2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കേരള കോണ്‍ഗ്രസ് (എം) ജോസ്, ജോസഫ് വിഭാഗങ്ങളുടെ നേതൃയോഗങ്ങള്‍ ഇന്ന്

സ്വന്തം ലേഖകന്‍
കോട്ടയം: അംഗീകാരം സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍പ്പാകുന്നത് നീണ്ടു പോകുന്നതിനിടെ കേരള കോണ്‍ഗ്രസ് (എം)ലെ ജോസ് കെ. മാണി -പി.ജെ ജോസഫ് വിഭാഗങ്ങളുടെ നേതൃയോഗങ്ങള്‍ ഇന്ന് കോട്ടയത്ത് ചേരുന്നു.
ജോസ് വിഭാഗം രാവിലെ 10.30ന് ജില്ലാ നേതൃയോഗവും ഉച്ചകഴിഞ്ഞ് പാലായില്‍ ഉന്നതാധികാര സമിതിയുമാണ് ചേരുന്നത്. രാവിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേരുന്ന ജില്ലാ യോഗം ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും.
ഈ യോഗത്തില്‍ ജില്ലാ നേതാക്കളാകും പങ്കെടുക്കുക. എന്നാല്‍ ഉച്ചക്ക് ശേഷം നടക്കുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ എം.പിമാരും എം.എല്‍.എമാരുമടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
അതേസമയം, ജോസഫ് വിഭാഗം സംസ്ഥാന നേതൃ സമ്മേളനം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കോട്ടയത്ത് സീസര്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാനും നിയമസഭാകക്ഷി നേതാവുമായ പി.ജെ ജോസഫ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എം.എല്‍.എ അധ്യക്ഷനാകുന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) നിയമസഭാകക്ഷി സെക്രട്ടറിയും പാര്‍ട്ടി വിപ്പുമായ മോന്‍സ് ജോസഫ് എം.എല്‍.എ കര്‍ഷക പ്രക്ഷോഭ മാര്‍ഗരേഖ അവതരിപ്പിക്കും.
പതിനാല് ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് നേതൃ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
രാവിലെ 10 മുതല്‍ ഒരു മണി വരെ സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചയും റിപ്പോര്‍ട്ടിങ്ങും നടക്കും. ജോസഫ് വിഭാഗത്തിന്റെ പാര്‍ട്ടി ഭാരവാഹികളെ കൂടാതെ പോഷക സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
ഇരുവിഭാഗവും നേതൃയോഗങ്ങള്‍ അടിയന്തരമായി ചേരേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ഒപ്പമുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുക എന്ന പ്രതിരോധവും യോഗങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
15ന് യു.ഡി.എഫ് യോഗം ചേരാനിരിക്കെ മുന്നണി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങളും ഇരുവിഭാഗങ്ങളും ചര്‍ച്ച ചെയ്‌തേക്കും. മുന്നണി നേതൃത്വത്തിന് മുന്നില്‍ ശക്തി തെളിയിക്കാനുള്ള അവസരമായും യോഗങ്ങള്‍ മാറിയേക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.