2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കേരളത്തില്‍ പുതിയൊരു പക്ഷിയെ കൂടി കണ്ടെത്തി

വി.എം.ഷണ്‍മുഖദാസ്

പാലക്കാട് : കേരളത്തിലെ പക്ഷികുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി. ശ്വേതകണ്ഠന്‍ (വിശറിവാലന്‍)എന്ന പക്ഷിയെയാണ് കണ്ടെത്തിയത്. കേരളത്തിലെ പക്ഷികളുടെ കൂട്ടത്തില്‍ 521ാമനാണ് ശ്വേതകണ്ഠന്‍(സ്‌പോട്ട് ബ്രെസ്റ്റഡ്,വൈറ്റ് സ്‌പോട്ട് ഫാന്റയില്‍) . പക്ഷി നിരീക്ഷകനും തൃശൂര്‍ കല്ലേറ്റുംകര സ്വദേശിയുമായ റാഫിയാണ് ഈ പക്ഷിയെ ആദ്യം കണ്ടത്. 2016 ഡിസംബര്‍ 10 ന് മലമ്പുഴ ജലാശയത്തിന് കിഴക്ക് ഭാഗത്തു അമൂര്‍ഫാല്‍ക്കണ്‍ എന്ന പക്ഷിയെ കണ്ടെത്തിയിരുന്നു. ഇതിനെ കാണാന്‍ റാഫിയും സുഹൃത്തും എത്തിയപ്പോഴാണ് ഇതുവരെ കാണാത്ത പക്ഷിയെ കണ്ടെത്തിയത്. അന്ന് ഈ പക്ഷിയെയും അതിന്റെ ചലനങ്ങളും കാമറയില്‍ പകര്‍ത്തുകയും പിന്നീട് പക്ഷികളെക്കുറിച്ച് പഠനം നടത്തുന്ന ‘ഈ ബേര്‍ഡ്’ എന്ന വെബ്‌സൈററില്‍ അപ്‌ലോഡ് ചെയ്തു. പക്ഷിയുടെ വര്‍ഗീകരണത്തിനായി പ്രശസ്ത പക്ഷിനിരീക്ഷകരുടെ അഭിപ്രായത്തിനായി കാത്തിരുന്നു . രണ്ടു വര്‍ഷമായിട്ടും ഒരു വിവരവും കിട്ടിയില്ല.പിന്നീട് ഇന്ത്യയിലെ പ്രശസ്ത പക്ഷിനിരീക്ഷകരായ അശ്വിന്‍ വിശ്വനാഥ്് ,ജെ.പ്രവീണ്‍ എന്നിവരാണ് ഈ പക്ഷിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ 11 വര്‍ഷമായി പക്ഷികളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന റാഫി കല്ലേറ്റുംകര കഴിഞ്ഞ വര്‍ഷം മുരിയാട് തൊമ്മാനം കോള്‍പ്പാടത്തു നിന്ന് ഹരിതത്തി (ഈസ്റ്റര്‍ മാഷ് ഹാരിയര്‍ ), ചാവക്കാട് ഏനാമാവ് കോള്‍പ്പാടത്ത് ബാര്‍ബ്ലര്‍(ഓര്‍ഫന്‍ ബാര്‍ബ്ലര്‍ ) എന്നീ പക്ഷികളെയും കണ്ടെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.