2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ മറവില്‍ സഹകരണ മേഖലയെ ശ്വാസംമുട്ടിക്കുകയാണ്. കേന്ദ്ര ധനകാര്യമന്ത്രിയെ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ റിസര്‍വ് ബാങ്ക് പിന്നീട് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സഹകരണ ബാങ്കുകള്‍ക്ക് പണം മാറ്റിനല്‍കാന്‍ അനുമതി നല്‍കിയില്ല. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹകരണബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന് പറയുന്നത് അസംബന്ധമാണ്. സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് കേന്ദ്രത്തിന്റേത്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഇതിന് തെളിവാണ് ബിജെപി നേതാക്കളുടെ പ്രസ്താവനയെന്നും പിണറായി പറഞ്ഞു.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന ബിജെപി നേതാക്കളുടെ അഭിപ്രായം ശരിയല്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് നാട്ടില്‍ സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ പാടില്ല. കള്ളപ്പണം ഉണ്ടെങ്കില്‍ നിയമപരമായ പരിശോധനകള്‍ നടത്തി അവ കണ്ടെത്തണം. അതിന് ആരും തടസമല്ല. റിസര്‍വ്വ് ബാങ്കിന്റെ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയെ സംരക്ഷിക്കാന്‍ നടപടികള്‍ വേണമെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.