2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

‘കേരളവും സൊമാലിയയും’ വിവാദത്തില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തെ സൊമാലിയയോടുപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിഷേധം ശക്തം. മോദിയുടെ പരമാര്‍ശത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പരാമര്‍ശം പിന്‍വലിക്കണമെന്നു കത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം, സൊമാലിയന്‍ പരാമര്‍ശത്തിനെതിരേ നവമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണുയരുന്നത്.
ട്വിറ്ററിലൂടെ ആരംഭിച്ച പ്രതിഷേധം നവമാധ്യമങ്ങളിലെല്ലാം ട്രോളുകളായി. ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് മലയാളികള്‍ നടത്തുന്നത്. വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെയും ഗുജറാത്തിന്റെയും സ്ഥാനം എണ്ണിപ്പറഞ്ഞാണ് ചിലരുടെ പ്രതിഷേധം. ട്വിറ്ററില്‍ ‘പോ മോനേ മോദി’ എന്ന ഹാഷ് ടാഗില്‍ ആരംഭിച്ച പ്രതിഷേധം ദേശീയ തലത്തിലും ചര്‍ച്ചയായി. മോദിക്കെതിരേയുള്ള കേരളത്തിന്റെ പ്രതികരണം ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തു.
മോദി കേരളത്തെ അപമാനിച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അവസാനഘട്ട പ്രചാരണത്തിനെത്തുമ്പോള്‍ തെറ്റായ പ്രസ്താവനകള്‍ മോദി പിന്‍വലിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച തിരുവനന്തപുരത്തു നടന്ന പ്രചാരണ പരിപാടിയിലാണ് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്. ആദിവാസി ബാലന്‍ മാലിന്യങ്ങള്‍ക്കിടയില്‍നിന്നു ഭക്ഷണം കഴിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. മുഖ്യമന്ത്രിക്കു പിന്നാലെ ഇടതു, വലതു നേതാക്കള്‍ പരാമര്‍ശത്തിനെതിരേ രംഗത്തെത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പ്രതികരിച്ചു. വികസന കാര്യത്തില്‍ കേരളം പിറകിലാണെന്ന മോദിയുടെ പ്രസ്താവന അപമാനിക്കുന്നതാണെന്നും കാരാട്ട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.