2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

കേരളത്തെ സൊമാലിയയോട് ഉപമിച്ച സംഭവം: നരേന്ദ്രമോദിക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം

കോഴിക്കോട്: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. നിരവധി പേരാണ് പോ മോനേ ദിനേശാ എന്ന മോഹന്‍ലാല്‍ ഡയലോഗ് മാറ്റി പോ മോനേ മോദി എന്നു പറഞ്ഞ് ടിറ്റ്വറിലും ഫേസ്ബുക്കിലും പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ടോപ്പ് ട്രെന്‍ഡിങ് ലിസ്റ്റായിട്ടാണ് പ്രധാനമന്ത്രിക്കെതിരായ കേരള ജനതയുടെ വികാരമുള്ളത്. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് പലരും പ്രധാനമന്ത്രിക്കെതിരേ പരിഹാസവും അതിനുപുറമെ വസ്തുതകളും ബോധ്യപ്പെടുത്തുന്നത്.
കണ്ണൂരിലെ പേരാവൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ചതായ വാര്‍ത്തയാണ് കേരളത്തെ സൊമാലിയയോട് ഉപമിക്കാന്‍ കാരണമായത്. ബിജെപി ഭരിക്കുന്ന ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിച്ചതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മറ്റാരെയും നാട്ടിലേക്ക് കയറ്റാതിരുന്നതുകൊണ്ട് ഗുജറാത്താണ് ലോകത്തിലെ ഏറ്റവും മികച്ച നാടെന്നായിരുന്നു പ്രധാനമന്ത്രിയാകുംവരെ മോദിയുടെ ധാരണയെന്നാണ് ചിലര്‍ പരിഹസിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷമാണ് മോദിക്ക് വിലക്കെല്ലാം നീങ്ങിയത്. അതേത്തുടര്‍ന്ന് ഓരോ നാടും നേരില്‍ക്കണ്ട് ബോധ്യപ്പെടാനാണ് അദ്ദേഹം ഈ ലോകമായ ലോകമെല്ലാം ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നതെന്നാണ് മറ്റുചിലര്‍ പരിഹസിക്കുന്നത്.
ചെല്ലുന്ന രാജ്യങ്ങളെല്ലാം എല്ലാക്കാര്യങ്ങളിലും ബഹുദൂരം മുന്നിലാണെന്ന് അദ്ദേഹത്തിന് മനസിലായപ്പോഴാണ് സൊമാലിയ എന്നു കേട്ടത്.
ഭയങ്കരമായ പ്രശ്‌നങ്ങള്‍ നടക്കുന്ന രാജ്യമായതിനാല്‍ അദ്ദേഹത്തിന് അങ്ങോട്ടു ഇതേവരെ പോകാനും പറ്റിയിട്ടില്ല. എന്നാല്‍ കേരളത്തെ അതിനോടുപമിച്ചേക്കാമെന്ന് കരുതിയാണ് ഇത്തരത്തിലൊരു ആക്ഷേപം ഉന്നയിച്ചത്. കേട്ടപാടെ സംഘിബേബികള്‍ അതെടുത്തുവച്ച് പോസ്റ്റിട്ട് കളിയ തുടങ്ങിയെന്നും സോഷ്യല്‍മീഡിയയില്‍ ആക്ഷേപിക്കുന്നു.
ബി.ജെ.പിയെ ജയിപ്പിച്ച് അധികാരത്തിലേറ്റിയാല്‍ കേരളം സ്വര്‍ഗമാക്കുമെന്ന വാഗ്ദാനങ്ങളൊക്കെത്തന്നെ മോദിയെ ജയിപ്പിച്ച് അധികാരത്തിലേറ്റിയതോടെ ജനങ്ങള്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. ഇനി കേരളം കൂടി വര്‍ഗീയത വിതച്ച് കുട്ടിച്ചോറാക്കാമെന്നാണ് വിചാരമെങ്കില്‍ പ്രബുദ്ധരായ ജനതയുള്ളിടത്തോളംകാലം കേരളത്തില്‍ അതു നടക്കില്ലെന്നും ആ പരിപ്പ് വേകാനുള്ള വര്‍ഗീയവിഷത്തീയൊന്നും ഇവിടെ ഉടനേയൊന്നും എരികയുമില്ലായെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ലോക്‌സഭയും സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റും മറ്റ് അംഗീകൃത ഏജന്‍സികളും ആംനെസ്റ്റിയും മറ്റും തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും പഠനങ്ങളും വല്ലപ്പോഴുമൊക്കെ വായിച്ചു നോക്കുന്നത് നല്ലതായിരിക്കുമെന്നും അതല്ലാതെ മോദി പറയുന്നതെല്ലാം അതേപോലെയെടുത്ത് വിഴുങ്ങരുതെന്നും സോഷ്യല്‍മീഡിയയില്‍ പറയുന്നു. മനുഷ്യവിഭവ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കേരളം 12ാം സ്ഥാനത്താണ്.
വീടുകള്‍ വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം അഞ്ചാം സ്ഥാനത്താണെങ്കില്‍ ഗുജറാത്ത് 11ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
സാക്ഷരതയില്‍ 18ാം സ്ഥാനത്തും ശിശുമരണനിരക്ക് തടയുന്നതില്‍ 25ാം സ്ഥാനത്തും ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് 14ാം സ്ഥാനത്തുമാണ് ഗുജറാത്തെന്നും വ്യക്തമാക്കുമ്പോള്‍ ഇക്കാര്യത്തിലെല്ലാം കേരളം ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരേ കടുത്ത വിമര്‍ശനം ഉയരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.