2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

കേരളാ ചിക്കന്‍ പദ്ധതിയുമായി കെപ്‌കോ

 

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ സംയോജിത കോഴിവളര്‍ത്തല്‍ പദ്ധതി ആരംഭിക്കുമെന്ന് കേരളാ പൗള്‍ട്രിവികസന കോര്‍പറേഷന്‍ (കെപ്‌കോ) ചെയര്‍പേഴ്‌സണ്‍ ചിഞ്ചുറാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കേരളാ ചിക്കന്‍ പദ്ധതി സാക്ഷാത്കരിക്കുന്നതിനായിട്ടാണ് മൃഗസംരക്ഷണ വകുപ്പ്-കെപ്‌കോ-കുടുംബശ്രീ സംയുക്ത സംരംഭം.
നല്ലഭക്ഷണം പരിപാടിയുടെ ഭാഗമായി ഗുണമേന്‍മയേറിയ കോഴിയിറച്ചിയുടെ ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുക, കോഴിയിറച്ചിയുടെ അമിത വിലക്കയറ്റം നിയന്ത്രിക്കുക, കോഴിയിറച്ചിയുടെ ആവശ്യകത നിറവേറ്റുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി ആരംഭിക്കാനാണ് ആലോചന. ഇതിന്റെ പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ തുടക്കത്തില്‍ നടപ്പാക്കും.
തിരുവനന്തപുരത്ത് പത്തും കൊല്ലത്ത് അഞ്ചും പത്തനംതിട്ടയില്‍ ഒന്‍പതും യൂനിറ്റുകളുണ്ട്. ഓരോ യൂനിറ്റിലും ആയിരം കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. നാല്‍പ്പത് രൂപക്ക് കെപ്‌കോ ഉല്‍പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ യൂനിറ്റില്‍ എത്തിക്കും.
ഇവയ്ക്ക് 40-45 ദിവസം പ്രായവും രണ്ടുകിലോ തൂക്കവും ഉണ്ടാകുമ്പോള്‍, കിലോക്ക് 85 രൂപ നിരക്കില്‍ കെപ്‌കോ തന്നെ തിരികെ വാങ്ങും. തുടര്‍ന്ന് കെപ്‌കോയുടെ സംസ്‌കരണശാലയില്‍ സംസ്‌കരിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. തികച്ചും ശാസ്ത്രീയമായി കര്‍ശന നിരീക്ഷണത്തില്‍ വളര്‍ത്തിയെടുക്കുന്നതിനാല്‍ ഇറച്ചി അതീവ സുരക്ഷിതവും ആരോഗ്യപ്രദവുമാണെന്ന് ചിഞ്ചുറാണി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ആയിരം യൂനിറ്റുകള്‍ക്ക് ആയിരം കോഴികളെ വീതം നല്‍കും. ഇതിനുള്ള പരിശീലനവും അംഗങ്ങള്‍ക്കു നല്‍കും. ഇതിനായി രണ്ടര ലക്ഷത്തോളം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ കൊപ്‌കോയുടെ ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ ആയിരം കോഴികളെ ശാസ്ത്രീയമായി സംസ്‌കരിച്ച് മാംസം തയാറാക്കാന്‍ ശേഷിയുള്ള അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പുതിയ ഇറച്ചിസംസ്‌ക്കരണ ശാല സ്ഥാപിക്കും. 6.75 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാകും. പദ്ധതി നടപ്പാകുമ്പോള്‍ ഇറച്ചിക്കോഴികള്‍ക്കും കോഴിയിറച്ചിക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര മുട്ട ഉല്‍പ്പാദനത്തില്‍ 42 കോടി മുട്ടയുടെ അധികം ഉല്‍പാദനം നടത്താന്‍ കെപ്‌കോക്ക്് കഴിഞ്ഞിട്ടുണ്ട്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 15ന് രാവിലെ 11ന് കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന് സമീപം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ വനംമന്ത്രി കെ. രാജു നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ഡോ.വിനോദ് ജോണ്‍, മാര്‍ക്കറ്റിങ് മാനേജര്‍ സുകുമാരന്‍, സീനിയര്‍ മാനേജര്‍ ജേക്കബ് എന്നിവരും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.