2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ്: പ്രശ്‌നങ്ങളും സാധ്യതകളും

കെ പ്രദീപന്‍- 9846495901

സ്റ്റിസ് രാമചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച പത്താം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ന്ന് സര്‍ക്കാര്‍ എടുത്ത നടപടികളും സിവില്‍ സര്‍വിസിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകാന്‍ സഹായിച്ചിട്ടുണ്ട്. അതുപക്ഷേ, സര്‍ക്കാര്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് വെട്ടിക്കുറക്കുന്നതു പോലുള്ള കാര്യമാത്ര പ്രസക്തമല്ലാത്ത നിര്‍ദേശങ്ങളിലേക്ക് ചുരുക്കപ്പെടുകയാണ്. കേരളത്തിലെ സിവില്‍ സര്‍വിസിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഫലപ്രദമായ ഭരണപരിഷ്‌ക്കാരങ്ങള്‍ ഏറെയൊന്നും സിവില്‍ സര്‍വിസില്‍ നടന്നിട്ടില്ല.

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആദ്യമന്ത്രിസഭയുടെ കാലം മുതല്‍ നിരവധി ഭരണപരിഷ്‌ക്കരണ കമ്മിഷനുകളെ നിയമിച്ചെങ്കിലും സെക്രട്ടറിയേറ്റും മറ്റ് ഭരണനിര്‍വഹണ ഓഫിസുകളും ഉള്‍പ്പെടുന്ന നമ്മുടെ സംവിധാനത്തിനകത്ത് കാതലായ മാറ്റങ്ങളൊന്നും വരുത്താന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയാറായില്ല. പുത്തന്‍ സാങ്കേതിക വിദ്യയുടെ വികാസങ്ങള്‍ക്കനുസരിച്ച് സിവില്‍ സര്‍വിസിനകത്ത് ഉയര്‍ന്നുവരേണ്ട ഭരണനിര്‍വഹണ സംവിധാനങ്ങള്‍ പോലും നമ്മുടെ നാട്ടില്‍ യാഥാര്‍ഥ്യമായിട്ടില്ല.

ജനപക്ഷ സിവില്‍ സര്‍വിസിനെക്കുറിച്ചുള്ള ആശങ്കകള്‍ ഭരണാധികാരികള്‍ മുതല്‍ പൊതുജന വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെക്കാറുണ്ടെങ്കിലും പ്രായോഗികതലത്തിലേക്ക് പലപ്പോഴും ഈ ആശങ്കകളുടെ പ്രതിഫലനം ഉണ്ടാകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ നിര്‍ണായകമായ ഭരണപരിഷ്‌ക്കരണ തീരുമാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.

ഐ.എ.എസുകാര്‍ ഉള്‍പ്പെടുന്ന സിവില്‍ സര്‍വിസിലെ എക്‌സിക്യൂട്ടിവ് വിഭാഗം ഏതൊരു ഭരണകൂടത്തെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതാണ്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ സര്‍ക്കാരിന്റെ നയരൂപീകരണം, സേവന ലഭ്യത ഉറപ്പുവരുത്താന്‍, സുതാര്യത, അക്കൗണ്ടബിലിറ്റി, നികുതി പിരിവും അതിന്റെ സമര്‍ഥമായ വിനിയോഗവും തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ഈ എക്‌സിക്യൂട്ടിവ് വിഭാഗം ബാധ്യസ്ഥമാണ്. സംസ്ഥാനത്ത് 211 ഐ.എ.എസ് തസ്തികകളാണ് നിലവിലുള്ളത്. ഈ തസ്തികകളില്‍ നല്ലൊരു ശതമാനം ഒഴിഞ്ഞുകിടക്കുന്നുവെന്നതാണ് സംസ്ഥാനത്തെ എക്‌സിക്യൂട്ടിവ് സിവില്‍ സര്‍വിസ് നേരിടുന്ന പ്രധാന പ്രശ്‌നം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഇതിന് കാരണമാകുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വിസില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗസ്ഥരുടെ പ്രൊമോഷനില്‍ വരുന്ന കാലതാമസവും ഇതിന് കാരണമാകുന്നുണ്ട്.

കേരളത്തിലെ സിവില്‍ സര്‍വിസിലെ എക്‌സിക്യൂട്ടിവ് വിഭാഗവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം 1963 ലാണ് നടന്നത്. ഇതിന്റെ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഉത്തരവ് (ജി.ഒ..സി.എം.എസ് 32763പി.ഡി) 1963 ഓഗസ്റ്റ് 21നാണ് പുറത്തിറങ്ങിയത്. ഈ സ്‌പെഷ്യല്‍ റൂള്‍ പ്രകാരം സംസ്ഥാന സര്‍വിസിലെ റവന്യൂ വകുപ്പിലെ നിശ്ചിത യോഗ്യതയുളള ഡെപ്യൂട്ടി കലക്ടര്‍മാരെ മാത്രമാണ് സ്‌റ്റേറ്റ് സര്‍വിസിലേക്ക് പരിഗണിച്ചിരുന്നത്. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഭൂരിഭാഗവും അന്ന് നിര്‍വഹിച്ചിരുന്നത് റവന്യൂ വകുപ്പ് ആയിരുന്നതുകൊണ്ടാണ് അന്ന് സര്‍ക്കാര്‍ റവന്യൂ വകുപ്പിനെ മാത്രം പ്രൊമോഷന്‍ തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സിവില്‍ സര്‍വിസില്‍ അധികാര വികേന്ദ്രീകരണമുള്‍പ്പെടെയുള്ള നിരവധി കാതലായ മാറ്റങ്ങള്‍ സംഭവിച്ച പുതിയ സാഹചര്യത്തില്‍ സ്‌റ്റേറ്റ് സിവില്‍ സര്‍വിസ് ക്യാച്ച്‌മെന്റ് ഗ്രൂപ്പ് വിപുലപ്പെടുത്തണമെന്ന ആവശ്യം തീര്‍ച്ചയായും ന്യായപൂര്‍ണമാണ്.എന്നാല്‍ നിരവധി സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ഇക്കാര്യത്തില്‍ യാതൊരു പരിശോധനയും ഉണ്ടായില്ല എന്നതാണ് കൗതുകകരമായ വസ്തുത. നിലവിലുള്ള 211 ഐ.എ.എസ് തസ്തികകളില്‍ 60 എണ്ണം പൂര്‍ണമായും ഡെപ്യൂട്ടി കലക്ടര്‍ പദവിയില്‍ നിന്നുള്ള പ്രൊമോഷന്‍ തസ്തികയായിട്ടാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

യോഗ്യരായ ഡെപ്യൂട്ടി കലക്ടര്‍മാരെ ലഭ്യമല്ലാത്തത് മൂലം നിലവിലുള്ള 60 പ്രൊമോഷന്‍ തസ്തികകളില്‍ 26 ഇപ്പോഴും സംസ്ഥാനത്ത് നികത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്നെ നിരവധി വകുപ്പുകളുടെ അധിക ചുമതല നിര്‍വഹിക്കേണ്ടി വരുന്ന പ്രതിസന്ധിയിലേക്കാണ് ഇത് വഴിവെക്കുന്നത്.

ചീഫ് സെക്രട്ടറി തലവനായുള്ള കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിന്റെ പുതുക്കിയ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഒന്നാമത്തെ തീരുമാനം സ്‌റ്റേറ്റ് സിവില്‍ സര്‍വിസ് കയാച്ച്‌മെന്റ് ഗ്രൂപ്പ്എ വിപുലപ്പെടുത്താനുള്ളതാണ്. റവന്യൂ വകുപ്പിനെ കൂടാതെ തദ്ദേശ സ്വയംഭരണം, കൃഷി, ടൂറിസം, വിദ്യാഭ്യാസം, രജിസ്‌ട്രേഷന്‍ തുടങ്ങി 18 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയില്‍ നിന്ന് ഇനി മുതല്‍ സ്‌റ്റേറ്റ് സിവില്‍ സര്‍വിസിലേക്ക് പ്രൊമോഷന്‍ സാധ്യമാക്കുന്നതാണ് തുടങ്ങിയ ഭേദഗതി.

എന്നാല്‍ പ്രൊമോഷന്‍ തസ്തികയിലെ പകുതിയോളം പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷമായ എതിര്‍പ്പാണ് സര്‍വിസ് സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. പ്രൊമോഷന്‍ നിയമനത്തിനുവേണ്ടി നീക്കിവെച്ചിരുന്ന 60 തസ്തികകളില്‍ പകുതിയിലേക്ക് സംസ്ഥാന സിവില്‍ സര്‍വിസ് പരീക്ഷയിലൂടെ നേരിട്ട് നിയമനം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യതകള്‍ കുറയുമെന്ന ആശങ്ക സര്‍വിസ് സംഘടനകള്‍ ഉയര്‍ത്തുമ്പോള്‍, എക്‌സിക്യൂട്ടിവ് സിവില്‍ സര്‍വിസില്‍ യുവത്വത്തിന്റെ പ്രാതിനിധ്യം വര്‍ധിക്കണമെന്ന നിലപാട് സര്‍ക്കാരും മുന്നോട്ടു വെക്കുന്നു.

പ്രൊമോഷന്‍ ലഭിക്കണമെങ്കില്‍ യോഗ്യതാ പരീക്ഷ ജയിക്കണമെന്നും 52 വയസ് കഴിയാത്തവരായിരിക്കണമെന്നുമുള്ള ഉപാധികളും സര്‍വിസ് സംഘടനകളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. സിവില്‍ സര്‍വിസിലെ സാങ്കേതിക വിഭാഗം ജീവനക്കാരെയും ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും മാത്രം ഉള്‍ക്കൊള്ളുന്ന പ്രൊഫഷണല്‍ ജീവനക്കാരെയും സിവില്‍ സര്‍വിസ് പ്രൊമോഷന് പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍വിസ് സംഘടനകളെ മുഖവിലക്കെടുത്ത് ഇക്കാര്യത്തില്‍ സമന്വയമുണ്ടാക്കാനുള്ള ശ്രമമാണ് ഇനി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അന്‍പത് ശതമാനം നേരിട്ടുള്ള നിയമനം ഒഴിവാക്കി പകരം സംസ്ഥാന സര്‍വിസിലേക്കുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും ഇടയില്‍ പൊതുപരീക്ഷ നടത്തി നിയമനം നല്‍കണമെന്ന ഭേദഗതി നിര്‍ദേശവും സര്‍ക്കാരിന് പരിഗണിക്കാവുന്നതാണ്. ഏറെ യോഗ്യതയുള്ള നിരവധി യുവതീ യുവാക്കള്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലടക്കം ജോലി ചെയ്യുമ്പോള്‍ ഇത്തരമൊരു തീരുമാനം ഏറെ ഗുണകരമായിരിക്കും. പ്രൊമോഷന്‍ മാനദണ്ഡം സീനിയോറിറ്റി മാത്രമാണെന്ന സംസ്ഥാന സിവില്‍ സര്‍വിസിലെ പരിമിതി മറികടക്കാനും ഇത് സഹായിക്കുമെന്നതില്‍ സംശയമില്ല.

കാര്യക്ഷമമായ സിവില്‍ സര്‍വിസ് കേരളീയ പൊതുസമൂഹത്തിന്റെ സ്വപ്നമാണ്. അത് യാഥാര്‍ഥ്യമാക്കേണ്ടത് സര്‍ക്കാരിന്റെയും ഒപ്പം സര്‍വിസ് സംഘടനകളുടെയും ഉത്തരവാദിത്വവും. കേരളത്തിന്റെ വികസന പ്രക്രിയയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന വിധത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് പുനഃക്രമീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവുക തന്നെ വേണം. ഇതുതന്നെയാണ് പൊതുസമൂഹം ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News