്‍, ടി.വി സീത, എ. പങ്കജാക്ഷന്‍ സംസാരിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. ടി. പ്രസന്ന, വി. ഷാജി, ജിജി റോയ്, മൈഥിലി രമണന്‍, ഇന്ദിര ശ്രീധരന്‍, സെലിന്‍ മാണി, കെ.പി സുരേഷ് കുമാര്‍, ബാബു ജോസഫ്, കെ.കെ ദിവാകരന്‍ പങ്കെടുത്തു.
ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. വി.കെ സുരേഷ് ബാബു, എന്‍.ടി റോസമ്മ, പി.പി അശോകന്‍, കെ.വി മോഹനന്‍, കെ. ശ്രീജ, ഷെര്‍ലി അലക്‌സാണ്ടര്‍, എന്‍. അശോകന്‍, അഡ്വ. ഷീജ സെബാസ്റ്റിയന്‍, ഷിജി നടുപ്പറമ്പില്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.