2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്റെ അധികാരം ജോസഫിന് വജ്രായുധം: പിളര്‍പ്പിന് തടസമായി അയോഗ്യതാ പേടി

എം. ഷഹീര്‍

കോട്ടയം: പോര് രൂക്ഷമായിട്ടും കേരളാ കോണ്‍ഗ്രസ് (എം) പിളരാതെ നില്‍ക്കുന്നത് അയോഗ്യതാ പേടി മൂലം. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പി.ജെ ജോസഫിന് കൈവന്ന ചെയര്‍മാന്‍ പദവിയും അധികാരങ്ങളുമാണ് ജോസ് കെ. മാണി വിഭാഗത്തെ കരുതലോടെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
ജോസഫ് വിഭാഗം പാര്‍ട്ടി വിടാന്‍ തയാറാകാത്തതാണ് മാണി വിഭാഗത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്. ചെയര്‍മാന്‍ പദവിയിലുള്ള പി.ജെ ജോസഫിനെതിരേ നടപടിയെടുക്കാന്‍ സാങ്കേതികമായി മാണി വിഭാഗത്തിന് തടസങ്ങളുണ്ട്. കൂടാതെ നിയമസഭാകക്ഷി നേതാവാകാനും ജോസഫിനാണ് സാധ്യത കൂടുതല്‍. ഇതിനുപുറമെ നിയമസഭാകക്ഷി സെക്രട്ടറി പദവിയും ജോസഫ് വിഭാഗക്കാരനായ മോന്‍സ് ജോസഫിനാണുള്ളത്. ഈ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിനെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ മാണി വിഭാഗത്തിന് കഴിയില്ല. പിളര്‍പ്പുണ്ടായാല്‍ മാണി വിഭാഗത്തിനെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിയുകയും ചെയ്യും. അങ്ങനെവന്നാല്‍ മാണി വിഭാഗം എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ സാധ്യതയുണ്ട്. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് അഞ്ച് എം.എല്‍.എമാരാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവര്‍ ജോസഫ് വിഭാഗത്തിലും എന്‍. ജയരാജ് , റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാണി വിഭാഗത്തിലും ഉറച്ചുനില്‍ക്കുന്നു. അഞ്ചാമനായ സി.എഫ് തോമസാകട്ടെ ജോസഫ് വിഭാഗത്തോടും കൂറുപുലര്‍ത്തുന്നു. നിയമസഭയിലെ അംഗബലം ഏതാണ്ട് തുല്യമായിരിക്കെ ചെയര്‍മാന്‍ പദവിയിലിരിക്കുന്ന നേതാവിനാകും അച്ചടക്കനടപടി സംബന്ധിച്ച നിര്‍ണായക തീരുമാനമെടുക്കാന്‍ കഴിയുക. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് സമവായശ്രമങ്ങള്‍ക്ക് ഇരുവിഭാഗവും തയാറാകുന്നത്. പിളര്‍പ്പുണ്ടായാല്‍ അയോഗ്യതാ ഭീഷണി ഒഴിവാക്കുകയെന്നതാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഇക്കാര്യം പരിഗണിച്ചുകൊണ്ടുള്ള മധ്യസ്ഥശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ജോസഫും കൂട്ടരും പാര്‍ട്ടി വിട്ടുപോകട്ടെയെന്ന നിലപാടാണ് കുറേകാലങ്ങളായി മാണി വിഭാഗത്തിനുള്ളത്. കോട്ടയം ലോക്‌സഭാ സീറ്റില്‍ ജോസഫിന് സീറ്റ് നിഷേധിച്ചപ്പോള്‍ പ്രതിഷേധവുമായി അവര്‍ പടിയിറങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ ചാഴിക്കാടന്‍ ഗംഭീര വിജയം നേടിയതോടെ മാണി വിഭാഗത്തിന്റെ വിശ്വാസം കൂടുതല്‍ ബലപ്പെട്ടു. എന്നാല്‍, കെ. എം മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ അനുകൂലമാക്കി പി.ജെ ജോസഫും കൂട്ടരും പാര്‍ട്ടിയില്‍ അധികാരം സ്ഥാപിച്ചത് മാണി വിഭാഗത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് ജോസ് കെ. മാണി ഉറച്ചുനിന്നപ്പോള്‍ നേതൃതലത്തിലെ സമവായമെന്ന പാര്‍ട്ടി കീഴ്്‌വഴക്കം നടപ്പാക്കിയാല്‍ മതിയെന്നായിരുന്നു ജോസഫിന്റെ നിലപാട്. ജോസ് കെ. മാണിയിലേക്ക് സ്വാഭാവികമായി വന്നുചേരുമെന്ന് കരുതപ്പെട്ട ചെയര്‍മാന്‍ സ്ഥാനം അതോടെ അനിശ്ചിതത്വത്തിലായി. ചെയര്‍മാന്‍ പദവി ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ സമീപഭാവിയിലൊന്നും കിട്ടില്ലെന്ന് ജോസ് കെ. മാണി കരുതുന്നു.
ശത്രുപക്ഷത്തുള്ള ജോസഫിന് സ്ഥാനം വിട്ടുകൊടുക്കാന്‍ തയാറുമല്ല. സി.എഫ് തോമസിന് ചെയര്‍മാന്‍ പദവി നല്‍കിക്കൊണ്ടുള്ള സമവായ നിര്‍ദേശം മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളും ചില രണ്ടാംനിര നേതാക്കളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ജോസഫിനെ വരുതിയിലാക്കാന്‍ ഇതുകൊണ്ട് കഴിയുമെന്ന് അവര്‍ കരുതുന്നു.
പി.ജെ ജോസഫില്‍ നിന്ന് ചെയര്‍മാന്‍ പദവി മാറ്റി സി.എഫ് തോമസിനെ നിയോഗിച്ചുകൊണ്ട് പാര്‍ട്ടിയില്‍ പിളര്‍പ്പൊഴിവാക്കണമെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍, ജോസ് കെ. മാണിക്ക് ചെയര്‍മാന്‍ സ്ഥാനമെന്ന നിലപാടില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ക്ക് താല്‍പര്യമില്ല. തനിക്ക് നഷ്ടപ്പെട്ടാലും സി.എഫ് തോമസിനെ ചെയര്‍മാനാക്കുന്നതില്‍ ജോസഫിനും അനുകൂല നിലപാടാണെന്നാണ് അറിയുന്നത്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കുന്നതില്‍ നിന്ന് തടയുകയെന്നതിലാണ് ജോസഫ് വിഭാഗത്തിന്റെ ഊന്നല്‍.സമവായ ശ്രമങ്ങള്‍ക്കിടയിലും പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളും മാണി വിഭാഗം ശക്തമാക്കുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെക്കൊണ്ട് ജോസഫ് വിഭാഗത്തിനെതിരേ പ്രസ്താവനകളിറക്കിയും പോഷക സംഘടനകളെ രംഗത്തിറക്കിയുമാണ് മാണി വിഭാഗം സന്നാഹങ്ങളൊരുക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News