2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരളത്തോട് മുഖംതിരിച്ച് കേന്ദ്രബജറ്റ്

പിണറായി വിജയന്‍(മുഖ്യമന്ത്രി)

 

രാജ്യത്തെ ഏറ്റവും ജനോപകാരപ്രദമായ സര്‍ക്കാര്‍ ഇടപെടലുകളില്‍ ഒന്നാണ് തൊഴിലുറപ്പു പദ്ധതി. ആ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചത് 61,084 കോടി രൂപയായിരുന്നു. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ അറുപതിനായിരം കോടി രൂപയാണ് തൊഴിലുറപ്പു പദ്ധതിക്ക് നീക്കിവച്ചത്. 1,084 കോടി രൂപ വെട്ടിക്കുറച്ചു. നൂറു ദിവസത്തെ തൊഴില്‍ കൊടുക്കാനുള്ളതാണ് പദ്ധതിയെങ്കിലും ഇതുവരെ ശരാശരി ഒരാള്‍ക്ക് നാല്‍പത്തിയാറു ദിവസത്തെ തൊഴില്‍ മാത്രമാണ് കൊടുത്തിട്ടുള്ളത്. അതില്‍ തന്നെ ഇത്രയും വലിയ വെട്ടിക്കുറവ് വരുത്തിയതില്‍ നിന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ആദ്യ ബജറ്റിന്റെ സമീപനം വ്യക്തമാകുന്നു.
ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെയോ രാജ്യത്തിന്റെ ആവശ്യങ്ങളെയോ അഭിസംബോധന ചെയ്യുന്നതല്ല 2019-20 ലെ കേന്ദ്ര ബജറ്റ്. എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത അവഗണനയാണ് ഈ ബജറ്റില്‍ പ്രകടമാകുന്നത്. കേരളവുമായി ബന്ധപ്പെട്ട ചില മേഖലകളിലെ കണക്കുകള്‍ നോക്കിയാല്‍ അത് തെളിയും. നമ്മുടെ പരമ്പരാഗത വ്യവസായ മേഖലയായ കയര്‍ രംഗത്ത്, കയര്‍ ബോര്‍ഡിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൂന്നു കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ ഈ ബജറ്റില്‍ അത് ഒരു കോടിയാണ്.
ദേശീയ ബാംബൂ മിഷന്റെ വിഹിതം മുന്നൂറു കോടിയില്‍ നിന്ന് നൂറ്റമ്പതു കോടിയാക്കി ചുരുക്കി. റബര്‍ ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം 172.22 കോടി ഉണ്ടായിരുന്നത് 170 കോടിയാക്കി. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിനു 2018-19 ബജറ്റ് അടങ്കല്‍ നാല് കോടിയായിരുന്നു. ഇത്തവണ അത് ഒരു കോടി രൂപ മാത്രമാണ്.
പ്രളയം കൊടിയ ദുരന്തം വിതച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധിക്കു പുറത്തുനിന്ന് പ്രളയ പുനര്‍നിര്‍മാണത്തിന് വായ്പയെടുക്കാന്‍ അനുവദിക്കുക എന്നത് കേരളം കേന്ദ്രത്തിനു മുന്നില്‍ വച്ച സുപ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്. അത് അനുവദിച്ചില്ലെന്ന് മാത്രമല്ല, കേരളത്തിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ സഹായങ്ങളോടാകെ മുഖംതിരിച്ചു. പ്രകൃതിദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്ന സുശീല്‍കുമാര്‍ മോദി സമിതിയുടെ നിര്‍ദേശം പോലും കേരളത്തിന്റെ കാര്യത്തില്‍ പരിഗണിക്കപ്പെട്ടില്ല.
റബര്‍ കര്‍ഷകര്‍ക്കായി കേരളം സഹായം ആവശ്യപ്പെട്ടിരുന്നു. റബറിന്റെ മിനിമം താങ്ങുവില 200 രൂപയാക്കുന്നത് ഇവിടുത്തെ കര്‍ഷകരുടെ നിലനില്‍പ്പിനു തന്നെ പ്രധാനമാണ്. അതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട പിന്തുണ നിരസിക്കുക മാത്രമല്ല, റബര്‍ കര്‍ഷകരെ ആശ്വസിപ്പിക്കാനുള്ള ചെറിയ നടപടി പോലും ബജറ്റിലുണ്ടായില്ല. റബര്‍ ബോര്‍ഡിനുള്ള വിഹിതം കുറച്ചത് അതിനുദാഹരണമാണ്. നാളികേര ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയ്ക്കും സഹായമില്ല. ടീ ബോര്‍ഡിനുള്ള ബജറ്റ് വിഹിതം കഴിഞ്ഞ വര്‍ഷം 160.2 കോടി ആയിരുന്നത് ഇത്തവണ 150 കോടി മാത്രമാണ്.
ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളെ കൂടുതല്‍ തീവ്രമായി മുമ്പോട്ടുകൊണ്ടുപോകുന്ന ബജറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് ഒരുലക്ഷത്തി അയ്യായിരം കോടി രൂപ ഒരു വര്‍ഷം കൊണ്ടു സമാഹരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കായി അനേകം പദ്ധതികള്‍ ബജറ്റിലുള്ളപ്പോഴാണ് അന്നന്നത്തെ അന്നത്തിന് പ്രയാസപ്പെടുന്ന തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ ദ്രോഹിക്കുന്ന നിലപാടെടുത്തത്.
കാര്‍ഷികമേഖലയെ പരിപൂര്‍ണമായി അവഗണിക്കുന്നതാണ് ബജറ്റ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള വിപണി പ്രോത്സാഹനമോ കാര്‍ഷിക കടാശ്വാസമോ ഉല്‍പന്നങ്ങളുടെ താങ്ങുവിലയോ ബജറ്റിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയിലൂടെ വന്‍ വിലക്കയറ്റത്തിന് തീകൊളുത്തുന്ന ബജറ്റ് സാമൂഹ്യസുരക്ഷാ പദ്ധതികളെ അവഗണിക്കുന്നു. പൊതുമേഖലയുടെ ഓഹരിവില്‍പന പോലെ സാമൂഹ്യസുരക്ഷാ പദ്ധതികളെ വാണിജ്യവല്‍ക്കരിക്കാനുള്ളതാണ് സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്ന സങ്കല്‍പം. സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമാണ് ബജറ്റിലെ പൊതുസമീപനം. കേന്ദ്രവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനുള്ള ഫെഡറല്‍ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നു.
കേരളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഏറെനാളായി ശ്രമിക്കുകയാണ്. നമ്മുടെ മഹത്തായ ചികിത്സാ പാരമ്പര്യത്തിന്റെയും തനതായ ഔഷധങ്ങളുടെയും സംരക്ഷണവും പ്രചാരണവും ലക്ഷ്യമിടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു പൈസ പോലും ബജറ്റില്‍ നീക്കിവയ്ച്ചിട്ടില്ല. എയിംസ് എന്നത് കേരളത്തിന്റെ എക്കാലത്തെയും ആവശ്യമാണ്. എയിംസിനു തുല്യമായി ഒരു മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നപ്പോഴാണ് കോഴിക്കോട്ട് അതിനായി ഇരുന്നൂറ് ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. അത്തരമൊരു സന്നദ്ധത കേരളം പ്രകടിപ്പിച്ചിട്ടും അവഗണനയാണ് കേന്ദ്രത്തിന്റെ മറുപടി. ബജറ്റില്‍ അക്കാര്യത്തെക്കുറിച്ച് മിണ്ടുന്നതേയില്ല.
കേരളത്തിന്റെ ഗതാഗതപ്രശ്‌നം പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗങ്ങളിലൊന്ന് ജലപാതകളാണ്. ദേശീയ ജലപാതയുടേത് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നുണ്ട്. ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും ഒരു സഹായവും ചെയ്യുന്നില്ല. വെസ്റ്റ്‌കോസ്റ്റ് ജലപാത ഈ ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. അതും പരിഗണിച്ചില്ല.
റെയില്‍വേ രംഗത്തെ അവഗണന പതിവുപോലെ തുടരുകയാണ്. തെക്കുവടക്ക് റെയില്‍വേ പാത ഇരട്ടിപ്പിക്കാനുള്ള അനുമതിയും ഫണ്ടും ആവശ്യപ്പെട്ടെങ്കിലും ബജറ്റ് മൗനം പാലിക്കുന്നു. വ്യവസായരംഗത്ത് ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നാണ് നാം ആവശ്യപ്പെട്ടത്. അതിനോട് ബജറ്റ് പ്രതികരിക്കുന്നതേയില്ല. കൊച്ചി ഷിപ്പ്‌യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറച്ചു.
കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റേത് 67 കോടിയായിരുന്നത് 46 കോടിയാക്കി. കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ രാഷ്ട്രീയ ആരോഗ്യനിധിയില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനെ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
വ്യത്യസ്ത മേഖലകളിലെ അവഗണനയുടെയും പക്ഷപാതത്തിന്റെയും പട്ടിക നീണ്ടതാണ്. രാജ്യം നേരിടുന്ന വരള്‍ച്ചാ മുരടിപ്പ്, തൊഴിലില്ലായ്മ, കാര്‍ഷികമാന്ദ്യം, വ്യവസായ സ്തംഭനം, ഉല്‍പാദന മരവിപ്പ് തുടങ്ങിയ കാതലായ പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കാന്‍ ശ്രമിക്കാത്ത ബജറ്റ് കേരളത്തോട് കടുത്ത അവഗണന കാണിക്കുന്നു എന്നതാണ് വസ്തുത.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വിനിയോഗിക്കാന്‍ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ട്. നാം നേടിയ പുരോഗതിയാണ് അതിനു കാരണം. കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം കിട്ടുമ്പോള്‍ കേരളം അവഗണിക്കപ്പെടുന്നു. കേന്ദ്രത്തിന്റെ ഒരേ തരത്തിലുള്ള മാനദണ്ഡങ്ങള്‍ മാറ്റുക എന്നത് കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യമാണ്. അത് പരിഗണിച്ചില്ല. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഓഹരി നിഷേധിക്കുന്ന സമീപനം തുടരുകയും ചെയ്യുന്നു.
ആരോഗ്യമേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. ആ രംഗത്ത് കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും പുതിയ തലമുറയില്‍പ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും കേന്ദ്രസഹായം ലഭ്യമായേ തീരൂ. എന്നാല്‍, ആരോഗ്യമേഖലയോട് സമ്പൂര്‍ണ അവഗണനയാണ് കേന്ദ്ര ബജറ്റ് കാണിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളും അധികാരങ്ങളും കവര്‍ന്നെടുത്ത് കേന്ദ്രത്തിന്റെ ആശ്രിതരാക്കി മാറ്റാനുള്ള ശ്രമമാണ് ബജറ്റില്‍ തെളിഞ്ഞുകാണുന്നത്. ഫലത്തില്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് പ്രതിഷേധാര്‍ഹവും തിരുത്തപ്പെടേണ്ടതുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News